കടൽ മണൽ ഖനനം : മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് , 30ന് രാജ്‌ഭവൻ മാർച്ച്

തിരുവനന്തപുരം
കടൽ മണൽ ഖനനവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ 30ന് രാജ്‌ഭവനിലേക്ക് മാർച്ച് നടത്തും.
മത്സ്യസമ്പത്തിനും ആഴക്കടലിലെ ജൈവവൈവിധ്യത്തിനും കനത്ത ആഘാതം ഏൽപ്പിക്കുന്ന മണൽ ഖനന നീക്കവും ആഴക്കടൽ മത്സ്യബന്ധനത്തിന് കപ്പലുകൾക്ക് അനുമതി കൊടുക്കുന്ന തീരുമാനവും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ഫെഡറേഷൻ പ്രസിഡന്റ് കൂട്ടായി ബഷീറും ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎയും പ്രസ്‌താവനയിൽ അറിയിച്ചു. ഖനനത്തിനെതിരെ നിയമസഭ ഐകകണേ്ഠ്യന പ്രമേയം പാസാക്കി കേരളത്തിന്റെ വികാരം അറിയിച്ചിട്ടും, വൻകിട കോർപ്പറേറ്റുകൾക്ക് കടൽ തീറെഴുതി കൊടുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. ലക്ഷക്കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്ന നയത്തിനെതിരായ പോരാട്ടത്തിൽ മുഴുവൻ മത്സ്യത്തൊഴിലാളികളും അണിനിരക്കണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.









0 comments