ലഹരി കടത്താൻ പുതിയ തന്ത്രം; തുടകളിൽ കഞ്ചാവ് ഒട്ടിച്ച് പ്രതി, ഒടുവിൽ പിടിയിൽ

പ്രതീകാത്മക ചിത്രം
കൊല്ലം: നഗരത്തിൽ ലഹരി കടത്താൻ പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയ രണ്ട് യുവാക്കളെ പിന്തുടർന്ന് പിടിച്ച് കൊല്ലം ഡാൻസാഫ് സംഘം. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ അതീവ രഹസ്യമായി ശരീരത്തിൽ കഞ്ചാവ് ഒട്ടിച്ച് വെച്ചും, ബൈക്കിൽ പാഞ്ഞും രക്ഷപ്പെടാൻ ശ്രമിച്ചവരാണ് ഒടുവിൽ വലയിലായത്.
തേവള്ളി പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പള്ളിത്തോട്ടം കോളനി സ്വദേശിയായ യുവാവാണ് പൊലീസിനെ വെട്ടിച്ച് ആദ്യം ഓടിയത്. ഡാൻസാഫ് സംഘം പിന്തുടർന്ന് തേവള്ളി മിൽമയ്ക്ക് സമീപം വെച്ച് ഇയാളെ കീഴ്‌പ്പെടുത്തി.
യുവാവിന്റെ പാന്റ്സിന്റെ പോക്കറ്റുകളിലും മറ്റും തപ്പിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാൽ ലഹരിമരുന്ന് കൈവശമുണ്ടെന്ന സംശയം ബലപ്പെട്ടതോടെ പൊലീസ് അറ്റകൈ പ്രയോഗത്തിന് മുതിർന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരി മാഫിയയുടെ പുതിയ തന്ത്രം പുറത്തായത്.
തുടകളിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ കയ്യോടെ വെസ്റ്റ് പൊലീസിന് കൈമാറി. മൊത്തമായി വാങ്ങി ചില്ലറയായി വിൽക്കുന്നതാണ് ഇയാളുടെ രീതി. ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത്.
ട്രെയിൻ മാർഗം കൊണ്ടുവരുന്ന കഞ്ചാവ് ശാസ്താംകോട്ട, കരുനാഗപ്പള്ളി തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ വെച്ച് ഇടനിലക്കാർക്ക് കൈമാറും. ഇവർ ഇത് ചെറുപൊതികളാക്കി കച്ചവടക്കാർക്ക് എത്തിക്കുന്നു. ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ, ബസ് മാർഗമാണ് മാരക രാസലഹരി വസ്തുക്കൾ പ്രത്യേക കേന്ദ്രങ്ങളിൽ എത്തിച്ച് വിതരണം ചെയ്യുന്നത്.










0 comments