"ഉപഭോക്തൃ ഫോറങ്ങൾ വിരമിച്ചവര്‍ക്കുള്ള സുഖവാസ കേന്ദ്രങ്ങളായി മാറരുത്" സുപ്രീം കോടതി

ന്യൂഡൽഹി: കൺസ്യൂമര്‍ കമ്മീഷനുകളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിൽ കടുത്ത ആശങ്ക പ്രകടമാക്കി സുപ്രീം കോടതി. പരാതികൾ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ മേഖല, സര്‍ക്യൂട്ട് ബെഞ്ചുകൾ സ്ഥാപിക്കുന്നത് പരിഗണിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
കൺസ്യൂമര്‍ അവകാശങ്ങൾ ഏറ്റവും അധികം അവഗണിക്കപ്പെടുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഇടപെടൽ വലിയ ചര്‍ച്ചയാവുകാണ്. ഒരു കാലത്ത് ഉപഭോക്തൃ ഫോറങ്ങളും സമിതികളും ബോധവൽക്കരണ പരിപാടികളുമായി സജീവമായിരുന്നു. പ്രാദേശിക തലത്തിൽ പോലും ഇതിനായുള്ള കൂട്ടയ്മകളും നിയമ സഹായ സംവിധാനങ്ങളും പ്രവര്‍ത്തിച്ചു. എന്നാൽ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ഈ അവകാശ മേഖല തന്നെ അവഗണിക്കപ്പെടുകയും ശ്രദ്ധയിൽ നിന്നും മാറിയ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു.
അതേ സമയം ഉപഭോക്തൃ ഉൽപന്നങ്ങളിലും സേവനങ്ങളിലും പലപ്പോഴും അവയുടെ ഉത്പാദകര്‍ക്കും വിതരണക്കാര്‍ക്കും പൂര്‍ണ്ണ മേധാവിത്തം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. നിയമ നിര്‍മാണങ്ങളിൽ നിന്നുവരെ ഉപഭോക്താക്കൾ പുറത്താവുന്ന സാഹചര്യമായി. നിയമങ്ങൾ കടലാസിൽ ഭദ്രവും ശക്തവുമാണെന്ന് വാദിക്കുമ്പോഴും ഉപഭോക്താക്കൾക്ക് നിയമ പരിഹാരങ്ങൾ വെല്ലുവിളിയും വിദൂര സാധ്യതയുമായി.
പരാതികൾ പരിഹരിക്കാതെ കൂമ്പാരമായി
ഉപഭോക്തൃ ഫോറങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ ദാരുണമായ അവസ്ഥയും വര്‍ഷങ്ങളോളമായി കേസുകൾ വിചാരണ പോലും നടക്കാതെ കെട്ടികിടക്കുന്ന അവസ്ഥയും സുപ്രീം കോടതി നേരിട്ട് പരിഗണിക്കയായിരുന്നു. എൻസിഡിആര്‍സിയിൽ നിലവിൽ 2018-19 ലെ കേസുകളാണ് പരിഗണിക്കുന്നതെന്നും ഒരിക്കൽ മാറ്റിവെച്ചാൽ ഒരു വര്‍ഷം കഴിഞ്ഞാണ് പരിഗണിക്കുന്നതെന്നും കോടതിയുടെ ശ്രദ്ധയിൽ എത്തി. ഈ രംഗത്തെ പ്രവര്‍ത്തകരും മാധ്യമവാര്‍ത്തകളും കോടതിയെ സാഹചര്യങ്ങൾ ബോധിപ്പിച്ചു.
പരാതികളുമായി സാധാരണ ഉപഭോക്താക്കൾക്ക് ഡൽഹി വരെ വരേണ്ടി വരരുതെന്നും ഉപഭോക്തൃ ഫോറങ്ങൾ ഉപഭോക്താക്കളുടെ അടുത്തേക്ക് എത്തണമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഓര്‍മപ്പെടുത്തി.
പെര്‍ഫോമൻസ് ഓഡിറ്റിന് നിര്‍ദ്ദേശം
ഉപഭോക്തൃ കമ്മീഷനുകൾ വിരമിച്ച ജുഡീഷ്യൽ ഓഫീസര്‍മാര്‍ക്കുള്ള സുഖവാസ കേന്ദ്രങ്ങളാവരുത് എന്ന് കോടതി ഓര്‍മപ്പെടുത്തി. മാത്രമല്ല സംസ്ഥാന ജില്ലാ ഉപഭോക്തൃ കമ്മീഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്താൻ പെര്‍ഫോമൻസ് ഓഡിറ്റ് നടത്താനും നിര്‍ദ്ദേശിച്ചു.
നിലവിലുള്ള ആകെ കേസുകൾ, ലഭിച്ച പരാതികൾ, കേസുകൾ തീർപ്പാക്കുന്നതിന്റെ ശരാശരി നിരക്ക്, അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കിൽ അതിന്റെ ആവശ്യകത എന്നിവ അടങ്ങിയ റിപ്പോർട്ട് രണ്ട് ആഴ്ചയ്ക്കകം സമർപ്പിക്കാൻ NCDRC ചെയർമാനോട് ആവശ്യപ്പെട്ടു.










0 comments