ad
Deshabhimani

print edition 153 എയ്‌ഡഡ്‌ കോളേജുകളിൽ ബിരുദകോഴ്‌സ്‌; വൻ അഴിമതിക്ക്‌ നീക്കം

course

പ്രതീകാത്മകചിത്രം

avatar
പി വി ജീജോ

Published on Sep 19, 2026, 01:01 AM | 1 min read

കോഴിക്കോട്‌ : 153 എയ്‌ഡഡ്‌ കോളേജുകളിൽ ചട്ടംലംഘിച്ച്‌ പുതിയ കോഴ്‌സ്‌ അനുവദിക്കാനുള്ള സർക്കാർ തീരുമാനം വൻ അഴിമതിക്ക്‌ കളമൊരുക്കൽ. അധ്യാപക നിയമനത്തിലും പ്രവേശനത്തിലുമായി കോടികൾ സന്പാദിക്കാൻ അവസരമൊരുക്കിയാണ്‌ സ്വകാര്യ കോളേജുകൾക്ക്‌ ബിരുദകോഴ്‌സ്‌ അനുവദിക്കുന്നത്‌. ചട്ടങ്ങളും യുജിസി മാനദണ്ഡവും മറികടന്നാണ്‌ നീക്കം. പുതുതലമുറ കോഴ്‌സുകൾ മാത്രം അനുവദിക്കാനുള്ള എൽഡിഎഫ്‌ സർക്കാരിന്റെ തീരുമാനം അട്ടിമറിച്ച്‌ പരന്പരാഗത ഭാഷാ–മാനവിക കോഴ്‌സുകൾ തുടങ്ങാനാണ്‌ അനുമതി.

വിദേശത്ത്‌ പോകുന്ന വിദ്യാർഥികളെ ആകർഷിക്കാനും പ്രതിഭാപലായനം (ബ്രെയിൻ ഡ്രെയിൻ) തടയാനും ലക്ഷ്യമിട്ട്‌ പുതുതലമുറ കോഴ്‌സുകൾ അനുവദിക്കാൻ മാർച്ച്‌ 14നായിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചത്‌. എന്നാൽ യുഡിഎഫ്‌ ഭരണമേറ്റതോടെ, സെപ്‌തംബർ ആദ്യമിറക്കിയ ഉത്തരവിൽ ഇത്‌ കാറ്റിൽപ്പറത്തി. പൊളിറ്റിക്കൽ ഹിസ്റ്ററി, കൊമേഴ്‌സ്‌, അറബിക്‌, ഇക്കണോമിക്‌സ്‌, ഹിസ്റ്ററി തുടങ്ങിയ കോഴ്‌സുകളാണ്‌ അനുവദിച്ചതിലേറെയും.


പരന്പരാഗത കോഴ്‌സുകളിൽ അധ്യാപക തസ്‌തികകളിൽ മാനേജ്‌മെന്റുകൾക്ക്‌ വൻകച്ചവടത്തിന്‌ അവസരമുണ്ട്‌. എയ്‌ഡഡ്‌ കോളേജ്‌ മാനേജ്‌മെന്റുകളുടെ കൂട്ടായ്‌മ മുഖ്യമന്ത്രി വി ഡി സതീശനെ കണ്ട്‌ സമ്മർദം ചെലുത്തിയാണ്‌ ഇത്തരം കോഴ്‌സുകൾക്ക്‌ അനുമതി നേടിയെടുത്തത്‌. ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണിന്റെ അടുപ്പക്കാരും മാനേജ്‌മെന്റുകളുടെ കൺസോർഷ്യവും കൂടിയാലോചിച്ച്‌ കോടികളുടെ ഇടപാടിന്‌ അരങ്ങൊരുക്കിയത്‌.


യുജിസി വ്യവസ്ഥയും 
അട്ടിമറിച്ചു


​പുതിയ കോഴ്‌സ്‌ തുടങ്ങാൻ 15 മുതൽ 35 ലക്ഷംവരെ സാന്പത്തിക ഉറപ്പ്‌ (ഫിനാൻസ്‌ ഗ്യാരന്റി) വേണമെന്ന യുജിസി വ്യവസ്ഥയും അട്ടിമറിച്ചു. യുഡിഎഫ്‌ സർക്കാർ 15 ലക്ഷമാക്കി വെട്ടിക്കുറച്ചു. ഇതുവഴി ഖജനാവിന്‌ 100 കോടിയോളം രൂപ നഷ്‌ടമാകും. കോഴ്‌സിന്‌ അപേക്ഷിക്കുന്ന കോളേജുകൾ പരിശോധിക്കാനുള്ള സർവകലാശാല സമിതി രൂപീകരിച്ചതിലും ക്രമക്കേടുണ്ട്‌. മാനേജ്‌മെന്റുമായി ബന്ധമുള്ള സിൻഡിക്കറ്റംഗത്തെ ഉൾപ്പെടുത്തിയാണ്‌ പല സർവകലാശാലകളിലും പരിശോധനാസമിതി. വിഷയവിദഗ്‌ധരെയടക്കം ഒഴിവാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home