print edition തോട്ടം തൊഴിലാളികൾക്ക് പ്രതിദിനം 48 രൂപ കൂലി വർധിപ്പിച്ചു

പ്രതീകാത്മകചിത്രം
കൊല്ലം : കേരളത്തിലെ റബർ, തേയില, കാപ്പി, ഏലം ഉൾപ്പെടെയുള്ള തോട്ടവിളകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഒരു ദിവസം 48 രൂപ കൂലി വർധിപ്പിച്ചു. തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തൊഴിലാളി യൂണിയൻ, തൊഴിലുടമ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വർധിപ്പിച്ച കൂലി ഉടമകൾ ഏപ്രിൽ ഒന്നുമുതൽ നൽകും. ഇടക്കാല ആശ്വാസം എന്ന നിലയിൽ 1000രൂപ വീതവും നൽകും. ഇതിൽ 500രൂപ മുതലാളിമാർ തിരിച്ചുപിടിക്കുന്നതല്ല. ശമ്പള വർധന എത്രയും പെട്ടെന്ന് തീർപ്പാക്കിയ മന്ത്രിയെയും സംസ്ഥാന സർക്കാരിനെയും എല്ലാ ട്രേഡ് യൂണിയൻ പ്രതിനിധികളും അഭിനന്ദിച്ചു.
ആഗോളതലത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യവും തോട്ടവിളകളുടെ വിലയിടിവും മൂലം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും തൊഴിലാളികളെ സഹായിക്കുക, സംരക്ഷിക്കുക എന്ന സർക്കാരിന്റെ നയമാണ് കൂലി വർധിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മാനേജ്മെന്റിനെയും കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) അഭിനന്ദിച്ചു. സർക്കാരിന് അഭിവാദ്യം അർപ്പിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എല്ലാ തോട്ടങ്ങളിലും ആഹ്ലാദപ്രകടനവും യോഗങ്ങളും നടത്താൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ, ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ എന്നിവർ പ്രസ്താവനയിൽ അഭ്യർഥിച്ചു.









0 comments