സുരക്ഷപാലിക്കണമെന്ന് നിർദേശിച്ചിരുന്നു; എന്ത് സംഭവിച്ചു എന്നതിൽ ഉത്തരം ലഭിക്കണം: ദലീമ എംഎൽഎ

ദലീമ ജോജോ എംഎൽഎ, അപകടത്തില്‍പ്പെട്ട വാഹനം (വലത്)
അരൂർ: ആലപ്പുഴ അരൂരിൽ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് ദലീമ ജോജോ എംഎൽഎ. പണി നടക്കുന്ന സ്ഥലത്ത് ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. ഗർഡർ കയറ്റുന്ന സമയത്ത് ഒരുവാഹനവും കയറ്റിവിടാറില്ല. അപകടമുണ്ടായ വ്യാഴം പുലർച്ചെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിക്കുമെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
ഗർഡർ കയറ്റുന്ന സമയത്ത് ജാക്കി തെന്നിമാറി എന്നാണ് തൊഴിലാളികൾ പറയുന്നത്. ഒരുപാട് വാഹനങ്ങളാണ് പാലത്തിന് താഴെക്കൂടി പോകുന്നത്. ഇത്രയും പണിപൂർത്തിയാകുംവരെയും നല്ലപോലെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നഷ്ടപ്പെട്ട ജീവൻ വലുത് തന്നെയാണ്. പണി നടത്തുമ്പോൾ സുരക്ഷ പാലിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇന്നലെ രാത്രി എന്ത് സംഭവിച്ചു എന്നതിൽ ഉത്തരം ലഭിക്കണം. സംഭവത്തിൽ അന്വേഷണം നടത്തും- ദലീമ പറഞ്ഞു.
അപകടത്തിൽ ദേശീയപാത അതോറിറ്റിയോട് പൊതുമരാമത്ത് വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. അപകടത്തിൽ പിക്കപ്പ് വാന്‍ ഡ്രൈവറായ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. പുലർച്ചെ മൂന്നോടെയാണ് അപകടം. ഗർഡർ കയറ്റുന്നതിനിടെ പാലത്തിന് അടിയിലൂടെ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് വീഴുകയായിരുന്നു. 8,000 കിലോ ഭാരമുള്ള ഗർഡർ ആണ് പതിച്ചത്. മൂന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗർഡർ മാറ്റി മൃതദേഹം പുറത്തെടുത്തത്. ഒരു ഗർഡർ പൂർണമായി നിലംപതിച്ചു. ഒരെണ്ണം ചരിഞ്ഞ നിലയിലാണ്.
രാജേഷ് തമിഴ്നാട്ടിൽനിന്ന് മുട്ട എടുത്തശേഷം തിരികെ വരികയായിരുന്നെന്ന് വാഹന ഉടമ പറഞ്ഞു. വാഹനത്തിൽ രാജേഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ഥിരം ഡ്രൈവർ വരാത്തതിനാൽ രാജേഷ് വാഹനം ഓടിക്കാൻ എത്തിയതെന്ന് ഉടമ പറഞ്ഞു.









0 comments