വേനലിനെ വകവക്കാത്ത ജനകീയ പ്രതിരോധം; എൽഡിഎഫ് പ്രവർത്തകർക്ക് അഭിവാദ്യങ്ങളുമായി എം വി ഗോവിന്ദൻ

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
തിരുവനന്തപുരം : കത്തുന്ന വേനലിനെപ്പോലും വകവെക്കാതെ ജനമനസ്സുകളിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സന്ദേശമെത്തിച്ച ലക്ഷക്കണക്കിന് എൽഡിഎഫ് പ്രവർത്തകരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിവാദ്യം ചെയ്തു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പണമൊഴുക്കിനും അപവാദ പ്രചാരണങ്ങൾക്കുമെതിരെ വെയിലിനെ അവഗണിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ച ഓരോ പ്രവർത്തകനും ഈ രാഷ്ട്രീയ പോരാട്ടത്തിന്റെ കരുത്താണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കണക്കുകളെ സംബന്ധിച്ച ചില സുപ്രധാന വസ്തുതകൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടർ പട്ടികയിൽ നടന്ന എസ്ഐആറിന് ശേഷം 94 മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
തിരുവനന്തപുരം മണ്ഡലത്തിൽ മാത്രം 47,647 വോട്ടർമാരുടെ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 71 മണ്ഡലങ്ങളിലും 2021നേക്കാൾ പോളിങ് ശതമാനം കുറഞ്ഞു. വോട്ടിന്റെ എണ്ണത്തിൽ വന്ന ഈ കുറവ് രാഷ്ട്രീയമായി വിശകലനം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫും ബിജെപിയും പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നത് വ്യക്തമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന രാഷ്ട്രീയ വൈകൃതങ്ങൾ വരെ കേരളത്തിൽ പരീക്ഷിക്കപ്പെട്ടു. അതായത് വോട്ടിന് പണം നൽകുന്ന രീതി. ഈ സങ്കുചിത നീക്കങ്ങളെ ജനകീയ അടിത്തറ കൊണ്ടാണ് എൽഡിഎഫ് പ്രതിരോധിച്ചതെന്ന് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ജാതിയധിക്ഷേപത്തെ തുടർന്ന് വിദ്യാർഥി നിതിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിജസ്ഥിതി കൃത്യമായി പരിശോധിക്കപ്പെടണം. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.









0 comments