print edition ദിവസങ്ങൾ പിന്നിട്ടു; രാജേഷിനെ കണ്ടെത്താനായില്ല

ആർ രാജേഷ്, കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപെട്ട ആർ രാജേഷിനായി അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുന്നു
കണ്ണൂർ: മഴ കലിതുള്ളിയ നാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി ആർ രാജേഷിനെ ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ശനി രാവിലെ മുതൽ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനായി കൂട്ടുകാർക്കൊപ്പമാണ് രാജേഷ് എത്തിയത്. മീന്തുള്ളി തുരുത്തിൽ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി തിരിച്ച് പുഴകടക്കുമ്പോഴാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. മീന്തുള്ളി വാട്ടർ ഫാൾസിലെ പരിശീലകനായ രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റർ ജിതിനും കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തിയാണ് ബെന്നിയെ രക്ഷിക്കാൻ തുരുത്തിൽ എത്തിയത്. രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി തിരിച്ച് പുഴ കടക്കുമ്പോൾ കയറിൽനിന്ന് പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു.
മീന്തുള്ളിയിലും കൊല്ലാടപ്പുഴയിലും രാജേഷിനായി തിരച്ചിൽ നടത്തി. പെരിങ്ങോം അഗ്നിരക്ഷാസേനയും പൊലീസും സിവിൽ ഡിഫൻസ് വളന്റിയർമാരും റിവർ റാഫ്റ്റിങ് ടീമും നാട്ടുകാരുമാണ് തിരച്ചിൽ നടത്തുന്നത്.
തിരച്ചിലിൽ അതൃപ്തിയുമായി ബന്ധുക്കൾ
മീന്തുള്ളിപ്പുഴയിൽ രണ്ട് കിലോമീറ്റർ പടിഞ്ഞാറ് മാറി അമ്പിളിപ്പാലത്ത് രാജേഷിനെ കണ്ടെന്ന് രണ്ട് സ്ത്രീകൾ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. കാക്കാമല കായൽ നീന്തിക്കയറിയ രാജേഷിന് മീന്തുള്ളിപ്പുഴ നിസാരമാണെന്നാണ് ഇവർ പറയുന്നത്. സർക്കാർതലത്തിൽ കാര്യമായ ഇടപെടലില്ല. പരാതി പറയാൻ വിളിച്ചപ്പോൾ സ്ഥലം എംഎൽഎയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ബന്ധുക്കൾ പറഞ്ഞു.










0 comments