print edition മുണ്ടക്കൈ ദുരന്തബാധിതരോടും ക്രൂരത; ടൗൺഷിപ്പിൽ 13 വീട് വെട്ടിക്കുറച്ചു


അജ്‌നാസ് അഹമ്മദ്
Published on Nov 12, 2026, 01:30 AM | 1 min read
കൽപ്പറ്റ : അതിജീവനത്തിന്റെ ലോകമാതൃകയായി എൽഡിഎഫ് സർക്കാർ ഒരുക്കിയ മുണ്ടക്കൈ ടൗൺഷിപ്പിൽനിന്നും 13 വീട് വെട്ടിക്കുറച്ച് യുഡിഎഫ് സർക്കാരിന്റെ ക്രൂരത. ആകെ നിർമിക്കേണ്ട 410 വീട് 397 ആക്കി കുറച്ചു. എൽഡിഎഫ് സർക്കാർ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുമായി ഒപ്പിട്ട 299 കോടി രൂപയുടെ ഇപിസി കരാറാ(എൻജിനീയറിങ് പ്രൊക്യുയർമെന്റ് ആൻഡ് കൺസ്‌ട്രക്ഷൻ)ണ് അട്ടിമറിക്കുന്നത്. എൽഡിഎഫ് സർക്കാർ കൽപ്പറ്റ നഗരത്തിൽ ഏറ്റെടുത്ത 64.47 ഹെക്‌ടറിൽ വിഭാവനംചെയ്‌ത മാസ്റ്റർപ്ലാനാണ് മാറ്റിമറിക്കുന്നത്.
വീട് ആവശ്യപ്പെട്ട് അപ്പീൽ നൽകി നിരവധി ദുരന്തബാധിതർ കാത്തുനിൽക്കുമ്പോഴാണ് യുഡിഎഫ് സർക്കാരിന്റെ വഞ്ചന. ആദ്യഘട്ടമായി എൽഡിഎഫ് സർക്കാർ 178 കുടുംബങ്ങൾക്കാണ് വീട് നൽകിയത്. രണ്ടാംഘട്ടത്തിലെ 149 കുടുംബങ്ങൾക്ക് വീട് നൽകാനുണ്ട്. അവശേഷിക്കുന്ന 83 വീട് അർഹരായ ദുരന്തബാധിതരുടെ അപ്പീൽ പരിഗണിച്ച് കൈമാറാനാണ് എൽഡിഎഫ് സർക്കാർ തിരുമാനിച്ചിരുന്നത്. കൂടുതൽ വീടുകൾ ആവശ്യമായാൽ ടൗൺഷിപ്പിൽ നിർമിക്കാനും ആലോചിച്ചിരുന്നു.
ടൗൺഷിപ്പിൽ ചേരാൻ സന്നദ്ധരല്ലാത്ത ആദിവാസി കുടുംബങ്ങൾക്കായി 13 വീടുകൾ മാറ്റുന്നുവെന്നാണ് യുഡിഎഫ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, ചൂരൽമല പുതിയ വില്ലേജിനു സമീപത്തെ അഞ്ച് ഹെക്‌ടറിൽ ആദിവാസികൾക്കായി എൽഡിഎഫ് സർക്കാർ പുനരധിവാസ പദ്ധതി ഒരുക്കിയിരുന്നു. സ്ഥലത്തിന്റെ പട്ടയം ആദിവാസികൾക്ക് കൈമാറിയിരുന്നു. വീട് നിർമാണം ആരംഭിക്കാനിരിക്കെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. ടൗൺഷിപ്പിൽ 11.42 കിലോമീറ്റർ റോഡ്, 10 എസ്‌ടിപി, ആരോഗ്യകേന്ദ്രം, മാർക്കറ്റ്, ഉരുൾ സ്‌മാരകം, ഓപ്പൺ തിയേറ്റർ, ഫുട്‌ബോൾ ഗ്രൗണ്ട്, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, ഒമ്പതര ലക്ഷം ലിറ്റർ കുടിവെള്ള ടാങ്ക് തുടങ്ങിയവയും എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌തിരുന്നു.
6 മാസം; വാർത്തത് 29 വീട് മാത്രം
യുഡിഎഫ് അധികാരത്തിലെത്തി ആറുമാസത്തോളം പിന്നിട്ടപ്പോൾ ടൗൺഷിപ്പിൽ ആകെ വാർത്തത് 29 വീട് മാത്രം. 410 ഭവനങ്ങളിൽ 308 വീടിന്റെ വാർപ്പും പൂർത്തിയാക്കിയാണ് എൽഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞത്. നിർമാണം ആരംഭിച്ച് 320 ദിവസങ്ങൾക്കുള്ളിലായിരുന്നു 308 വീടിന്റെ വാർപ്പ് പൂർത്തിയാക്കിയത്. ഇൗ വീടുകളാണ് പുതിയ സർക്കാർ രണ്ടാംഘട്ട ഗുണഭോക്താക്കൾക്ക് നവംബറിൽ കൈമാറുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.









0 comments