ഡിസിസിയിലേക്കില്ലെന്ന് നേതാക്കൾ : അഴിച്ചുപണി കീറാമുട്ടിയാകും

കോണ്‍ഗ്രസ്സ്
തിരുവനന്തപുരം:
സംഘടനാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കീറാമുട്ടിയാകും. ഒഴിഞ്ഞുകിടക്കുന്ന ട്രഷറർ ഉൾപ്പെടെ സ്ഥാനങ്ങളും മാറ്റി നിയമിക്കേണ്ടവരുമുൾപ്പെടെ കെപിസിസിയിൽ തന്നെ വലിയൊരു ടീമിനെ കൊണ്ടുവരേണ്ടതുണ്ട്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ മറ്റ് സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പെടെ അറുപതിലധികം പേരെ വേണം നിയമിക്കാൻ. കെ സുധാകരനെ പിണക്കാൻ ഇപ്പോൾ കഴിയില്ലെന്നതിനാൽ നിലവിൽ ജനറൽ സെക്രട്ടറിമാരായ ചിലരെകൂടി ഉൾപ്പെടുത്താൻ സണ്ണി ജോസഫ് നിർബന്ധിതനാകും.
തിങ്കളാഴ്‌ച ചുമതലയേറ്റാലുടൻ ഇതുസംബന്ധിച്ച ചർച്ചകളിലേക്ക് കടക്കുമെന്നാണ് സൂചന.
കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് ചില ഉപജാപക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സുധാകരൻ അടക്കം മുമ്പ് പരാതിപ്പെട്ടിട്ടുണ്ടെന്നതിനാൽ അവരെ കൈകാര്യം ചെയ്യലും പുതിയ നേതൃത്വത്തിനു മുന്നിലെ വെല്ലുവിളിയാണ്.
നിയമസഭയിലേക്ക് മത്സരിക്കാൻ ലക്ഷ്യമിട്ട് പല ഡിസിസി പ്രസിഡന്റുമാരും കസേര ഒഴിയാൻ തയ്യാറായി നിൽക്കുന്നു. പകരം പലരുടെയും പേര് ഉയരുന്നുണ്ടെങ്കിലും സീറ്റ് മോഹമുള്ളതിനാൽ അവരും പ്രസിഡന്റാകാനില്ലെന്ന നിലപാടിലാണ്.
ഡിസിസി പ്രസിഡന്റാകുന്നവർ മൂന്നു വർഷത്തേക്ക് മത്സരിക്കാൻ പാടില്ലെന്നന്ന് എഐസിസി നിർദേശമുണ്ട്.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വി എസ് ശിവകുമാറിന്റെയും ശബരീനാഥിന്റെയും പേരുകൾ കേട്ടെങ്കിലും ഇരുവരും മത്സരിക്കാൻ തയ്യാറെടുത്ത് നിൽക്കുകയാണ്. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്‌തമല്ല.
പതപ്പിച്ച് മതിയാകാതെ മാധ്യമങ്ങൾ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
കെപിസിസിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് മൂന്നുനാൾ കഴിഞ്ഞിട്ടും നേതാക്കളുടെ അപദാനം വാഴ്‌ത്തി മതിയാകാതെ മുഖ്യധാരാ പത്രങ്ങൾ. കേരളത്തിലെ രാഷ്‌ട്രീയ, സാമുദായിക യാഥാർഥ്യങ്ങൾ മറച്ചുപിടിച്ചാണ് മനോരമയും മാതൃഭൂമിയും നേതാക്കൾക്കായി വാർത്ത പതപ്പിക്കുന്നത്.
കെ സുധാകരൻ കെപിസിസി പ്രസിഡന്റായപ്പോൾ ‘കണ്ണൂർ സിംഹം’ എന്ന് വിശേഷിപ്പിച്ച മാധ്യമങ്ങൾ അന്ന് പ്രവചിച്ചത് പിണറായിയെ മാറ്റി സുധാകരൻ കേരളം പിടിക്കുമെന്നാണ്.
അവരാണ് പുതിയ ഭാരവാഹികളുടെ വരവേൽപ് നടത്തുന്നത്. സുധാകരൻ ഉപതെരഞ്ഞെടുപ്പുകൾ വിജയിപ്പിച്ചുവെന്ന ന്യായീകരിക്കുന്നവർ സിറ്റിങ് സീറ്റല്ലാത്ത ഏതാണ് പിടിച്ചെടുത്തതെന്ന് പറയുന്നില്ല.
മാറ്റത്തിന്റെ കാറ്റെന്നും പാർടി താൽപര്യം മാത്രമാണ് കോൺഗ്രസ് പരിഗണിച്ചതെന്നും ആവർത്തിക്കുന്നവർ ജനങ്ങളെ വിഡ്ഡികളാക്കുന്നു. എന്നാൽ, സാമുദായിക താൽപര്യ പ്രീണനം കോൺഗ്രസിന്റെ പാരമ്പര്യമല്ലെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. കെ മുരളീധരൻ, രമേശ് ചെന്നിത്തല, ശശി തരൂർ അടക്കം മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങളെ കാറ്റിൽ പറത്തിയതിനെക്കുറിച്ച് മിണ്ടുന്നില്ല. ആന്റോ ആന്റണിയെ നാണം കെടുത്തിയതും മറന്നു. ദിവസം രണ്ട് തവണ മാധ്യമങ്ങളെ കാണാറുള്ള വി ഡി സതീശൻ പുതിയ ഭാരവാഹികളെക്കുറിച്ച് തൃപ്തിയോടെയല്ല പ്രതികരിച്ചതെന്നതും മറച്ചുവച്ചു.
സണ്ണി ജോസഫ് പ്രസിഡന്റായാൽ ക്രൈസ്തവ വോട്ടാകെ കോൺഗ്രസ് പെട്ടിയിൽ വീഴുമെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ.
ഇപ്പോൾ ഇവർ പുകഴ്ത്തുന്ന ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനായിരിക്കെത്തന്നെ ഉമ്മൻചാണ്ടിയോട് ചെയ്ത ചതി കോൺഗ്രസ് നേതാക്കളാണ് തുറന്നു പറഞ്ഞത്. എൽഡിഎഫ് വിരോധം മൂത്ത് കോൺഗ്രസ് നേതാക്കളെ വെള്ളപൂശുന്ന മാധ്യമങ്ങൾ, എല്ലാം അറിയുന്ന ജനങ്ങളുടെ മുന്നിലേക്കാണ് ഇതെല്ലാം പടച്ചുവിടുന്നതെന്ന സത്യം മറന്നുപോകുന്നു.










0 comments