ജീവനെടുക്കുന്ന സ്ഥലംമാറ്റം; ആളിക്കത്തി ജീവനക്കാരുടെ പ്രതിഷേധം

എഫ്എസ്ഇടിഒ യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം : ജീവനക്കാരെ ആത്മഹത്യയിലേക്കടക്കം തള്ളിവിടുന്ന അന്യായ സ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം ആളിക്കത്തി. എഫ്എസ്ഇടിഒ യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ജീവനക്കാരും അധ്യാപകരുമടക്കം നിരവധി പേർ പങ്കെടുത്തു. സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാതെ തോന്നിയതുപോലെയാണ് യുഡിഎഫ് സർക്കാർ സ്ഥലം മാറ്റുന്നതെന്നും കുഴഞ്ഞുവീണു മരിച്ച ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖ അന്യായ സ്ഥലംമാറ്റത്തിന്റെ ഇരയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സ്ഥലംമാറ്റത്തിന് എല്ലാ സംഘടനകളുടെയും അംഗീകാരത്തോടെ വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2017ൽ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനനുസരിച്ചാണ് എല്ലാവർഷവും പൊതുസ്ഥലം മാറ്റം നടത്തി വരുന്നത്. ഓൺലൈനിലൂടെയുള്ള സ്ഥലം മാറ്റമടക്കം നടപ്പാക്കി. ആ സ്ഥാനനത്താണ് ഇപ്പോൾ പതിനായിരക്കണക്കിന് ആളുകളെ അന്യായമായി സ്ഥലം മാറ്റുന്നത്. തോന്നിയതുപോലെയാണ് ഇവരെ സ്ഥലം മാറ്റുന്നത്.
ഹെൽത്ത് ഇൻസ്പെക്ടറായ ദീപലേഖ ഇതിന്റെ ഇരയാണ്. പല തവണ ദീപലേഖയെ സ്ഥലംമാറ്റി. വീണ്ടും സ്ഥലം മാറ്റിയപ്പോൾ ശാരീരിക ബുദ്ധിമുട്ടുകളടക്കം ചൂണ്ടിക്കാട്ടിയെങ്കിലും ഒന്നും കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നുള്ള മനോവിഷമത്തിലാണ് ദീപലേഖ കുഴഞ്ഞുവീണ് മരിക്കുന്നത്. സ്ഥലംമാറ്റത്തിന്റെ ഭാഗമായി സംഭവിച്ച മരണമാണിത്. പരിയാരം മെഡിക്കൽ കോളേജിലെ രാധാമണി ഡോക്ടർ ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. ഭരണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കാണ് സ്ഥലംമാറ്റലിലൂടെ യുഡിഎഫ് പ്രകടിപ്പിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
ജീവനക്കാരെ ആത്മഹത്യയിലേക്കും അകാല മരണത്തിലേക്കും തള്ളി വിടുന്ന സംസ്ഥാന അന്യായവും ചട്ടവിരുദ്ധവുമായ നടപടികൾ അവസാനിപ്പിക്കുക, സർക്കാരിന്റെ സ്ഥലംമാറ്റങ്ങൾ നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലംമാറ്റിയതിന്റെ ആഘാതത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പേരാണ് മരിച്ചത്. പരിഗണന അർഹിക്കുന്ന വിഭാഗങ്ങളെ പോലും മനുഷ്യത്വരഹിതമായി സ്ഥലം മാറ്റി ദ്രോഹിക്കുകയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ നിലവിലുള്ള മാനദണ്ഡങ്ങൾ ലംഘിച്ച് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്. അന്യായ സ്ഥലം മാറ്റങ്ങൾക്ക് പിന്തുണയുമായി മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നു. ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റി മരണത്തിലേക്ക് തള്ളിവിടുന്ന നടപടി അവസാനിപ്പിക്കണമെന്നും ആശാലതയുടെയും ദീപലേഖയുടെയും മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.










0 comments