ഇഡി നീക്കം തെരഞ്ഞെടുപ്പ് ലാക്കാക്കി; നിയമപരമായും രാഷ്ട്രീയമായും നേരിടും: സിപിഐ എം

തൃശൂർ: ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി മാറിയ, ഇ ഡി പോലുള്ള കേന്ദ്രഏജൻസികളുടെ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഐ എം ജില്ലാകമ്മിറ്റി. കെ രാധാകൃഷ്ണൻ എംപിക്കെതിരെയുള്ള ഇ ഡി നോട്ടീസ് ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. സത്യസന്ധവും സുതാര്യവുമായ ജീവിതമാണ് കെ രാധാകൃഷ്‌ണന്റെത്. ഈ നാട്ടിലെ മുഴുവൻ ജനങ്ങൾക്കും അതറിയാം. അഴിമതിയുടെയോ വ്യക്തിതാൽപ്പര്യങ്ങളുടെയോ ഒരു കണികപോലും അദ്ദേഹത്തിൽ ആരോപിക്കാൻ കടുത്ത രാഷ്ട്രീയ എതിരാളികൾക്ക് പോലും കഴിഞ്ഞിട്ടില്ല. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്നവരെ നുണകൾ ആവർത്തിച്ച് തകർത്തുകളയാം എന്ന രാഷ്ട്രീയ ദുഷ്ടലാക്കിനെ ചെറുക്കാൻ ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ഉണ്ടാകണം.
കരുവന്നൂർ കേസിൽ ഇഡി കെട്ടിപ്പൊക്കിയ നുണക്കോട്ടയുടെ നെറുകെയിൽ ഹൈക്കോടതി നൽകിയ പ്രഹരം അരവിന്ദാക്ഷൻ കേസിൽ വ്യക്തമായതാണ്. കേസന്വേഷണത്തിന് മതിയായ സമയം ലഭിച്ചിട്ടും അനന്തമായി നീട്ടികൊണ്ടു പോകുന്നത് അപവാദ പ്രചാരണത്തിന് വേണ്ടിയാണ്. ഇഡിയുടെ ഇരട്ടത്താപ്പ് കൊടകര കുഴൽപ്പണകേസിൽ വ്യക്തമായതാണ്. ബിജെപിയുടെ ജില്ലാ ഓഫീസ് സെക്രട്ടറിയായ തിരൂർ സതീഷ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിട്ടും ഇതുവരെ അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ ഇഡി തയ്യാറായിട്ടില്ല. ഈ കേസിൽ അന്വേഷണം പൂർത്തിയായെന്നാണ് ഇഡി സത്യവാങ്‌മൂലം നൽകിയത്.
കൊടുങ്ങല്ലൂരിലെ കള്ളനോട്ട് കേസ് ഇഡി അന്വേഷിക്കണമെന്ന് കേരള പൊലീസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. കൊടകര കുഴൽപ്പണം കേസിലും കൊടുങ്ങല്ലൂർ കള്ളനോട്ട് കേസിലും പ്രതികൾ ബിജെപിക്കാരായത് കൊണ്ടാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ താൽപ്പര്യാനുസരണം രൂപീകൃതമായ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ പലതും ജനങ്ങളെ കബളിപ്പിച്ച് കോടികൾ കവരുന്നുവെന്ന പരാതി വ്യാപകമാണ്. കുന്നംകുളം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ ശാഖകളായി പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റികൾക്കെതിരെ നിക്ഷേപകരായ നൂറ്റമ്പതിൽപരം ആളുകൾ പൊലീസിൽ രേഖാമൂലം പരാതി നൽകിയിരിക്കുകയാണ്. ഇതേകുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ ഇഡി തയ്യാറാകാത്തത് ഇരട്ടത്താപ്പാണ്. ഈ കള്ളക്കളിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതികരിക്കുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ വ്യക്തമാക്കി.









0 comments