വാർത്താവിലക്കിൽ രാഹുൽഗാന്ധി പ്രതികരിക്കണം; മോദി തോറ്റുപോയെന്ന് സതീശൻ ഓർക്കണം: എ എ റഹിം

എ എ റഹിം
ന്യൂഡൽഹി: മെറ്റയെ ഉപയോഗിച്ച് തങ്ങൾക്ക് അനുകൂലമല്ലാത്ത വാർത്തകളും ഉള്ളടക്കങ്ങളും യുഡിഎഫ് സർക്കാർ വിലക്കുന്നതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിക്കണമെന്ന് എ എ റഹിം എംപി പറഞ്ഞു. അതീവ ഗൗരവതരമായ വിഷയമാണ് ഇത്. ഇതുവരെ നരേന്ദ്രമോദിക്കും സംഘപരിവാറിനും മെറ്റയിൽനിന്ന് ലഭിച്ചിരുന്ന ആനുകൂല്യം എങ്ങനെയാണ് മുഖ്യമന്ത്രി വി ഡി സതീശന് ലഭിച്ചതെന്ന് വ്യക്തമാക്കണം. കോൺഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഈ നടപടിയെന്ന് മറുപടി നൽകണമെന്നും റഹിം മാധ്യമങ്ങളോട് പറഞ്ഞു.
വിമർശനങ്ങളോട് അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയ്ക്ക്. തനിക്കെതിരായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ മോദി മെറ്റയെ ദുരുപയോഗിച്ചു എന്ന് ആരോപിച്ചിരുന്ന കോൺഗ്രസ്, സതീശന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. മെറ്റയെ കൂടെക്കൂട്ടി യുവജനപ്രക്ഷോഭത്തെ നശിപ്പിച്ചുകളയാമെന്നായിരുന്നു മോദി കരുതിയത്. എന്നാൽ പ്രക്ഷോഭത്തിന് മുന്നിൽ മോദി തോറ്റുപോയി എന്ന് സതീശൻ ഓർക്കണം. സംഘപരിവാറിന് വേണ്ടപ്പെട്ടവർക്കുവേണ്ടി മാത്രമാണ് മെറ്റ ഇത്തരത്തിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നത്. തനിക്കെതിരായ വിമർശനങ്ങൾ ഇതുകൊണ്ട് അവസാനിക്കുമെന്ന് സതീശൻ കരുതരുത്.
പാർലമെന്റിൽ ബിജെപി എംപി സുഷ്മിതാ ദേവ് നടത്തിയ ലുങ്കിവാല അധിക്ഷേപ പരാമർശത്തിലൂടെ സംഘപരിവാറിന്റെ ദളിത് വിരുദ്ധ മനസ് പുറത്തുവന്നു. ഓരോദിവസവും അത് കൂടുതൽ വെളിച്ചത്തുവരുന്നു. അങ്ങേയറ്റം അപലപനീയമായ പരാമർശമാണ് എംപി നടത്തിയതെന്നും റഹിം പറഞ്ഞു.









0 comments