Deshabhimani

കാലടിയിലെ വിദ്യാർഥിവേട്ട അവസാനിപ്പിക്കണം; ഐക്യദാർഢ്യവുമായി സാംസ്കാരിക പ്രവർത്തകർ

sfi culturl activist
വെബ് ഡെസ്ക്

Published on Nov 03, 2026, 08:40 PM | 2 min read

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാംസ്കാരിക പ്രവർത്തകർ. വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് എഴുത്തുകാരും കലാകാരന്മാരും ഉൾപ്പെടെയുള്ളവർ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച് പഠനവും പരീക്ഷയും തുടരാൻ അവസരമൊരുക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


സർവകലാശാലയുടെ ആരംഭകാലം മുതൽ പ്രവർത്തിക്കുന്ന തിയേറ്റർ ആർട്സ് വിഭാഗത്തിലെ വിദ്യാർഥികളാണ് പഠനസൗകര്യങ്ങളുടെ അഭാവത്തിനെതിരെ സമരം നടത്തിയത്. കേടായ പഠനോപകരണങ്ങൾ നന്നാക്കുക, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്. നാടകത്തെ സമരമാർഗമാക്കിയ വിദ്യാർഥികൾ കേടായ സ്പോട്ട് ലൈറ്റുകൾ 'വെളിച്ചം മരിച്ചേ' എന്ന അടിക്കുറിപ്പോടെ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ സമരത്തിന്റെ ഭാഗമായി ഉപയോഗിച്ച നാടകോപകരണങ്ങളെ തന്റെ ശവമഞ്ചമായി വ്യാഖ്യാനിച്ചാണ് വൈസ് ചാൻസലർ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തത്.


വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും സർവകലാശാലാ അധികൃതർ അതിന് തയ്യാറായിട്ടില്ല. വിദ്യാർഥികളുടെ അവകാശസമരത്തെ പിന്തുണയ്ക്കുന്നതിന് പകരം വൈസ് ചാൻസലറുടെ നടപടികളെ ന്യായീകരിക്കാനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും കാലടിയിലെ ജനപ്രതിനിധിയുമായ റോജി ജോൺ ശ്രമിച്ചത്. മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രിയോട് വിഷയം സംസാരിക്കാൻ ശ്രമിച്ച വിദ്യാർഥി സംഘടനാ നേതാക്കളെയും സസ്പെൻഡ് ചെയ്തിരുന്നു.


കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തങ്ങളുടെ മതരാഷ്ട്രീയത്തിന്റെ ഭാഗമാക്കാനുള്ള ആർഎസ്എസ്–ബിജെപി നീക്കങ്ങളുടെ തുടർച്ചയാണ് കാലടി സർവകലാശാലയിലെ നടപടികളെന്ന് സാംസ്കാരിക പ്രവർത്തകർ വിമർശിച്ചു. ഇതിനായി ആർഎസ്എസ് പശ്ചാത്തലമുള്ളവരെ ഗവർണർമാരായി നിയമിക്കുകയും അവരിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ നടത്തുകയുമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ രാഷ്ട്രീയദൗത്യമാണ് വൈസ് ചാൻസലർ സിസ തോമസ് നിർവഹിക്കുന്നതെന്നും സാംസ്കാരിക പ്രവർത്തകർ പറഞ്ഞു.


കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിൽനിന്ന് വളർന്നുവന്ന മതനിരപേക്ഷ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ കലാ, സാഹിത്യ, ശാസ്ത്ര മേഖലകളുടെ വളർച്ചയ്ക്ക് അടിത്തറയായ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കണം. നാടകത്തെയും സിനിമയെയും മറ്റ് ജനകീയ കലകളെയും നിയന്ത്രിക്കാനും ദുർബലപ്പെടുത്താനുമുള്ള സംഘപരിവാർ നീക്കങ്ങളുടെ ഭാഗമായാണ് കാലടിയിലെ വിദ്യാർഥികൾക്കെതിരായ നടപടികളെയും കാണേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.


എഴുത്തുകാരായ വൈശാഖൻ, സച്ചിദാനന്ദൻ, സാറാ ജോസഫ്, എൻ എസ് മാധവൻ, കെ വി രാമകൃഷ്ണൻ, സി വി ബാലകൃഷ്ണൻ, ബന്യാമിൻ, കെ പി രാമനുണ്ണി, ടി ഡി രാമകൃഷ്ണൻ, അശോകൻ ചരുവിൽ, കെ പി മോഹനൻ, പ്രിയ എ എസ്, കെ ഇ എൻ, ആലങ്കോട് ലീലാകൃഷ്ണൻ, പി എൻ ഗോപീകൃഷ്ണൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സംവിധായകരായ കമൽ, പ്രിയനന്ദനൻ, സാംസ്കാരിക പ്രവർത്തക കെ അജിത, അഭിനേതാക്കളായ കനി കുസൃതി, സജിത മഠത്തിൽ, ഗായകരായ മുരുകൻ കാട്ടാക്കട, സൂരജ് സന്തോഷ്, പുഷ്പാവതി, ഗായത്രി വർഷ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവച്ചു. വിവിധ മേഖലകളിൽനിന്നുള്ള നൂറിലേറെ സാംസ്കാരിക പ്രവർത്തകരാണ് വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.


വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാനുള്ള അവസരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട സാംസ്കാരിക പ്രവർത്തകർ, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ മനുഷ്യരും കാലടിയിലെ വിദ്യാർഥികളുടെ സമരത്തിനൊപ്പം നിൽക്കണമെന്നും അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home