എയ്ഡഡ് സ്കൂൾ അധ്യാപികയുടെ ഭർത്താവിന്റെ മരണം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

റാന്നി: ശമ്പള കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്‌ച വരുത്തിയതിനെ തുടർന്ന് എയ്ഡഡ് സ്കൂൾ അധ്യാപികയുടെ ഭർത്താവ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പിഎ എൻ ജി അനിൽകുമാർ, സൂപ്രണ്ട് എസ് ഫിറോസ്, സെക്ഷൻ ക്ലർക്ക് ആർ ബിനി എന്നിവർക്കെതിരെയാണ് നടപടി. റാന്നി നാറാണംമൂഴി സെന്റ് ജോസഫ് എച്ച്എസ് അധ്യാപിക ലേഖ രവീന്ദ്രന്റെ ഭർത്താവ് നാറാണംമൂഴി വടക്കേചരുവിൽ ഷിജോ വി ത്യാഗരാജൻ(47) ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്. പരാതി ഉയർന്നതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി കണ്ടെത്തി. സ്കൂളിലെ പ്രധാന അധ്യാപികയെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ മാനേജ്‌മെന്റിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.
ഏകമകൻ വൈഷ്ണവിന്റെ എൻജിനിയറിങ് പഠനാവശ്യത്തിനായി പണം സ്വരൂപിക്കാനാവാത്ത വിഷമത്തിലാണ് വീടിന് തൊട്ടടുത്തുള്ള മൂങ്ങാംപാറ വനത്തിനുള്ളിൽ ഷിജോ തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ലേഖ നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിൽ 14 വർഷമായി അധ്യാപികയായി ജോലി ചെയ്യുകയാണ്. 2025 ജനുവരി ഏഴിനുള്ളിൽ ശമ്പളക്കുടിശ്ശിക കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ആകെ കിട്ടേണ്ട 85 ലക്ഷം രൂപയിൽ 93,000 രൂപയോളം മാത്രമാണ് ലഭിച്ചത്. ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ഡിഇ ഓഫീസിന് നേരത്തെ കർശന നിർദേശം നൽകിയിരുന്നു. എത്രയും വേഗം ബില്ല് മാറി നൽകാൻ സൂപ്രണ്ടിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഡിഇഒ ചുമതലപ്പെടുത്തിയെങ്കിലും അവർ അതിന് തയ്യാറായില്ലെന്നാണ് പരാതി. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജൻ- കോമളം ദമ്പതികളുടെ മകനാണ് ഷിജോ. സഹോദരൻ ഷിബിൻ രാജ്. സംസ്കാരം ബുധൻ പകൽ രണ്ടിന് വീട്ടുവളപ്പിൽ.
കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി
ഷിജോയുടെ മരണത്തിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. സംഭവം അത്യന്തം വേദനാജനകമാണ്. ഷിജോയുടെ അച്ഛനുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുടിശ്ശിക സംബന്ധിച്ച വിഷയം ശ്രദ്ധയിൽ വന്നയുടൻ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥതല വീഴ്‌ചയുണ്ടായതായി അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് തേടിയതായി മന്ത്രി
മലപ്പുറം: പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യയിൽ വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയതായി മന്ത്രി വി ശിവൻകുട്ടി. പ്രാഥമിക നടപടി ഉടൻ തന്നെയെടുക്കും. പരാതിയുമായി അധ്യാപികയുടെ കുടുംബം തന്നെ കാണാനെത്തിയതാണ്. ശമ്പളം നൽകണമെന്ന് നിർദേശം നൽകിയതുമാണ്. ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് പരിശോധിക്കും. വീഴ്ചയ്ക്ക് കാരണം ഓരോ സീറ്റിലും ഇരിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.








0 comments