ad
Deshabhimani

print edition ഉയരുന്നു, സാംസ്‌കാരിക പ്രതിരോധം

cultural congress
avatar
എം എസ്‌ അശോകൻ

Published on Dec 21, 2025, 01:46 AM | 1 min read

കൊച്ചി : ഇന്ത്യയുടെ സന്പന്നമായ സാംസ്‌കാരിക വൈവിധ്യങ്ങളെ രാജ്യത്താദ്യമായി ഒരുവേദിയിൽ ഒന്നിച്ച്‌ അണിനിരത്തി കേരളം. മതം, വർണം, ദേശം, വംശം തുടങ്ങിയ വേർതിരിവുകൾക്കപ്പുറം മനുഷ്യനെ ഒന്നിപ്പിക്കുന്ന കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും മൂന്നു രാപകലുകൾക്കാണ്‌ കൊച്ചി കായലോരത്ത്‌ തുടക്കമായത്‌.


സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും സ്വതന്ത്ര കലാവിഷ്‌കാരങ്ങൾക്കും നേരെ രാജ്യത്തുയരുന്ന ഭീഷണിക്കെതിരായ ചെറുത്തുനിൽപ്പാകും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌. സാംസ്‌കാരിക ബഹുസ്വരതയും മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളും നേരിടുന്ന വെല്ലുവിളികളെ ചെറുക്കാനുള്ള കലാലോകത്തിന്റെ യോജിച്ച മുന്നേറ്റവുമാകും കൾച്ചറൽ കോൺഗ്രസ്‌. ​ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്‌ട്രീയത്തിനെതിരെ സാംസ്‌കാരികലോകം മുന്നിൽനിന്നു നയിക്കേണ്ട പോരാട്ടത്തിന്റെ പ്രസക്തി എടുത്തുകാട്ടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്‌ഘാടനപ്രസംഗം.


ചരിത്ര, ശാസ്‌ത്ര കോൺഗ്രസ്‌ പോലെ സാംസ്‌കാരിക ലോകം ഒരുവേദിയിൽ ഒന്നിച്ചണിനിരക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റ ചരിത്രത്തിൽ കലാ സാഹിത്യ പ്രസ്ഥാനങ്ങളും നാടകസംഘങ്ങളും വലിയ പങ്കുവഹിച്ചു. ജാതിക്കും സാമൂഹിക അസമത്വങ്ങൾക്കും എതിരെയുള്ള സാഹിത്യരചനകളും കലാവതരണങ്ങളും ജനങ്ങളെ വിനോദിപ്പിച്ചതുപോലെ രാഷ്‌ട്രീയ ബോധ്യങ്ങളിലേക്കും നയിച്ചു. അതിന്റെയെല്ലാം തുടർച്ചയിലുണ്ടായ രാഷ്‌ട്രീയമാറ്റമാണ്‌ സാന്പത്തിക സ്വാതന്ത്ര്യവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്ന മാറ്റങ്ങൾക്ക്‌ കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.​


മൃദംഗ ചക്രവർത്തി ഉമയാൾപുരം ശിവരാമനും ചെണ്ട വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും ഒന്നിച്ച വാദ്യസമന്വയത്തോടെയാണ്‌ കൾച്ചറൽ കോൺഗ്രസ്‌ വേദിയുണർന്നത്‌. എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച്‌ എഴുത്തുകാർ, ചരിത്രകാരന്മാർ, സിനിമാപ്രവർത്തകർ, ചിത്രകാരന്മാർ, നർത്തകർ തുടങ്ങിയവർ സാംസ്‌കാരിക കൂട്ടായ്‌മയുടെ ഭാഗമാകുന്നുണ്ട്‌. ക്ലാസിക്കൽ കലാവതരണംമുതൽ നാടോടി, ഗോത്ര കലാരൂപങ്ങളും തെരുവുസർക്കസുംവരെ വേദികളിൽ അരങ്ങേറും. ഭാഷ, സാഹിത്യ ചർച്ചകളും സംവാദങ്ങളും മുഖാമുഖങ്ങളും ഗ‍ൗരവമേറ്റും. രവീന്ദ്രസംഗീതവും സൂഫി നൃത്തവുംമുതൽ കളംപാട്ടും പുള്ളുവൻപാട്ടും തോൽപ്പാവക്കൂത്തുംവരെ വേദികളെ സന്പന്നമാക്കും. ചലച്ചിത്രപ്രദർശനം, നാടകാവതരണം എന്നിവയ്‌ക്കുപുറമെ ട്രാൻസ്‌ജെൻഡേഴ്‌സ്‌ സർഗോത്സവം, ഭിന്നശേഷി കലാവതരണങ്ങൾ എന്നിവയും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home