ഗുരുവായൂരിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാനാകില്ല; ബി ഗോപാലകൃഷ്ണനെതിരെ നിയമനടപടിക്ക് സിപിഐ എം

തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അഡ്വ. ബി ഗോപാലകൃഷ്ണന്റെ വർഗീയ പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ എം. ഗോപാലകൃഷ്ണന്റെ പ്രസ്താവന വർഗീയത ലക്ഷ്യംവച്ചാണ്. ഗുരുവായൂരിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ബിജെപിക്കാവില്ല. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വർഗീയ പ്രസ്താവന നടത്തിയതിനെതിരെ സിപിഐ എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. നിയമപരമായും നേരിടുമെന്ന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പ്രസ്‌താവനയിൽ പറഞ്ഞു.
ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരക്കാലത്ത് യാഥാസ്ഥിതിക പക്ഷത്താണ് സംഘപരിവാരം നിന്നത്. ഗുരുവായൂരിന്റെ വികസന ചരിത്രത്തിൽ ബിജെപിക്കോ മുൻരൂപമായ ജനസംഘത്തിനോ ഒരു പങ്കുമില്ല. ഗുരുവായൂർ ക്ഷേത്ര നഗരത്തിന്റെ സമഗ്ര വികസനത്തിന് രൂപരേഖ തയ്യാറാക്കിയതും പ്രവർത്തനങ്ങൾ നടത്തിയതും കേരളത്തിൽ അധികാരത്തിലിരുന്ന മതനിരപേക്ഷ സർക്കാരുകളും ജനപ്രതിനിധികളുമാണ്.
കഴിഞ്ഞ പത്തുവർഷത്തിനിടെ പിണറായി സർക്കാരും എൽഡിഎഫ് ഭരിക്കുന്ന നഗരസഭയും ഗുരുവായൂരിൽ വൻ വികസന പദ്ധതികൾ നടപ്പാക്കി. ഗുരുവായൂർ മേൽപ്പാലം യാഥാർഥ്യമാക്കി. 25 കോടി രൂപ കിഫ്ബിയിലൂടെ ചെലവഴിച്ചാണ് മേൽപ്പാലം പണിതത്. ക്ഷേത്രത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ പദ്ധതി നടപ്പാക്കി. മാലിന്യ പ്രശ്നവും പരിഹരിച്ചു. റോഡുകൾ, കുടിവെള്ള പദ്ധതികൾ, വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികളെല്ലാം യാഥാർഥ്യമാക്കി.തീർഥാടകരെ കൂടി പരിഗണിച്ചു കൊണ്ടാണ് 29 ലക്ഷം രൂപ ചെലവിൽ സർക്കാർ അതിഥി മന്ദിരം നിർമിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ഗസ്റ്റ് ഹൗസുകളിലൊന്നാണിത്. തിരുവെങ്കിടം റെയിൽ അടിപ്പാതക്ക് പാര വച്ച ചരിത്രവും സംഘപരിവാറിനുണ്ട്. കോടതിയിൽപോയി പദ്ധതി അനിശ്ചിതത്വത്തിലാക്കിയത് പരിവാർ സംഘടനാ നേതാവ് ആർ വി ബാബുവായിരുന്നു. എംഎൽഎയും ഗുരുവായൂർ നഗരസഭയും നടത്തിയ ഇടപെടലുകളാണ് അടിപ്പാത പദ്ധതിക്ക് വീണ്ടും ജീവൻ വയ്‌പിച്ചത്.
ജനപ്രതിനിധികളുടെ മതം പറഞ്ഞ് ആക്ഷേപിക്കുന്ന ബിജെപി നേതാവിന് ഇതേക്കുറിച്ചൊന്നുമറിയില്ല. ഗുരുവായൂരിന് വേണ്ടി യാതൊന്നുംചെയ്യാത്ത നേതാവിന്റെ ഇത്തരം ആക്ഷേപം പ്രതിഷേധാർഹമാണ്. രണ്ടു വർഷമായി തൃശൂർ എംപിയായ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിലക്ഷണ പ്രസ്താവനകളല്ലാതെ ക്രിയാത്മകമായ പദ്ധതികളൊന്നും ഗുരുവായൂരിന് വേണ്ടി ചെയ്തില്ല. ഈ ചോദ്യത്തിന് മറുപടി ഇല്ലാത്തതു കൊണ്ടാണ് ബിജെപി നേതാവ് വർഗീയ ധ്രുവികരണത്തിന് ശ്രമിക്കുന്നതെന്നും, ഇത് വിലപ്പോവില്ലെന്നും അബ്ദുൾ ഖാദർ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments