print edition വെനസ്വേലയിലെ അമേരിക്കയുടെ ആക്രമണം: സംസ്ഥാനത്തെങ്ങും സിപിഐ എം പ്രതിഷേധം

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തിനെതിരെ ഹൈദരാബാദിൽ എസ്‌എഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ റാലി
തിരുവനന്തപുരം: വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെങ്ങും സിപിഐ എം പ്രതിഷേധം. മഡൂറോയെ യുഎസ് സേന ബന്ദികളാക്കിയെന്ന വാർത്ത പുറത്തുവന്നതുമുതൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധത്തിന് തുടക്കംകുറിച്ചിരുന്നു. തുടർന്ന് വ്യാപക പ്രതിഷേധത്തിന് സിപിഐ എം ആഹ്വാനംകൂടി വന്നതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു.
എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, കെഎസ്‌ടിഎ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നുകയറുന്ന അമേരിക്കൻ നിലപാട് ലോകത്തിന് ഭീഷണിയാണെന്ന മുദ്രാവാക്യങ്ങൾ തെരുവുകൾതോറും അലയടിച്ചു. ഞായറാഴ്ച കൂടുതൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും.
കടന്നുകയറ്റം അപലപനീയം: ഡിവൈഎഫ്ഐ
വെനസ്വേലയിൽ അതിക്രമിച്ചുകയറി അമേരിക്ക നടത്തിയ വ്യോമാക്രമണവും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ നടപടിയും അപലപനീയമാണെന്ന് ഡിവൈഎഫ്ഐ. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നിക്കോളാസ് മഡുറോയെയും വെനസ്വേലയെയും ഇല്ലാതാക്കാനുള്ള നടപടി ഏറെ കാലമായി ഡോണൾഡ് ട്രംപ് നടത്തുകയാണ്. വെനസ്വേലയുടെ എണ്ണസമ്പത്ത് കൊള്ളയടിക്കാനും തങ്ങളുടെ വിമർശകരായ രാജ്യത്തെ ഇല്ലായ്മ ചെയ്യാനും അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ലോകജനത ഉണരണമെന്നും പൊരുതുന്ന വെനസ്വേലൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പ്രതിഷേധാഹ്വാനവുമായി എസ്‌എഫ്‌ഐ
വെനസ്വേലയ്‌ക്കെതിരായ അമേരിക്കൻ കടന്നാക്രമണത്തെ എസ്‌എഫ്ഐ അപലപിച്ചു. വെനസ്വേലയ്‌ക്ക് ഐക്യദാർഢ്യം അറിയിച്ചും അമേരിക്കൻ കടന്നാക്രമണത്തിൽ പ്രതിഷേധിച്ചും രാജ്യവ്യാപകമായി പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കാൻ എസ്‌എ-ഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് ആഹ്വാനം ചെയ്‌തു. ഹൈദരാബാദിൽ ശനിയാഴ്‌ച എസ്‌എഫ്‌ഐ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ, ജോയിന്റ് സെക്രട്ടറി നാഗരാജു, ശിൽപ്പ എസ്, രോഹിദാസ്, അതീഖ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.
ലോക സമാധാനത്തിന് ഭീഷണി: ജനാധിപത്യ മഹിളാ അസോ.
രാജ്യങ്ങളെ കടന്നാക്രമിക്കാമെന്ന അമേരിക്കയുടെ അഹന്ത ലോകസമാധാനത്തിന് ഭീഷണിയാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സേന ബന്ദികളാക്കിയതായാണ് റിപ്പോർട്ട്. വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണം അപലപനീയമാണ്. അമേരിക്കയുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് വഴിപ്പെടാത്തതാണ് വെനസ്വേലയോട് പോരിനിറങ്ങാൻ അമേരിക്കയെ പ്രേരിപ്പിച്ചത്. മറ്റു രാഷ്ട്രങ്ങളെല്ലാം തങ്ങളുടെ അധീനതയിൽ ആയിരിക്കണമെന്ന അമേരിക്കയുടെ സമീപനം അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു കടിഞ്ഞാണിടാൻ മറ്റ് ലോകരാഷ്ട്രങ്ങൾ ഐക്യത്തോടെ അണിനിരക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് സൂസൻകോടിയും സെക്രട്ടറി സി എസ് സുജാതയും പ്രസ്താവനയിൽ പറഞ്ഞു.










0 comments