രേഖ പുറത്ത്
വിജയന്റെ കടബാധ്യത അറിയില്ലെന്ന ഡിസിസി വാദം പൊളിഞ്ഞു

സ്വന്തം ലേഖകൻ
Published on Jan 05, 2025, 11:10 PM | 1 min read
കൽപ്പറ്റ കോൺഗ്രസ് നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നത് അറിയില്ലെന്ന നേതൃത്വത്തിന്റെ വാദം പൊളിഞ്ഞു. സ്ഥലംവിൽക്കാൻ വിജയൻ തയ്യാറാക്കിയ കരാറിൽ സാക്ഷി ഒപ്പിട്ടത് ഡിസിസി വൈസ് പ്രസിഡന്റ് ഒ വി അപ്പച്ചനാണെന്ന വിവരം പുറത്തായി. 2022 ഏപ്രിൽ 29ന് എഴുതിയ കരാറിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. മേപ്പാടി നത്തംകുനി സ്വദേശിയുമായിയായിരുന്നു വസ്‌തുവിൽപ്പന കരാർ.
കോൺഗ്രസ് നേതാക്കൾ നിയമനം വാഗ്‌ദാനംചെയ്‌ത് കോടികൾ കോഴവാങ്ങിയതിന്റെ ഇടനിലനിന്നാണ് വിജയന് കടബാധ്യതയുണ്ടായതെന്നാണ് ആക്ഷേപം. എന്നാൽ കടബാധ്യതയുടെ കാര്യം അറിയില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ നേരത്തെ പറഞ്ഞത്. ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഡിസിസി വൈസ് പ്രസിഡന്റുതന്നെ ഒപ്പിട്ട കരാർ പുറത്തായതോടെ കോൺഗ്രസ് നേതൃത്വം പറയുന്നത് കളവാണെന്ന് കൂടുതൽ വ്യക്തമായി.
മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നേതാക്കളുമായി വിജയൻ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺരേഖകളുടെ പരിശോധനയിൽ അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. ബാധ്യത തീർക്കാനായി പലരോടും പണംതിരികെ ആവശ്യപ്പെട്ടു. ലഭിക്കാതെ വന്നതോടെയാണ് മകനോടൊപ്പം ജീവനൊടുക്കിയത്. 18 ബാങ്കിൽ ഇടപാടുള്ള ഇദ്ദേഹത്തിന് മൂന്നിടത്ത് മാത്രം ഒന്നരക്കോടിയോളം രൂപയുടെ ബാധ്യതയുണ്ട്.










0 comments