കരുത്തിന്റെ വിളംബരം
print edition തിരിച്ചുവരവ് ഉദ്‌ഘോഷിച്ച് വിപുലീകൃത യോഗം


പി വി ജീജോ
Published on Sep 17, 2026, 12:00 AM | 1 min read
കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയത്തെ അതിജീവിച്ച് സിപിഐ എം തിരിച്ചുവരുന്നതിന്റെ വിളംബരം. ജനഹൃദയങ്ങളിൽ കമ്യൂണിസ്‌റ്റ് പ്രസ്ഥാനം അജയ്യമെന്ന് വിളിച്ചോതി പതിനായിരങ്ങൾ അണിനിരന്ന മഹാറാലി. പിശകുകളും പോരായ്‌മകളും തിരുത്തി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം. മൂന്ന് ദിവസമായി കോഴിക്കോട്ട് നടന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം പ്രസ്ഥാനത്തിന് നൽകിയത് പുതിയ കരുത്തും മുന്നേറ്റവും. വർഗീയതയ്‌ക്കും ജനദ്രോഹത്തിനുമെതിരായ കരുത്തൻ പ്രക്ഷോഭങ്ങൾ തീരുമാനിച്ചുള്ള വിശാലയോഗം രാഷ്‌ട്രീയ കേരളത്തിന്റെ ഭാവി ചരിത്രത്തിലും നിർണായകമെന്ന് രേഖപ്പെടുത്തപ്പെടും.
സംഘടനാപരമായും രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും സിപിഐ എം കൂടുതൽ കരുത്തോടെ മുന്നേറുമെന്ന പ്രഖ്യാപനമാണ് കോഴിക്കോട്ട് ഉയർന്നത്. ബാലറ്റുകൾക്കുപരി ജനമനസ്സുകളിലാണ് കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാനമെന്ന് കടപ്പുറത്തെ മഹാറാലിയും യോഗവും സാക്ഷ്യപ്പെടുത്തി. പാർടി പിറന്നുവീണ മണ്ണിൽനിന്ന് പുതിയ കാലത്തിന്റെ വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ച് വളരാനുള്ള ഉൗർജപ്രവാഹവുമായാണ് യോഗം സമാപിച്ചത്. സമരാവേശ ചരിത്രവും ജനകീയതയും മൂലധനമാക്കി സിപിഐ എം ഉയരങ്ങളിലേക്ക് കുതിക്കുമെന്ന് ജനലക്ഷങ്ങൾ വിളിച്ചോതി. വലതുപക്ഷ മാധ്യമങ്ങളും പ്രതിലോമശക്തികളും വിളന്പുന്ന നുണകളിലും കെട്ടുകഥകളിലും ഒലിച്ചുപോകുന്നതല്ല പാർടിയെന്ന് അടിവരയിട്ടു.
മറ്റൊരു രാഷ്‌ട്രീയകക്ഷിക്കും അവകാശപ്പെടാനാകാത്ത നിലപാടും നയങ്ങളുമാണ് സിപിഐ എമ്മിന്റെ അടിത്തറയെന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റി തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ കാരണങ്ങളും തിരുത്തലുമായിരുന്നു മൂന്നുദിവസം ചർച്ചചെയ്‌തത്. പ്രവർത്തകരും അനുഭാവികളും എതിരാളികളും പറയുന്നത് കേൾക്കാനും തുറന്നു ചർച്ച ചെയ്യാനും പാർടി തയ്യാറായി. ജനങ്ങളെ വിശ്വാസത്തിലെടുത്തും ചേർത്തുപിടിച്ചും സുശക്തമായി പ്രവർത്തിക്കാനുള്ള തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്. അനുഭവസന്പത്തുള്ള പഴയ തലമുറയെയും പുതിയ കാലത്തിന്റെ സമരക്കൊടിയേന്തുന്ന യുവതയെയും അണിനിരത്തി പ്രതീക്ഷയും പ്രത്യാശയും ഉയർത്തിപ്പിടിച്ച് നീങ്ങുമെന്നാണ് യോഗ തീരുമാനങ്ങൾ വ്യക്തമാക്കുന്നത്.
ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരും യുഡിഎഫിന്റെ സംസ്ഥാന സർക്കാരും തുടരുന്ന ജനദ്രോഹ നയത്തിനെതിരായ സമരമുന്നണിക്ക് നേതൃത്വം നൽകാനുള്ള ചർച്ചകളും കർമപരിപാടികളും യോഗത്തിലുണ്ടായി. വലതുപക്ഷ മാധ്യമ സിൻഡിക്കേറ്റിനെയും ബിജെപി–കോൺഗ്രസ് കൂട്ടുകെട്ടിനെയും തകർത്ത് ജനകീയ ശക്തിയിൽ ഇടതുപക്ഷ രാഷ്‌ട്രീയ കുതിപ്പിനാണ് മതനിരപേക്ഷ കേരളം കാതോർക്കുന്നത്.










0 comments