വിപഞ്ചികയുടെയും മകളുടെയും മരണം; മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്ന് അമ്മ

vipanjika death case

വിപഞ്ചിക, മകൾ വൈഭവി(ഇടത്), വിപഞ്ചികയുടെ അമ്മ ഷൈലജ(വലത്)

വെബ് ഡെസ്ക്

Published on Jul 16, 2025, 01:12 PM | 1 min read

കുണ്ടറ: വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ. മകളെ ഒരു നോക്കുകാണാൻ ഷാർജയിലെത്തിയ അമ്മയറിഞ്ഞത് അവരുടെ മൃതദേഹം സംസ്കരിക്കാൻ ഭർത്താവിന്റെ കുടുംബം ശ്രമങ്ങൾ നടത്തുന്നു എന്ന വാർത്തയാണ്.


കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാനുള്ള ശ്രമം ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് തടഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്ന വിപഞ്ചികയുടെ ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ്‌ നടപടി. മകളുടെ ഭർത്താവിന്റെയും വീട്ടുകാരുടെയും നിരന്തര പീഡനമാണ്‌ യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിനിടയാക്കിയതെന്ന അമ്മയുടെ പരാതിയിൽ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. നിലവിൽ ശാസ്താം കോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേരളപുരം പൂട്ടാണിമുക്ക് രജിതഭവനിൽ വിപഞ്ചിക (33), മകൾ വൈഭവി(ഒന്നര) എന്നിവരാണ്‌ ഷാർജയിൽ മരിച്ചത്‌. വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെതിരെ പൊലീസ് നടപടികൾക്കായി രക്തബന്ധത്തിൽപെട്ടവർ ഹാജരാകണമെന്ന്‌ അറബ് എമിറേറ്റ്സ് നിയമത്തിന്റെ അടിസ്ഥാനത്തിൽ അമ്മ ഷൈലജയും ബന്ധുവും കഴിഞ്ഞദിവസം ഷാർജയിലെത്തിയിരുന്നു. കാനഡയിൽനിന്ന്‌ സഹോദരൻ വിനോദും ഇവിടെയെത്തും.


യുഎഇ നിയമത്തിൽ മക്കളുടെ അവകാശം അച്ഛനായിരിക്കെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാൻ നിധീഷ് മോഹന് വിട്ടുനൽകിയിരുന്നു. ഇതിനിടെയാണ് വിപഞ്ചികയുടെ അമ്മ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കുഞ്ഞിനെ അമ്മയോടൊപ്പം നാട്ടിൽ സംസ്കരിക്കണമെന്ന്‌ ആവശ്യപ്പെട്ടത്. സംസ്‌കരിക്കാനായി ശ്മശാനത്തിലെത്തിച്ച കുട്ടിയുടെ മൃതദേഹം തിരികെ മോർച്ചറിയിലേക്കു മാറ്റാൻ കോൺസുലേറ്റ് അടിയന്തര നിർദേശം നൽകി.


നാട്ടിൽ കുണ്ടറ കേരളപുരത്തുള്ള വിപഞ്ചികയുടെ വീട്ടുവളപ്പിലോ അല്ലെങ്കിൽ നിധീഷ് മോഹനന്റെ കോട്ടയം പനച്ചിക്കാട്ടെ വീട്ടുവളപ്പിലോ ഒരുമിച്ചു സംസ്കരിക്കണമെന്ന അമ്മ ഷൈലജയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്‌. ഇതിനിടെ നിധീഷിനെ കാണാതായി. ഇയാളും അച്ഛൻ മോഹനനും സഹോദരി നീതുവും താമസിച്ചിരുന്ന ഫ്ലാറ്റ് പൂട്ടിയ നിലയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home