print edition ഭക്ഷ്യ ശാസ്‌ത്ര ഗവേഷണം; ആഗോള റാങ്കിങ് തിളക്കത്തിൽ മലയാളി

തിരുവനന്തപുരം: ഭക്ഷ്യശാസ്ത്ര മേഖലയിൽ നൽകുന്ന ആഗോള റാങ്കിങ്ങിൽ ഇടംനേടി മലയാളിയും. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസെവിയർ ശാസ്‌ത്ര പബ്ലിഷിങ് കമ്പനിയും പുറത്തുവിട്ട ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്‌ത്രജ്ഞരുടെ പട്ടികയിലാണ് തിരുവനന്തപുരം സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആലുംമൂട്ടിൽ എൻ ജ്യോതി ഉൾപ്പെട്ടത്.
കൃഷി, മത്സ്യബന്ധനം, വനം വിഭാഗത്തിനു കീഴിലുള്ള ‘ഫുഡ് സയൻസ്' ഉപവിഭാഗത്തിൽ ആഗോളതലത്തിൽ 1811-ാം സ്ഥാനമാണ് ലഭിച്ചത്. ശാസ്ത്രീയ ഗവേഷണങ്ങളിലെ അസാധാരണ സംഭാവനകൾ മാനിച്ച്, 2024 മുതൽ 2026 വരെയുള്ള തുടർച്ചയായ വർഷങ്ങളിൽ ‘കരിയർ-ലോങ് സയന്റിഫിക് ഇംപാക്ട്' (ദീർഘകാല ഗവേഷണ സ്വാധീനം) പട്ടികയിലാണുള്ളത്.
27 വർഷത്തിലേറെ നീണ്ട ഗവേഷണ ജീവിതത്തിൽ ഉഷ്ണമേഖല കിഴങ്ങുവർഗ വിളകളുടെ വിളവെടുപ്പിന് ശേഷമുള്ള സാങ്കേതികവിദ്യ, വിളകളുടെ ഉപയോഗം, മൂല്യവർധന എന്നിവയിൽ ജ്യോതി നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. ഐസിഎആർ ടീം റിസർച്ച് അവാർഡ്, ടെക്നോളജി സർട്ടിഫിക്കറ്റ്, ഡോ. ജി രംഗസ്വാമി മെമ്മോറിയൽ യങ് സയന്റിസ്റ്റ് അവാർഡ്, എം എസ് ലൂസിഡ് കൊളോയിഡ്സ് ലിമിറ്റഡ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചു. 2025-ൽ ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സിന്റെ ഫെലോ ആയും തെരഞ്ഞെടുക്കപ്പെട്ടു. 2023–2026 കാലയളവിൽ ‘ജേർണൽ ഓഫ് റൂട്ട് ക്രോപ്‌സി'ന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.









0 comments