Deshabhimani

ആരോഗ്യരംഗത്തെ ലക്ഷ്യമിടുന്ന സതീശന്റെ ടാസ്‌ക്‌ നിറയെ കരിനിഴൽ ഫോഴ്‌സ്‌

Kerala Medical Task Force
വെബ് ഡെസ്ക്

Published on Oct 21, 2026, 05:22 PM | 2 min read

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയുടെ നവീകരണത്തിനെന്ന പേരിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രത്യേക താൽപ്പര്യത്തിൽ രൂപീകരിച്ച മെഡിക്കൽ ടാസ്‌ക്‌ ഫോഴ്‌സ്‌ അടിമുടി ദുരൂഹം. ഒക്‌ടോബർ ഏഴിന്‌ രൂപീകരിച്ച ഫോഴ്‌സിലെ പുറത്തു നിന്നുള്ള അംഗങ്ങൾ പലരും സംശയനിഴലിൽ ഉള്ളവരാണെന്നതും പൊതുജനാേരോഗ്യ വിദഗ്‌ധർ അംഗമല്ലെന്നതും കമ്മിറ്റിയുടെ ആധികാരികതയെ സംശയത്തിലാക്കുന്നു. ഫോഴ്‌സ്‌ രൂപീകരണ ഫയൽ ഓപ്പൺ ചെയ്‌ത്‌ ഒരാഴ്‌ചക്കകം ഉത്തരവിറങ്ങിയതിലെ തിടക്കവും ദുരൂഹം. ആരോഗ്യമന്ത്രി വഴി വരേണ്ട ഫയൽ മുഖ്യമന്ത്രി കണ്ട ശേഷമാണ്‌ ആരോഗ്യമന്ത്രി കണ്ടതെന്നത്‌ നിലവിലെ ഫയൽ പ്രോസസ്‌ വ്യവസ്ഥകൾക്ക്‌ വിരുദ്ധവുമാണ്‌.


മുഖ്യമന്ത്രി ചെയർമാനായുള്ള ടാസ്‌ക്‌ ഫോഴ്‌സിൽ 16 അംഗങ്ങളാണുള്ളത്‌. ആരോഗ്യമന്ത്രി വൈസ് ചെയർമാനും പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് കോ–ഓഡിനേറ്ററുമാണ്‌. ധനവകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി കെ ആർ ജ്യോതിലാൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ ഖേൽക്കർ എന്നിവരും മാത്രമാണ്‌ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പ്രതിനിധികൾ.


ഉത്തർപ്രദേശ്‌ മുൻ ചീഫ്‌സെക്രട്ടറി ദീപക്‌ സിംഗാളാണ്‌ സമിതിയിലെ പ്രധാനി. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്‌, തട്ടിപ്പ്‌ തുടങ്ങി ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ നേരിടേണ്ടി വന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ ദീപക്‌ സിംഗാൾ. ഇക്കാരണം കൊണ്ടു തന്നെ ഏതാനും മാസം മാത്രമാണ്‌ചീഫ്‌ സെക്രട്ടറി പദവിയിൽ ഇരിക്കാനായത്‌. സിംഗാളിന്റെ പേരിലുള്ള ഏറ്റവും വലിയ അഴിമതി 1500 കോടി രൂപയുടെ ഗോമതി റിവർ ഫ്രന്റ്‌ കേസാണ്‌. നിരവധി റിയൽ എസ്‌റ്റേറ്റ്‌ തട്ടിപ്പ്‌ കേസുകളുമുണ്ട്‌. വൈദ്യശാസ്‌ത്രവുമായി ബന്ധമില്ലാത്ത ഇയാൾ എഞ്ചിനിയറിങ്‌ ബിരുദാനന്തര ബിരുദധാരിയാണ്‌.


കരൾ രോഗ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടർ ഡോ. ശിവ കുമാർ സരിൻ, കെഇഎഫ്‌ഹോൾഡിങ്സ്‌ ചെയർമാൻ ഫൈസൽ ഇ കോട്ടിക്കോളൻ, കോയന്പത്തൂരിലെ എവിപി എംഡി സി ദേവിദാസ്‌ വാര്യർ, മഹാജൻ ഇമാജിങ്‌ ആന്റ്‌ ലാബ്‌സ്‌ ചെയർമാൻ ഹർഷ്‌ മഹാജൻ, ജൈവ്‌ ആയുർവ ചെയർമാൻ പ്രതാപ്‌ ച‍ൗഹാൻ, ഹൈദരാബാദിലെ ഗ്ലോബൽ ഹോസ്‌പിറ്റൽസ്‌ ചെയർമാൻ രവീന്ദ്രനാഥ്‌, റിആക്‌റ്റ്‌ എഷ്യ പസഫിക്‌ ഡയറക്‌ടർ എസ്‌എസ്‌ ലാൽ, കോട്ടക്കൽ ആര്യവൈദ്യശാല മേധാവി പി എം വാര്യർ, അമേരിക്കയിലെ അന്താരാഷ്‌ട്ര കാൻസർ കെയർ നെറ്റ്‌വർക്ക്‌ ചെയർമാൻ എം വി പിള്ള, അമേരിക്കയിലെ കേരള മെഡിക്കൽ ഗ്രാജുവേറ്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ നിഷ നിഖിൽ എന്നിവരാണ്‌ മറ്റംഗങ്ങൾ. ആരോഗ്യമേഖലയിലെ വൻകിട കോർപ്പറേറ്റുകളാണ്‌ ഇവരിൽ ഭൂരിപക്ഷവും. ആശുപത്രി ശൃംഖല, ലാബ്‌ ശൃംഖല, മെഡിക്കൽ കെയർ മേഖലകളിലുള്ളവരുണ്ട്‌.


ലോകം അംഗീകരിച്ച ആരോഗ്യ സംവിധാനമാണ്‌ കേരളത്തിലേത്‌. നിതി ആയോഗിന്റെ ആരോഗ്യസൂചികയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കേരളമാണ്‌ രാജ്യത്ത്‌ ഒന്നാമത്‌. നമ്മുടെ നാടിന്റെയും മെഡിക്കൽ വിദഗ്‌ധരുടെയും കഴിവിൽ സൃഷ്‌ടിച്ച തനതു മികവാണ്‌ ആരോഗ്യമേഖലയിലേത്‌. എന്നാൽ, നമ്മുടെ പൊതുജനാരോഗ്യ മേഖലയിൽ നിന്നുള്ള ഒരാളെ പോലും ഫോഴ്‌സിൽ അംഗമാക്കിയില്ല.


ഒരു സ്വകാര്യ ഹോട്ടലിലും ക്ലിഫ്‌ ഹ‍ൗസിലുമായി ഫോഴ്‌സ്‌ അംഗങ്ങൾ രണ്ട്‌ യോഗം ചേർന്നതായാണ്‌ വിവരം. മൂന്ന്‌ വർഷത്തെ ആക്‌ഷൻ പ്ലാൻ ഉൾപ്പെടെ രണ്ടു മാസത്തിനകം ആദ്യ റിപ്പോർട്ട്‌ സമർപ്പിക്കുമെന്നും പറയുന്നു. വൻകിട കുത്തകകളുടെ നേതൃസ്ഥാനത്തുള്ളവർ തയ്യാറാക്കുന്ന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കാനും നമ്മുടെ ആരോഗ്യമേഖലയിലെ സ‍ൗകര്യങ്ങൾ കുത്തകൾക്ക്‌ തീറെഴുതാനുമുള്ളതാകും എന്നുറപ്പാണ്‌. ഇതോടെ ഇ‍ൗ മേഖലയിലെ സ‍ൗജന്യവും ചെലവു കുറഞ്ഞതുമായ ചികിത്സാ സ‍ൗകര്യങ്ങൾ ഇല്ലാതാകും. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും മെച്ചപ്പെട്ട ചികിത്സ അപ്രാപ്യമാകും.


നമ്മുടെ ആരോഗ്യമേഖലയിലെ ഡാറ്റകൾ സ്വകാര്യ സ്ഥാപനങ്ങളുടെ കൈളിലെത്താൻ ഇ‍ൗ ടാസ്‌ക്‌ ഫോഴ്‌സ്‌ കാരണമാകും. അതുണ്ടാക്കുന്ന ഭവിഷ്യത്ത്‌ സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമായിരിക്കും.


ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരണ ഫയലിന്റെ നീക്കം അതിശയ വേഗത്തിലായിരുന്നു. ഫയൽ ഓപ്പൺ ചെയ്‌ത്‌ ഒരാഴ്‌ചക്കകം ഉത്തരവിറങ്ങി. ആരോഗ്യമേഖല പോലെ വളരെയധികം ഗ‍ൗരവമുള്ള പരിശോധന നടത്തേണ്ട ഒരു വകുപ്പിലെ ഫയലിനുണ്ടായ സ്‌പീഡ്‌ സംശയകരമാണ്‌. സാധാരണ ആരോഗ്യവകുപ്പിലെ ഫയലുകൾ താഴേ നിന്നുള്ള സെക്രട്ടറിമാരും വകുപ്പു സെക്രട്ടറിമാരും കണ്ട ശേഷം ആരോഗ്യ മന്ത്രി വഴിയാണ്‌ മുഖ്യമന്ത്രിയ്‌ക്ക്‌ അയയ്‌ക്കുന്നത്‌. എന്നാൽ, ഇ‍ൗ ഫയൽ മുഖ്യമന്ത്രിയ്‌ക്കാണ്‌ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അയച്ചത്‌. അതു കഴിഞ്ഞാണ്‌ ആരോഗ്യമന്ത്രി കണ്ടത്‌. മുഖ്യമന്ത്രിയുടെ ഇ‍ൗ ഇടപെടൽ ടാസ്‌ക്‌ ഫോഴ്‌സ്‌ സംബന്ധിച്ച നിഗൂഡതകൾ വർദ്ധിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home