പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സിപിഐ എം; സിപിഐ ഇടപെടില്ല: ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സിപിഐ എമ്മിന്റേതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിൽ ഇടപെടാൻ സിപിഐയ്ക്ക് താൽപര്യമില്ല. ചില മാധ്യമങ്ങൾ ഈ വിഷയത്തിൽ പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയം ഉൾക്കൊണ്ട് പാഠങ്ങൾ പഠിക്കുമെന്നും ആവശ്യമായ തിരുത്തൽ വരുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. പരാജയത്തിനു പിന്നാലെ ഇടതുപക്ഷം കളമൊഴിഞ്ഞു പോകില്ല. എവിടെയെല്ലാം വീഴ്ചയുണ്ടായി, എന്തെല്ലാം കുറവുണ്ടായി എന്നതുൾപ്പെടെ എല്ലാം നോക്കും. മാറ്റങ്ങൾ വരുത്തും. ഇടതുപക്ഷത്തിന് മുമ്പോട്ടേ പോകാൻ പറ്റൂ. ഞങ്ങൾ ഇവിടെ ജനങ്ങളുടെ കൂടെത്തന്നെ ഉണ്ടാകും.
പ്രതീക്ഷയ്ക്ക് അതീതമായ ഫലമാണ് ഉണ്ടായത്. അതേക്കുറിച്ച് ഗൗരവമായി പഠിക്കേണ്ടതുണ്ട്. പാർട്ടി സംസ്ഥാന നേതൃയോഗത്തിനു പുറമെ എല്ലാ ജില്ലകളിലും യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും. അതിന്റെയെല്ലാം വെളിച്ചത്തിൽ പാർട്ടി സംസ്ഥാന കൗൺസിൽ ചേരും. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഓരു പാർട്ടിക്കും മുൻകൂട്ടി കാണാനാവാത്ത അടിയൊഴുക്കുണ്ടായിട്ടുണ്ട്. എല്ലാ സീറ്റുകളിലേയും ഫലം പരിശോധിക്കും. ബിജെപി മൂന്ന് സീറ്റുമായി നിയമസഭയിലെത്തിയതിനെ കമ്യൂണിസ്റ്റ് പാർട്ടിയും മതേതര ശക്തികളും ഗൗരവമായി കാണണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.










0 comments