മഹാപ്രളയത്തിന് കാരണം മഴ ക്രമാതീതമായി പെയ്തത്; ഡാമുകളുടെ പ്രവർത്തനത്തിൽ വീഴ്ചയില്ല

തിരുവനന്തപുരം: 2018ലെ പ്രളയം എൽഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധം. ഡാമുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിൽ സർക്കാരിന് വലിയ വീഴ്ചയുണ്ടായതാണ് പ്രളയത്തിന് കാരണമെന്നായിരുന്നു കുഴൽനാടന്റെ വാദം. എന്നാൽ ഇവ തെറ്റാണെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ജല കമീഷന്റെ 2018 പ്രളയ റിപ്പോർട്ട്.
2018 ആഗസ്ത് 15 മുതൽ 17 വരെയുള്ള മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ ലഭിച്ചത് 414 മി.മീറ്റർ എന്ന അത്യപൂർവ്വ മഴയാണ്. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ എത്രയോ മടങ്ങായിരുന്നു. ഡാമുകൾ പ്രളയമുണ്ടാക്കി എന്ന വാദം തെറ്റാണെന്ന് ജല കമീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇടുക്കി, ഇടമലയാർ ഡാമുകൾ പുറത്തേക്ക് വിട്ടതിനേക്കാൾ കൂടുതൽ വെള്ളം സംഭരിക്കുകയാണ് ചെയ്തത്. ഇത് പ്രളയത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രളയസമയത്ത് ഡാമുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് മൊത്തം ഇൻഫ്ലോയുടെ ചെറിയ ശതമാനം മാത്രമായിരുന്നു. പമ്പയിൽ 14 ശതമാനവും പെരിയാറിൽ 18 ശതമാനവും മാത്രമാണ് ഡാമുകളിൽ നിന്ന് പുറത്തുവിട്ടത്. ഡാമുകൾ ഇല്ലാത്ത അച്ചൻകോവിൽ പോലുള്ള നദികളിലൂടെ വന്ന കുത്തൊഴുക്കും കായലുകൾ നിറഞ്ഞതുമാണ് പ്രളയതീവ്രത വർദ്ധിപ്പിച്ചത്. തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറന്നില്ലെന്ന കുഴൽനാടന്റെ വാദം തെറ്റാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. പുതിയതായി പണിത ഷട്ടറുകളടക്കം ജനറേറ്റർ എത്തിച്ച് കൃത്യസമയത്ത് തന്നെ തുറന്നിരുന്നു. ഇക്കാര്യം നിയമസഭാരേഖകളിൽ വ്യക്തമാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും മുൻ മന്ത്രി മാത്യു ടി തോമസും ചൂണ്ടിക്കാട്ടി.
"തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ഇത്തരം സമരനാടകങ്ങളുമായി ഇറങ്ങുന്നത്. 2018 നവംബർ 30-ന് ഹൈബി ഈഡന്റെ ചോദ്യത്തിന് നിയമസഭയിൽ വ്യക്തമായ മറുപടി നൽകിയതാണ്. വർഷങ്ങൾക്ക് ശേഷം രാഷ്ട്രീയ ലക്ഷ്യത്തോടെ വീണ്ടും ഇത് ഉന്നയിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും." - മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
ആഗസ്ത് ആദ്യവാരം തന്നെ ഡാമുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചിരുന്നുവെങ്കിലും പ്രകൃതിയുടെ അപ്രതീക്ഷിത പ്രഹരത്തെ ഉൾക്കൊള്ളാൻ പരിമിതികളുണ്ടായിരുന്നു. മണ്ഡലത്തിൽ പരാജയം ഉറപ്പായ സാഹചര്യത്തിൽ വോട്ടെടുപ്പിന്റെ തലേന്ന് വ്യാജവാർത്തകൾ ചമച്ച് വോട്ടർമാരെ കബളിപ്പിക്കാനാണ് മാത്യു കുഴൽനാടൻ ശ്രമിക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.










0 comments