print edition വന്ദേമാതരം പൂർണമായി ആലപിക്കൽ; തീരുമാനം സതീശന്റേത്


സ്വന്തം ലേഖകൻ
Published on Aug 10, 2026, 01:45 AM | 1 min read
തിരുവനന്തപുരം: ദേശീയഗീതമായ വന്ദേമാതരം സ്വാതന്ത്ര്യദിനാഘോഷത്തിൽ പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശന്റെ അറിവോടെ. ഭരണതലത്തിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയോട് ലോക്‌ഭവൻ നിർദേശിച്ചാലും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയേ തീരുമാനമെടുക്കൂ. സർക്കാര്‍ നയമാണ് ചീഫ് സെക്രട്ടറി നടപ്പാക്കുക.
ഇക്കാര്യത്തിൽ നിർദേശം നൽകിയില്ലെന്നാണ് ലോക്‌ഭവന്റെ വാദം. ലോക്‌ഭവൻ നിർദേശിച്ചാലും ചീഫ് സെക്രട്ടറി നേരിട്ട് കത്ത് നൽകുന്ന രീതിയില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റേതാണ് തീരുമാനം. വിവാദ ഉത്തരവ് യുഡിഎഫ് സർക്കാരും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഭാഗമെന്ന് ഇതോടെ വ്യക്തം. എന്നാൽ, എല്ലാം മറച്ചുവച്ച് ചീഫ് സെക്രട്ടറിയിലും ലോക്‌ഭവനിലും പഴിചാരി രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ നീക്കം.
വിഷയത്തിൽ പ്രതികരിക്കാനോ ചീഫ് സെക്രട്ടറിയെ തള്ളിപ്പറയാനോ മുഖ്യമന്ത്രി ഇനിയും തയ്യാറായിട്ടില്ല. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി വീടുകളിൽ ത്രിവർണ പതാക ഉയർത്തണമെന്ന കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിർദേശം ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് വന്ദേമാതരം പൂര്‍ണമായും പാടണമെന്ന നിര്‍ദേശത്തോടെയുള്ള കത്ത് അയച്ചത്. ഇതിനുപിന്നാലെ തദ്ദേശഭരണ വകുപ്പ് ഉത്തരവുമിറക്കി. ഗവർണറുടെ നിർദേശപ്രകാരം ലോക്‌ഭവൻ ഇറക്കിയ ഉത്തരവാണെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചു. ലോക്‌ഭവൻ അത് നിഷേധിച്ചതോടെ സർക്കാരിന്റെ കള്ളക്കളി തെളിഞ്ഞു. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം പൂർണമായും ആലപിച്ചത് വിവാദമായിരുന്നു. അന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു ബിശ്വനാഥ് സിൻഹ. നേരത്തേ ചട്ടവിരുദ്ധമായി ഗവർണർ നേരിട്ട് ചില വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചില്ല. അന്നത്തെ ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ച് തടിതപ്പുകയായിരുന്നു.










0 comments