ബാങ്ക് തട്ടിപ്പ്: 29,000 ദിനാറിലേറെ നഷ്‌ടം; ഈ വർഷം കുവൈത്തിൽ 26ൽ അധികം കേസ്

...
കുവൈത്ത് സിറ്റി : ഈ വർഷം ഇതുവരെ ബാങ്ക് തട്ടിപ്പും സാമ്പത്തിക വഞ്ചനയുമായി ബന്ധപ്പെട്ട 26ൽ അധികം കേസ് കുവൈത്തിൽ കൊമേഴ്സ്യൽ ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് പ്രോസിക്യൂഷന് ലഭിച്ചതായി റിപ്പോർട്ട്. സ്വദേശികളും പ്രവാസികളും ഇരകളായ കേസുകളിൽ ആകെ 29,207 ദിനാർ 497 ഫിൽസ് നഷ്ടപ്പെട്ടതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു.
വ്യാജ വെബ്സൈറ്റുകൾ, വ്യാജ ഓൺലൈൻ പരസ്യങ്ങൾ, പ്രമുഖരുടെയോ സ്ഥാപനങ്ങളുടെയോ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ, അക്കൗണ്ട് ഉടമകളുടെ അറിവോ അനുമതിയോ ഇല്ലാതെയുള്ള പണം പിൻവലിക്കൽ തുടങ്ങിയ രീതികളാണ് തട്ടിപ്പുകാർ പ്രധാനമായും ഉപയോഗിച്ചത്. സാധനം ബുക്ക് ചെയ്യാനോ വിവിധ സേവനത്തിനോ ഡെലിവറി ചാർജായി ചെറിയ തുക ആവശ്യപ്പെട്ടാണ് ചില തട്ടിപ്പുകൾക്ക് തുടക്കം. സർക്കാർ സ്ഥാപനങ്ങളുടെയോ പ്രമുഖ കമ്പനികളുടെയോ ഔദ്യോഗിക വെബ്സൈറ്റുകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സൈറ്റിളിലേക്ക് എത്തിച്ച് ബാങ്ക് വിവരങ്ങളും സ്ഥിരീകരണ കോഡും കൈക്കലാക്കിയ സംഭവങ്ങളുമുണ്ട്.
ഏറ്റവും വലിയ നഷ്ടം നേരിട്ടത് സ്വദേശിക്കാണ്. ഇയാളുടെ അറിവില്ലാതെ പലതവണയായി ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 6000 ദിനാർ പിൻവലിക്കപ്പെട്ടു. മറ്റൊരു കേസിൽ ബാങ്ക് ജീവനക്കാരനെന്ന വ്യാജേന സ്വദേശിയെ ബന്ധപ്പെട്ട തട്ടിപ്പുകാരൻ, വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ കാർഡ് ബ്ലോക്ക് ചെയ്യുമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് രണ്ട് ഇടപാടിലായി അക്കൗണ്ടിൽനിന്ന് 5000 ദിനാർ തട്ടിയെടുത്തു.
പ്രതികളെ കണ്ടെത്താനുള്ള നടപടികൾ കുറ്റാന്വേഷക വിഭാഗം തുടരുകയാണ്. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണമെത്തിയ ബാങ്ക് അക്കൗണ്ടും സാമ്പത്തിക ഇടപാടുകളുടെ പാതയും കേന്ദ്രീകരിച്ചാണ് അന്വേഷണം. നടപടി പൂർത്തിയാക്കിയ ചില കേസ് അവസാനിപ്പിച്ചിട്ടുണ്ട്. മറ്റുകേസിൽ അന്വേഷണം തുടരുകയാണ്.
വ്യാജ ലിങ്കുകളും വെബ്സൈറ്റുകളും ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ സ്വദേശികളും പ്രവാസികളും അതീവ ജാഗ്രത പാലിക്കണം. ബാങ്ക് കാർഡ് വിവരങ്ങൾ, പാസ്‌വേഡ്, ഒടിപി ഉൾപ്പെടെയുള്ള സ്ഥിരീകരണ കോഡുകൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത്. സർക്കാർ സ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ പേരിലുള്ള ലിങ്കുകൾ ലഭിച്ചാലും അവയുടെ ആധികാരികത ഉറപ്പാക്കിയശേഷം മാത്രമേ ബാങ്ക് വിവരങ്ങൾ നൽകാവൂ എന്ന് അധികൃതർ അറിയിച്ചു.










0 comments