ഹാളൻഡിന്റെ ചിത്രമുള്ള പാക്കറ്റുകളിൽ 469 കിലോ കൊക്കെയ്ൻ പിടികൂടി; വില 187 കോടി രൂപ

ഇക്വഡോർ: നോർവീജിയൻ ഫുട്ബോൾ സൂപ്പർ താരം എർലിംഗ് ഹാളൻഡിന്റെ ചിത്രം പതിച്ച വലിയ കൊക്കെയ്ൻ ശേഖരം ഇക്വഡോർ പൊലീസ് പിടിച്ചെടുത്തു. കൊളംബിയൻ അതിർത്തിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ട്രക്കിൽ കടത്തുകയായിരുന്ന 469 കിലോഗ്രാം കൊക്കെയ്ൻ പൊലീസ് കണ്ടെടുത്തത്.
പാൻ-അമേരിക്കൻ ഹൈവേയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, ട്രക്കിന്റെ അടിഭാഗത്ത് പ്രത്യേകം തയാറാക്കിയ രഹസ്യ അറയിൽ നിന്നാണ് 370 പച്ച പാക്കറ്റുകൾ കണ്ടെടുത്തത്. പിടിച്ചെടുത്ത പച്ച പാക്കറ്റുകളിൽ ഹാളൻഡിന്റെ ചിത്രം വ്യക്തമായി കാണാവുന്ന സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെയും കൊളംബിയൻ രഹസ്യരേഖകളുള്ള മാരിയ ആർ എന്ന സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് യുഎസ് വിപണിയിൽ ഏകദേശം 11 മില്യൻ ഡോളറിലധികം (187 കോടി രൂപ) വില വരും. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 80 ടണ്ണിലധികം മയക്കുമരുന്നാണ് ഇക്വഡോർ അധികൃതർ പിടിച്ചെടുത്തത്.
മയക്കുമരുന്ന് കടത്തുസംഘങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഏത് ക്രിമിനൽ നെറ്റ്‌വർക്കിന്റേതാണെന്നും ഏത് ക്ലയിന്റിലേക്കാണ് പോകുന്നതെന്നും തിരിച്ചറിയാൻ പ്രശസ്ത കായികതാരങ്ങളുടെയോ മറ്റ് പ്രമുഖരുടെയോ ചിത്രങ്ങളും പേരുകളും ലേബലുകളായി ഉപയോഗിക്കുന്നത് പതിവാണ്. മുൻപ് അർജന്റീന താരം ലയണൽ മെസ്സിയുടെ ചിത്രവും ഇത്തരത്തിൽ കൊക്കെയ്ൻ പാക്കറ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്.










0 comments