ഭാര്യയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി; ഭർത്താവിന് വധശിക്ഷ

death penalty

കൊല്ലപ്പെട്ട റഹീന, പ്രതി നജ്ബുദ്ദീൻ

avatar
സ്വന്തം ലേഖകൻ

Published on May 30, 2025, 08:34 PM | 2 min read

മഞ്ചേരി: യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്‌ വധശിക്ഷ. ഭാര്യ റഹീനയെ കൊലപ്പെടുത്തിയതിന്‌ പരപ്പനങ്ങാടി ചുടലപ്പറമ്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീൻ എന്ന ബാബു (44) വിനെയാണ് മരണം വരെ തൂക്കി കൊല്ലാൻ വിധിച്ചത്‌. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് എ വി ടെല്ലസ് ആണ്‌ ശിക്ഷ വിധിച്ചത്.


2017 ജൂലൈ 23നാണ് കേസിന്നാസ്പദമായ സംഭവം. സംശയം മൂലം ഭാര്യയായ റഹീന (30)യെ പ്രതിയുടെ ഉടമസ്ഥതയിലുള്ള അഞ്ചപ്പുര ബീച്ച് റോഡിലെ ഇറച്ചിക്കടയിൽ കൊണ്ടു പോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെയാണ്‌ കൊലപാതകം നടന്നത്‌. കശാപ്പുശാലയിൽ നിന്നും ഇറച്ചിക്കടയിലേക്ക് മാംസം കൊണ്ടു പോകാനെത്തിയ ജീവനക്കാരാണ് ആദ്യം മൃതദേഹം കാണുന്നത്. കൊല നടത്തിയ ശേഷം മൃതദേഹത്തിൽ നിന്നും 36.43 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ കറങ്ങി താനൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങവെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


2017 ജൂലൈ 25നാണ് പ്രതി അറസ്റ്റിലായത്. പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ പി ഷാജു 41 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 66 രേഖകളും 33 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലെയ്‌സൺ ഓഫീസർമാരായ പി അബ്ദുൽ ഷുക്കൂർ, ഷാജി മോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. താനൂർ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന സി അലവിയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.


302 വകുപ്പ് പ്രകാരം വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതിനു പുറമെ 404 വകുപ്പ് പ്രകാരം മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ കവർന്നതിന് അഞ്ചുവർഷം കഠിന തടവും 25000 രൂപ പിഴയുമുണ്ട്‌ . പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധിക തടവും അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക കൊല്ലപ്പെട്ട റഹീനയുടെ മാതാവ് സുബൈദക്ക് നൽകണം. ഇതിനു പുറമെ സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും റഹീനയുടെ മകനും മാതാവിനും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കോടതി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.





deshabhimani section

Related News

View More
0 comments
Sort by

Home