ad
Deshabhimani

ബംഗ്ലാദേശിന് മുന്നിൽ ഓസ്‌ട്രേലിയ തകർന്നു; ഒന്നാം ഇന്നിങ്സിൽ 198 റൺസിന് പുറത്ത്, ഹസൻ മഹ്‌മൂദിന് ആറ് വിക്കറ്റ്

Bangla

Photo:Getty Images

വെബ് ഡെസ്ക്

Published on Aug 13, 2026, 03:47 PM | 1 min read

ഡാർവിൻ : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ തകർന്നടിഞ്ഞു. ഒന്നാം ഇന്നിങ്‌സിൽ 198 റൺസിന് ഓൾഔട്ടായി. ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 2017ൽ മിർപൂരിൽ നേടിയ 217 റൺസായിരുന്നു ഇതിന് മുമ്പത്തെ കുറഞ്ഞ സ്‌കോർ.


ബംഗ്ലാദേശിനായി ഹസൻ മഹ്‌മൂദാണ് ഓസീസ് ബാറ്റിങ് നിരയെ തകർത്തത്. 17 ഓവറിൽ 55 റൺസ് വഴങ്ങി താരം ആറു വിക്കറ്റ് വീഴ്ത്തി. ജേക്ക് വെതെറാൾഡിനെ 23 റൺസിന് പുറത്താക്കിയാണ് ഹസൻ വിക്കറ്റ് വേട്ട തുടങ്ങിയത്. ഓസ്‌ട്രേലിയക്കെതിരെ ഒരു ബംഗ്ലാദേശ് ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.


2006ൽ അബ്ദുർ റസാഖ് നേടിയ 5/62 എന്ന പ്രകടനമാണ് ഹസൻ മറികടന്നത്. 15 ടെസ്റ്റുകളിൽ നിന്ന് ഹസന്റെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ട്രാവിസ് ഹെഡ് (22), സ്റ്റീവൻ സ്മിത്ത് (71), പാറ്റ് കമിൻസ് (9), മിച്ചൽ സ്റ്റാർക്ക് (1), നഥാൻ ലിയോൺ (7) എന്നിവരെയും താരം പുറത്താക്കി.


സ്റ്റീവൻ സ്മിത്ത് മാത്രമാണ് ഓസീസ് നിരയിൽ ചെറുത്തുനിന്നത്. കാമറൂൺ ഗ്രീൻ (13), അലക്സ് കാരി (19), ബ്യൂ വെബ്സ്റ്റർ (12), മാർനസ് ലബുഷെയ്ൻ (1) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ടസ്‌കിൻ അഹമ്മദും മെഹിദി ഹസൻ മിറാസും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.


ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇടങ്കയ്യൻ ബൗളറായി ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് മാറി. ഷാദ്മാൻ ഇസ്ലാമിനെ പുറത്താക്കിയതോടെ സ്റ്റാർക്ക് 434 ടെസ്റ്റ് വിക്കറ്റിലെത്തി. 433 വിക്കറ്റ് നേടിയ ശ്രീലങ്കൻ സ്പിന്നർ രംഗന ഹെറാത്തിന്റെ റെക്കോഡാണ് താരം മറികടന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 24 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home