ad
Deshabhimani

print edition മാപ്പുസാക്ഷികളെ സൃഷ്ടിക്കുന്നു; ഇഡിയുടേത് രാഷ്‌ട്രീയക്കളി: പിണറായി വിജയൻ

pinarayi.jpg

സിപിഐ എം മാന്നാര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മാന്നാര്‍ ബസ്‍ സ്റ്റാൻഡിലെ 
പൊതുയോഗവേദിയിലേക്ക് പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ എത്തുന്നു| ഫോട്ടോ : ജിഷ്‌ണു പൊന്നപ്പൻ

avatar
സ്വന്തം ലേഖകൻ

Published on Sep 10, 2026, 01:20 AM | 1 min read

ആലപ്പുഴ/കോട്ടയം: എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ മാപ്പുസാക്ഷികളെ സൃഷ്‌ടിച്ച്‌ രാഷ്‌ട്രീയം കളിക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ പറഞ്ഞു. ഇതിനെ നിയമപരമായും രാഷ്​ട്രീയമായും നേരിടും. ആലപ്പുഴ മാന്നാറിലും ചങ്ങനാശ്ശേരിക്ക് സമീപം ചിറവംമുട്ടത്തും വിവിധ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകളെ ഇടനിലക്കാരിയാക്കി താൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം പരിഹാസ്യമാണ്‌. മകള്‍ വീണയുടെ കമ്പനിക്ക് വളരെ മുമ്പ് രേഖാമൂലം ലഭിച്ച പണം വര്‍ഷങ്ങള്‍ക്കുശേഷം ഭര്‍ത്താവായി വന്ന റിയാസിനുവേണ്ടി സൂക്ഷിച്ചുവച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇത്ര ലജ്ജാകരമായ നിലപാടുകളെടുത്ത് ഇഡിയെ പോലുള്ള ഏജൻസി പറയുമ്പോള്‍ ‘ഇതാ കിട്ടിപ്പോയി’ എന്നനിലയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. തനിക്കെതിരെയുള്ള അമര്‍ഷവും വിദ്വേഷവും പകയുമൊക്കെ തീര്‍ക്കാൻ അച്ചുനിരത്തിയാൽ തകര്‍ന്നുപോകുന്നതല്ല തന്റെ വ്യക്തിജീവിതം.


‘ഇ‍ൗ വേട്ടയാടൽ വളരെക്കാലമായി നടക്കുന്നതാണ്. അതിന്റെ ഭാഗമായാണ് ഒരുദിവസം ഞാൻ താമസിക്കുന്ന വീട്ടി​ലേക്ക്​ കയറിവന്നത്​. അവർക്ക്​ എന്നെ പഴിചാരാൻ പറ്റണം. പക്ഷേ സഹായകരമായ ഒന്നും ലഭിക്കുന്നില്ല. നിയന്ത്രിക്കുന്നവർ പറയുന്നതിന്‌ അനുസരിച്ചായിരിക്കാം ഇഡി കാര്യങ്ങള്‍ നീക്കുന്നത്. വീണ പഠനം കഴിഞ്ഞ്​ ലോകപ്രശസ്‍ത ഐടി കമ്പനിയായ ഒറാക്കിളിലാണ് ആദ്യം ചേരുന്നത്. വിദേശത്തടക്കം ജോലിചെയ്‍തു. പിന്നീട് സ്വന്തമായി കമ്പനിയുണ്ടാക്കി. അതിന്റെ സേവനങ്ങള്‍ പല സ്ഥാപനങ്ങള്‍ക്കും നല്‍കാറുണ്ട്. സിഎംആര്‍എല്‍ കമ്പനി നല്‍കിയ പ്രതിഫലം രഹസ്യമല്ല. എല്ലാ നികുതികളും അടച്ചിട്ടുണ്ട്. മാധ്യമങ്ങൾ വലിയ അച്ചിൽ നിരത്തിയാൽ ഞാൻ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ കൈക്കൂലിക്കാരനായി മാറില്ല. ഞാൻ ജീവിച്ചത്​ എ​ങ്ങനെയാണെന്ന്​ ജനങ്ങൾക്കറിയാം. തുറന്ന പുസ്‍തകമാണത്’–പിണറായി പറഞ്ഞു.


കരുവന്നൂർ ബാങ്ക്‌ കേസിൽ എൽഡിഎഫ്‌ സർക്കാരും സഹകരണ വകുപ്പും കർശന നടപടിയെടുത്തു. അഴിമതി നടത്തിയവരെ കണ്ടെത്തുകയും ജയിലിലടയ്‌ക്കുകയും ചെയ്‌തു. ഇഡി അവിടെച്ചെന്ന്‌ പ്രതികളിൽ ചിലരെ സ്വാധീനിച്ച്‌ തങ്ങൾ പറയുന്നതുപോലെ പറയണമെന്ന്‌ ആവശ്യപ്പെട്ടു. വലിയ തെളിവ്‌ കിട്ടിയെന്നു പറഞ്ഞ്‌ സിപിഐ എമ്മിനെ പ്രതിയാക്കി. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു പാർടിയെ പ്രതിയാക്കുന്നത്‌. കേരളത്തിന്റെ സഹകരണ മേഖലയിൽ കോടികളുടെ നിക്ഷേപമുണ്ട്‌. ഇതിൽ കണ്ണുവച്ചാണ്‌ കേന്ദ്രസർക്കാരിന്റെ പ്രവർത്തനം. സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളെ എതിർത്ത്‌ തോൽപ്പിക്കാൻ കഴിയണം –പിണറായി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home