അധിക്ഷേപ പരാമർശം: പി എം എ സലാമിന്റേത് തരംതാണ നിലപാട്- സിപിഐ എം

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ അധിക്ഷേപിച്ച മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാദകൾ പാലിക്കാത്തതുമാണെന്ന് സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ വിമർശങ്ങൾക്ക് അവസരം ലഭിക്കാതിരിക്കുമ്പോൾ മോശം പരാമർശങ്ങളിലൂടെ അപകീർത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണ്.
ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന്റെ നേതൃനായകനായ മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകർക്കാമെന്ന് കരുതേണ്ട. പൊതുപരിപാടിയിലെ അധിക്ഷേപ പരാമർശം കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെപ്പോലും കളങ്കപ്പെടുത്തുന്നതാണ്. ലീഗിന്റെ സാസ്കാരിക അപചയമാണ് ഇതിലൂടെ വ്യക്തമായത്. രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള സംസ്കാരശൂന്യമായ പരാമർശങ്ങൾ ലീഗ് നേതൃത്വം ഒഴിവാക്കണം. വ്യക്തി അധിക്ഷേപം പിൻവലിച്ച് പി എം എ സലാം കേരളീയ സമൂഹത്തോട് മാപ്പ് പറയണം. സലാമിന്റെ പരാമർശത്തിനെതിരെ ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.










0 comments