ad
Deshabhimani

print edition കസ്റ്റഡി മർദനത്തിൽ മരണം: അന്വേഷണം മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റിന്റെ ചുവടുപിടിച്ച്‌

police custodial death.jpg
avatar
സ്വന്തം ലേഖകൻ

Published on Aug 02, 2026, 12:01 AM | 1 min read

കൊല്ലം: കുണ്ടറയിൽ കള്ളക്കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസുകാർ ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തിയ കേസിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ ക്ലീൻ ചിറ്റിന്റെ ചുവടുപിടിച്ച്‌ അന്വേഷണസംഘം. സിയാദിന്‌ മർദനമേറ്റിട്ടുണ്ടെന്ന ആദ്യം പരിശോധിച്ച ഡോക്‌ടറുടെ മൊഴിക്കും വാരിയെല്ല്‌ പൊട്ടിയെന്ന സ്‌കാനിങ് റിപ്പോർട്ടും പുറത്തുവന്ന ശേഷമാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പൊലീസിന്‌ വീഴ്‌ചയുണ്ടായില്ലെന്ന്‌ പറഞ്ഞത്‌.


പൊലീസ് ജീപ്പിൽ വെച്ച്‌ സിപിഒ എസ്‌ ശ്രീജിത് മർദിച്ചെന്ന്‌ സിയാദ് പറഞ്ഞെന്നും കേസ് ഷീറ്റിൽ അത് രേഖപ്പെടുത്തിയിരുന്നതായും ഡോക്ടർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. വിശദമായ പരിശോധന ആവശ്യമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. ജില്ലാ ആശുപത്രിയിൽ നടത്തിയ വിശദപരിശോധനയിലാണ് വാരിയെല്ല് പൊട്ടിയതായും നട്ടെല്ലിന് ക്ഷതമേറ്റതായും കണ്ടെത്തിയത്. തുടർന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സിയാദ് ചികിത്സ തേടി. കടുത്ത അണുബാധയെത്തുടർന്ന് നട്ടെല്ലിൽ നിന്ന്‌ പഴുപ്പ് കുത്തിയെടുത്തെന്ന്‌ ബന്ധുക്കൾ മൊഴി നൽകി.


കേസിൽ സിപിഒ ശ്രീജിത്തിനെ അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്തെങ്കിലും എസ്‌ഐ അതുൽ‍, സീനിയർ സിപിഒ സന്തോഷ്‌ എന്നിവർക്കെതിരെ നടപടിയുണ്ടായില്ല. പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള അധികാരം സിപിഒയ്‌ക്കില്ല. അപ്പോൾ എസ്‌ഐ കുറ്റവിമുക്‌തനായതെങ്ങനെയെന്ന ചോദ്യമാണ്‌ ഉയരുന്നത്‌. സ്റ്റേഷനിലെ ജിഡി ചാർജുകാരനായ സന്തോഷിനെ ശുരനാട്‌ സ്റ്റേഷനിലേക്ക്‌ മാറ്റി. മൂന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്‌ച വ്യക്തമാക്കുന്നതാണ്‌ ശാസ്‌താംകോട്ട ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ട്‌. എന്നാൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്തതോടെ ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്‌ അട്ടിമറിച്ചു.


ജൂൺ 17ന്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്ത സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂലൈ 24നാണ്‌ മരിച്ചത്. അസുഖലക്ഷണം കാണിച്ചിട്ടും കസ്റ്റഡിയിലെടുത്ത പൊലീസുകാർ സിയാദിനെ മെഡിക്കൽ പരിശോധനയ്‌ക്ക്‌ വിധേയനാക്കിയിട്ടില്ല. പൊലീസ്‌ ജീപ്പിൽ സിയാദിനെ ക്രൂരമായി മർദിക്കുന്നത്‌ കണ്ടെന്ന പരാതിക്കാരിയുടെ മൊഴിയും കണക്കിലെടുത്തില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home