ad
Deshabhimani

ദറക്‌സ പറയുന്നു, കേരളം 
ജീവിതത്തിലെ ‘റോഷ്‌നി'

daraksa
വെബ് ഡെസ്ക്

Published on May 08, 2025, 03:01 AM | 1 min read


കൊച്ചി

"‘പഠിക്കാനും അഭിരുചിക്കനുസരിച്ച്‌ ഇഷ്‌ടമുള്ള തൊഴിൽ തെരഞ്ഞെടുക്കാനും കേരളത്തിലെ വിദ്യാഭ്യാസത്തിലൂടെയാണ്‌ സാധിച്ചത്‌. ബിഹാറിൽ ഇല്ലാതിരുന്ന പഠനസൗകര്യങ്ങളും പെൺകുട്ടികൾക്ക്‌ ലഭിക്കുന്ന പരിഗണനയും കേരളത്തിൽനിന്ന്‌ ലഭിച്ചു''- ബിഹാർ സ്വദേശിനി ദറക്‌സ പർവീൺ പറഞ്ഞുനിർത്തുമ്പോൾ സദസ്സിൽ കൈയടി. എൽഡിഎഫ്‌ സർക്കാരിന്റെ നാലാംവാർഷികത്തിൽ മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു ദറക്‌സ.


അതിഥിത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്ക്‌ എറണാകുളം ജില്ലാ ഭരണകേന്ദ്രം നടപ്പാക്കിയ റോഷ്‌നി പദ്ധതിയാണ്‌ ദറക്‌സയ്‌ക്ക്‌ തുണയായത്‌. പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ സന്തോഷം ഇരട്ടിയായെന്ന്‌ ദറക്‌സ.


കേരളത്തിന്‌ അഭിമാനമായ ദറക്‌സയുടെ അനുഭവം ഈ വർഷം ആറാംക്ലാസ്‌ പാഠപുസ്തകത്തിലുമുണ്ടാകും. കൂട്ടുകാരിക്ക്‌ എഴുതുന്ന കത്തിന്റെ രൂപത്തിലാണ്‌ വിവരണം. 12 വർഷംമുമ്പാണ്‌ ബിഹാറിലെ ദർഭംഗയിൽനിന്ന്‌ ദറക്‌സയുടെ കുടുംബം കേരളത്തിൽ എത്തിയത്‌. നാലുവരെ ബിഹാറിലായിരുന്നു പഠനം. ആലുവ ബിനാനിപുരം ഗവ. ഹൈസ്കൂളിൽ അഞ്ചാംക്ലാസിൽ ചേർന്നു. ആദ്യം മലയാളം ബുദ്ധിമുട്ടായിരുന്നു. ഏഴാംക്ലാസിലെത്തിയപ്പോഴേക്കും പഠിച്ചെടുത്തു. പത്തിൽ 89 ശതമാനം മാർക്കോടെ വിജയം. റോഷ്‌നി പദ്ധതിയുടെ ജില്ലാ കോ–ഓർഡിനേറ്ററും ബിനാനിപുരം സ്കൂൾ അധ്യാപികയുമായിരുന്ന ഡോ. ജയശ്രീ കുളക്കുന്നത്തും ദറക്‌സയ്‌ക്ക്‌ പിന്തുണ നൽകി. തയ്യലിലും എംബ്രോയ്‌ഡറിയിലും ദുറക്‌സയുടെ താൽപ്പര്യം മനസ്സിലാക്കിയ മുൻ പ്രധാനാധ്യാപിക മംഗള ഭായ്‌ തയ്യൽ മെഷീൻ സമ്മാനിച്ചിരുന്നു. അത്‌ ഫാഷൻ ഡിസൈനിങ് പഠനത്തിലേക്ക്‌ വഴിതെളിച്ചു. കളമശേരി ഗവ. പോളിടെക്‌നിക്കിൽനിന്ന്‌ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ പാസായി. പിന്നീട്‌ ഓപ്പണായി പ്ലസ്‌ടു പാസായി. ഇഗ്‌നോയിൽ ബിഎ ഹിന്ദിക്കും ചേർന്നു.


റോഷ്‌നി പദ്ധതിയുടെ വളന്റിയർകൂടിയാണ്‌ ദറക്‌സ. വീട്ടിലിരുന്ന്‌ തയ്യൽ ജോലികൾ ചെയ്യുന്നതിനാൽ പഠനത്തിനുള്ള ചെലവ്‌ കണ്ടെത്താനാകുന്നുണ്ട്‌. മുപ്പത്തടത്ത്‌ വാടകവീട്ടിലാണ്‌ താമസം. അച്ഛൻ മുഹമ്മദ്‌ സമീറിന്‌ ചെരുപ്പ്‌ കമ്പനിയിലാണ്‌ ജോലി. അമ്മ രാജിയ ഖാത്തും വിദ്യാർഥികളായ സഹോദരന്മാരും ഒപ്പമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home