ആശ്രയയ്‌ക്ക് വീണ്ടും കേളിയുടെ കൈത്താങ്ങ്

റിയാദ് : തലശേരിയിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ആശ്രയ സാന്ത്വന കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വീണ്ടും സഹായഹസ്തവുമായി കേളി കലാസാംസ്കാരിക വേദി. തുടർച്ചയായ മൂന്നാം വർഷമാണ് ആശ്രയയ്ക്ക് കേളി സഹായം നൽകുന്നത്. ആശ്രയയിൽ നടന്ന ചടങ്ങിൽ കേളി ജോയിന്റ് ട്രഷറർ സിംനേഷ് വയനാൻ, ആശ്രയ ചെയർമാൻ ഒ വി മുഹമ്മദ് മുസ്തഫയ്ക്ക് മൂന്നാം വർഷത്തേക്കുള്ള സഹായധനം കൈമാറി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുന്ന ആശ്രയയുടെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സഹായം തുടരുന്നത്.
കേളി കേന്ദ്ര കമ്മിറ്റിയംഗവും ഒലയ്യ ഏരിയ സെക്രട്ടറിയുമായ നൗഫൽ ഉള്ളാട്ടുചാലി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും ആശ്രയ വർക്കിങ് ചെയർമാനുമായ എ എൻ ഷംസീർ, ആശ്രയ സെക്രട്ടറി കെ അച്ചുതൻ, എസ് കെ അർജുൻ, വിജയൻ വെളിമ്പ്ര, രജത് ചന്ദ്ര, കേളി കുടുംബവേദി അംഗങ്ങളായ നിവ്യ, അഫ്‍ഷീന തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ഘട്ടങ്ങളിലായി കഴിഞ്ഞ രണ്ടുവർഷം ഭക്ഷണച്ചെലവിനാവശ്യമായ തുക കേളി നേരത്തേ ആശ്രയയ്ക്ക് നൽകിയിരുന്നു. മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കായി എത്തുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിച്ച് ചികിത്സ തുടരാനുള്ള സൗകര്യമൊരുക്കാൻ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ-്‌ണന്റെ നേതൃത്വത്തിലാണ് ആശ്രയ സാന്ത്വന കേന്ദ്രത്തിന് തുടക്കമിട്ടത്. ചികിത്സയുടെ ഭാഗമായി ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് ആശ്രയ ഒരുക്കുന്നത്. ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ ചികിത്സാ കാലയളവിലെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ-്‌ക്കാനും സ്ഥാപനം സഹായിക്കുന്നു. ഇത്തരം സാമൂഹിക ഇടപെടലുകൾക്ക് പ്രവാസി സംഘടനകളുടെ പിന്തുണ ലഭിക്കുന്നത് ആശ്രയയുടെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നുണ്ടെന്ന് ചെയർമാൻ ഒവി മുഹമ്മദ് മുസ്‌തഫ പറഞ്ഞു.










0 comments