print edition ഇഡി വേട്ടയ്ക്കെതിരെ രാഷ്ട്രീയ, നിയമ പോരാട്ടം

സ്നേഹാഭിവാദ്യം ... സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന ബഹുജന റാലിയെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, ജനറൽ സെക്രട്ടറി എം എ ബേബി എന്നിവർ അഭിവാദ്യം ചെയ്യുന്നു. പി മോഹനൻ, എം മെഹബൂബ്, എ പ്രദീപ് കുമാർ, പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ സമീപം
കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന രാഷ്ട്രീയ വേട്ടയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയോഗം വ്യക്തമാക്കി. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസിനെയും കുടുംബത്തെയും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിനുവേണ്ടിയുള്ള രാഷ്ട്രീയവേട്ട.
പിണറായിയുടെ മകളുടെ കമ്പനിയും സിഎംആർഎല്ലും നിയമപരമായ കരാറിന്റെ അടിസ്ഥാനത്തിൽ ബിസിനസ് നടത്തിയിട്ടുണ്ട്. അതിന്റെ ആദായനികുതിയും ജിഎസ്ടിയും അടച്ചിട്ടുണ്ട്. ബാങ്ക് മുഖേനയാണ് വേതനം കൈപ്പറ്റിയത്. ഉന്നത രാഷ്ട്രീയ നേതാവിന്റെ മകളാണെന്ന് ഏകപക്ഷീയമായി രേഖപ്പെടുത്തിയത് രാഷ്ട്രീയവേട്ടയുടെ തെളിവായിരുന്നു. ഇപ്പോൾ ഇഡി, പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ ഉള്ളടക്കം നേരത്തെ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ വിജിലൻസ് കോടതികളിൽ നൽകിയ പരാതികളുടെ ആവർത്തനമാണ്. സിഎംആർഎല്ലിന് അനുകൂലമായി യാതൊരു തെറ്റായ നടപടികളും ഉണ്ടായിട്ടില്ലെന്ന് വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും കണ്ടെത്തിയിരുന്നു.
പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെയും വീടുകളിൽ റെയ്ഡ് നടത്തിയിട്ടും യാതൊന്നും കണ്ടെത്താനായില്ല. റിയാസിന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയാണ് ഹവാല പണം കൈമാറിയെന്ന മൊഴി പടച്ചുണ്ടാക്കിയത്. സിഎംആർഎൽ ഓഫീസ് റെയ്ഡ് ചെയ്തപ്പോൾ കിട്ടിയതെന്ന് അവകാശപ്പെടുന്ന രേഖയിൽ 182 കോടി വിവിധ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും നൽകിയതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയതായി പറയുന്നു. അത്തരമൊരു മൊഴി ഒരു ഉദ്യോഗസ്ഥന്റെ പേരിൽ തയ്യാറാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഇഡി കേസെടുക്കാൻ കത്ത് നൽകിയത്. എന്നാൽ, അതേ രേഖയിലും മൊഴിയിലും ആരോപണ വിധേയരായ യുഡിഎ-ഫ് മന്ത്രിമാരുണ്ട്. അതിലൊരാൾ ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കീഴിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഇഡി ആവശ്യപ്പെട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.
വ്യാജ രേഖകൾ നിർമിച്ച് ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും ദീർഘകാലം ജയിലിലടയ്ക്കുകയും ഇതിന്റെ മറവിൽ രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെയും ഇഡി വേട്ടയാടി. ബിജെപിയിൽ ചേർന്നാൽ അത്തരം കേസുകൾ അവസാനിക്കുന്ന നടപടിയാണ് രാജ്യമാകെയുണ്ടായത്. ഇത്തരം വേട്ടയാടലുകൾക്കെതിരെ ദേശീയതലത്തിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് കേരളത്തിൽ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും വേട്ടയാടുന്ന ഏജൻസികളെ പിന്തുണയ്ക്കുകയാണ്. ഇഡിയുടെ രാഷ്ട്രീയ വേട്ടയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം.
മാധ്യമങ്ങളെ മുൻനിർത്തി ഇടതുപക്ഷ വിരുദ്ധ പ്രചാരണം നടത്താനാണ് വലതുപക്ഷ ശക്തികൾ ഈ നടപടികളെ ഉപയോഗിക്കുന്നത്. ഇഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയെ പ്രതിരോധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും വിപുലീകൃത സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്തു.
കേന്ദ്രനയം ചെറുക്കാൻ പ്രക്ഷോഭം
കോഴിക്കോട്: കേന്ദ്ര സര്ക്കാര് രാജ്യത്ത് നടപ്പാക്കുന്ന കോർപറേറ്റ് -ഹിന്ദുത്വ -അമിതാധികാര പ്രവണതകള്ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള് ഉയർത്തിക്കൊണ്ടുവരാൻ സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. കോർപറേറ്റുകള്ക്ക് അനുകൂലമായ നയങ്ങളാണ് ഓരോ മേഖലയിലും കേന്ദ്രം നടപ്പാക്കുന്നത്. ബ്രിട്ടീഷ് കാലത്തുപോലും നിലനിന്നിട്ടുള്ള തൊഴിലാളികളുടെ അവകാശത്തെ തകർക്കുന്നതാണ് ലേബർകോഡ്. കോർപറേറ്റ് നികുതി കുറച്ചും അവരുടെ കടങ്ങള് എഴുതിത്തള്ളിയുമാണ് മുന്നോട്ടുപോക്ക്.
പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപം വന്കിട കുത്തകകളുടെ താൽപ്പര്യങ്ങള്ക്കായി മാറ്റപ്പെടുകയാണ്. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഭരണഘടനാ ഭേദഗതിക്കായി കൃത്രിമമായ ഭൂരിപക്ഷം ഉണ്ടാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. വന്കിടക്കാര്ക്ക് പരവതാനി വിരിക്കുകയും പാവപ്പെട്ടവര്ക്ക് ദുരിതം വിതയ്ക്കുകയുമാണ് . രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ മേഖലകളും സ്വകാര്യ കുത്തകകള്ക്ക് തീറെഴുതുന്നു. രാജ്യത്ത് തൊഴിലില്ലായ്മ വലിയ തോതില് കുതിക്കുകയാണ്. കേന്ദ്ര ഏജന്സികള് നടത്തുന്ന പരീക്ഷകളെല്ലാം അട്ടിമറിക്കപ്പെടുമ്പോഴാണ് വിദ്യാർഥികൾക്ക് സമരവുമായി രംഗത്തിറങ്ങേണ്ടി വന്നത്. മാധ്യമ മേഖലയില് പിടിമുറുക്കുന്ന നിലപാടും കേന്ദ്രം സ്വീകരിക്കുന്നു.
കോർപറേറ്റനുകൂല നയങ്ങള്ക്കെതിരെ ശക്തമായ ജനകീയ വികാരം ഉയരുന്നുണ്ട്. ഇവയെ ദുര്ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വര്ഗീയ ഫാസിസ്റ്റ് അജൻഡകള് രാജ്യത്ത് നടപ്പാക്കുന്നത്. ഏകീകൃത സിവിൽ നിയമവും എസ്ഐആർ രൂപീകരണവും പൗരത്വ ഭേദഗതി നിയമം അടിച്ചേൽപ്പിക്കലുമെല്ലാം ഇതിന്റെ ഭാഗമാണ്.
കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്ക്കെതിരെ കര്ഷകരും തൊഴിലാളികളുമെല്ലാം ശക്തമായ പ്രക്ഷോഭത്തിലാണ്. ആഗസ്ത് പത്തിന് തൊഴിലാളികളും കര്ഷകരും സംയുക്തമായി നടത്തിയ പോരാട്ടവും ശ്രദ്ധേയമാണ്. രാജ്യത്തെമ്പാടും ഉയര്ന്നുവരുന്ന ഇത്തരം പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും വിപുലീകൃത സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
ജനദ്രോഹ നയങ്ങൾ തിരുത്തിക്കാൻ അണിനിരക്കുക
കോഴിക്കോട്: ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കിയും വർഗീയ ശക്തികളുമായി ചേർന്ന് കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുകയും ചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ അണിനിരക്കാൻ സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുചേർന്ന് അധികാരത്തിലെത്തിയ യുഡിഎഫ് അവരുടെ നയങ്ങളുമായും യോജിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന സർക്കാരിനെപ്പോലെയാണ് യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനം.
നയപ്രഖ്യാപനത്തിലും ബജറ്റിലും കേന്ദ്ര നയങ്ങളെ വിമർശിക്കാൻ യുഡിഎഫ് തയ്യാറായില്ല. സത്യപ്രതിജ്ഞാ ചടങ്ങിലടക്കം വന്ദേമാതരം പൂർണമായി ആലപിച്ചു. സർക്കാർ പരിപാടികളിലെല്ലാം സംഘപരിവാറിന്റെ ഈ അജൻഡ നടപ്പാക്കുകയാണ്.
ലൈഫ് ഭവന പദ്ധതിയിൽ ലോഗോ പതിക്കാനുള്ള അനുമതിയും നൽകുന്നു. വിദ്യാഭ്യാസ രംഗത്ത് വർഗീയ അജൻഡകൾക്ക് എല്ലാവിധ പ്രോത്സാഹനവും യുഡിഎഫ് നൽകുകയാണ്. ഗവർണറെ ഉപയോഗപ്പെടുത്തിയുള്ള കേന്ദ്ര ഇടപെടലിനെ പ്രതിരോധിക്കുന്നില്ല. വിലക്കയറ്റം രൂക്ഷമായി. പിഎസ്സിയെ തകർക്കാനുള്ള നിലപാടും സ്വീകരിക്കുന്നു. പിഎം ശ്രീ പദ്ധതി നടപ്പാക്കാനും മുന്നിട്ടിറങ്ങുകയാണ്.
സർവകലാശാലകളിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റുന്നവിധം നിയമന സംവിധാനങ്ങൾ നടപ്പാക്കുന്നു.
വഖഫ് ബോർഡ് നിയമനത്തിലും ബിജെപി നയത്തെ പിന്തുണയ്ക്കുകയാണ് യുഡിഎഫ്. മിഷൻ സമുദ്ര പദ്ധതിയിലൂടെ കരിമണൽ ഖനനം പോലും സ്വകാര്യമേഖലയ്ക്ക് വിടാനുള്ള നടപടിയാണ് തുടരുന്നത്. നെടുമ്പാശേരി വിമാനത്താവളം അദാനിക്ക് തീറെഴുതാനും ശ്രമമുണ്ട്. തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര നടപടിക്കെതിരെ നിലപാട് സ്വീകരിക്കാനുമാകുന്നില്ല. അധികാരമേറ്റാൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയും നടപ്പാക്കുന്നില്ല.
ലൈഫ്, സ്ത്രീ സുരക്ഷ, കണക്ട് ടു വർക്ക് പദ്ധതികളെല്ലാം തകർക്കുകയാണ്. ക്ഷേമ പെൻഷനുകളും അട്ടിമറിക്കുന്നു. 10 വർഷമില്ലാതിരുന്ന പവർകട്ട് തിരികെ വന്നു. കാലവർഷക്കെടുതിയെ മറികടക്കാനുള്ള യാതൊരു ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുമില്ല. പൊലീസ് ഇടപെടലുകൾക്കെതിരെ കോടതി തന്നെ രംഗത്തിറങ്ങുന്ന സ്ഥിതിയുണ്ടായി. വിഖ്യാതമായ ആരോഗ്യമേഖലയും തകർച്ചയിലാണ്.
ജനകീയാസൂത്രണത്തിനുള്ള പണത്തിലും വലിയ കുറവ് വരുത്തി. മദ്യ നികുതി കുറയ്ക്കുന്നത് അഴിമതിയാണെന്ന് പ്രതിപക്ഷത്തിരിക്കുമ്പോൾ നിലപാട് സ്വീകരിച്ചവർ അതിവേഗം വൻകിട കമ്പനികൾക്കുവേണ്ടി നികുതി കുറച്ച് ഫിനാൻസ് ബില്ലിന്റെ ഭാഗമാക്കി. പ്രതിഷേധിക്കുന്നവരെ ഭീകരമായി മർദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നു. ഇത്തരം ജനവിരുദ്ധ നിലപാടുകൾക്കെതിരായ പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റിയോഗം ആഹ്വാനംചെയ്തു.
പാർടിയെ കൂടുതൽ കരുത്തുറ്റതാക്കും: എം വി ഗോവിന്ദൻ
കോഴിക്കോട്: ജനകീയബന്ധം ദൃഢമാക്കി സിപിഐ എമ്മിനെ കൂടുതൽ കരുത്തുറ്റ പാർടിയാക്കി മാറ്റുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ല. എല്ലാ തെറ്റുകളും തിരുത്തി ശരിയായ ദിശാബോധത്തിൽ മുന്നോട്ടുപോകും. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് സമാപനംകുറിച്ച് നടന്ന മഹാറാലിയിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഡിയെ ഉപയോഗിച്ച് ഇടതുപക്ഷത്തെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും എങ്ങിനെ പ്രതിയാക്കാമെന്ന ഗവേഷണമാണ് ഇഡി നടത്തുന്നത്. ആളുകളെ ഭീഷണിപ്പെടുത്തി മൊഴികൾ സൃഷ്ടിക്കാനുള്ള ശ്രമവുമുണ്ട്. ഒരുവിഭാഗം മാധ്യമങ്ങൾ തെളിവെന്ന പേരിൽ കള്ളപ്രചാരണം നടത്തുകയാണ്. ഇതിനെ ശക്തമായി നേരിടും. യുഡിഎഫ് സർക്കാരിന്റെ തെറ്റായ നിലപാടുകളെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടി മുന്നോട്ട് പോകും. ഗുണമേന്മയുള്ള ജീവിതം നയിക്കാൻ കേരളത്തെ പ്രാപ്തമാക്കിയത് ഇടതുപക്ഷമാണ്. യുഡിഎഫ് അധികാരത്തിലെത്തിയതോടെ കടലും തീരവും മത്സ്യസമ്പത്തുമെല്ലാം കുത്തകകൾക്ക് തീറെഴുതാനാണ് ശ്രമം. പത്തുവർഷം മലയാളി അനുഭവിക്കാത്ത പവർകട്ട് യുഡിഎഫ് വന്ന് ദിവസങ്ങൾക്കുള്ളിൽ പതിവായിമാറി. വീട്ടമ്മമാർക്ക് ഏർപ്പെടുത്തിയ സ്ത്രീസുരക്ഷാ പെൻഷൻ ഇല്ലാതാക്കി. കേരളത്തെ കൂരിരുട്ടിലേക്ക് നയിക്കുന്ന യുഡിഎഫിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തോറ്റത് ബാലറ്റിലാണ്, ജനഹൃദയങ്ങളിലല്ല: എ വിജയരാഘവൻ
കോഴിക്കോട്: കേരളത്തിൽ ഇടതുപക്ഷം തോറ്റത് ബാലറ്റിൽ മാത്രമാണെന്നും ജനഹൃദയങ്ങളിലല്ലെന്നും തെളിയിക്കുന്നതാണ് കോഴിക്കോട് ബീച്ചിൽ അണിനിരന്ന ജനസാഗരമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ഒരുദശാബ്ദം കേരളം ഭരിച്ച എൽഡിഎഫിന്റെ ബദൽ നയങ്ങൾ സാധാരണക്കാരന്റെ കണ്ണീരൊപ്പുന്നതായിരുന്നു. തോറ്റത് കൊണ്ടുമാത്രം ആ നന്മകൾ മായ്ച്ച് കളയാനാകില്ല. സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ സമാപന റാലിയിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ. എല്ലാ വർഗീയശക്തികളെയും ശക്തിപ്പെടുത്തിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. കേരളത്തിൽ സംഘപരിവാർ താൽപ്പര്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല, ബംഗാൾപോലെ സംഘപരിവാറിനെ അധികാരത്തിലെത്തിക്കാനുള്ള രാഷ്ട്രീയ പ്രക്രിയയിൽ മുസ്ലിംലീഗുകൂടി പങ്കാളിയാകുന്ന ഗതികെട്ട കാലത്തിലേക്ക് നാട് പോകാതിരിക്കാനുള്ള ജാഗ്രതപാലിക്കണമെന്നും വിജയരാഘവൻ അഭ്യർഥിച്ചു.
ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട്: കെ കെ ശൈലജ
കോഴിക്കോട്: ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സിപിഐ എം ശക്തമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ പറഞ്ഞു. പുതിയ കാലഘട്ടത്തിനനുസരിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള തീരുമാനമാണ് പാർടി എടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ പരാജയമുണ്ടാകാൻ മാത്രമുള്ള തെറ്റ് സിപിഐ എമ്മിന് ഉണ്ടായിട്ടില്ല. എന്നാൽ, പ്രവർത്തനരംഗത്ത് ചില പാളിച്ചകൾ സംഭവിച്ചു.
അത് തിരുത്താനുള്ള ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്തിട്ടുണ്ട്. പരാജയ കാരണം വിശദമായി പരിശോധിച്ചു. സകല വർഗീയശക്തികളെയും എൽഡിഎ-ഫിനെതിരെ തിരിച്ചുവിടുന്നതിൽ ചിലർ വിജയിച്ചു. കോൺഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് ഇടതുപക്ഷത്തിനെതിരെ പ്രചാരണങ്ങൾ നടത്തി. ഇത് ചെറുക്കാൻ എൽഡിഎഫിന് സാധിച്ചില്ല. ജനമനസ്സിലുള്ള ഇടതുപക്ഷ സ്വഭാവം നിലനിർത്താനും വർഗീയതക്കെതിരായ മനോഭാവം ശക്തമാക്കാനും വേണ്ടി പ്രവർത്തിക്കും– സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി സമാപനാർഥം ചേർന്ന റാലിയിൽ അവർ പറഞ്ഞു.









0 comments