ad
Deshabhimani

print edition ബഹിരാകാശ ഗവേഷണശേഷികളും 
വിറ്റുതുലയ്‌ക്കുന്നു

deshabhimani editorial
വെബ് ഡെസ്ക്

Published on Sep 08, 2026, 01:31 AM | 2 min read

രാജ്യത്തിന്റെ ഏറ്റവും തന്ത്രപ്രധാന കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ)യെക്കുറിച്ച് ഒട്ടേറെ വാർത്തകളും വ്യാഖ്യാനങ്ങളും ദിവസങ്ങളായി പ്രചരിക്കുന്നു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) രണ്ടു ദൗത്യങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതിനുപിന്നാലെയാണിത്‌. ഇതിനുപിന്നിൽ അട്ടിമറിയുണ്ടെന്നതാണ് പ്രധാനമായും ഉയർന്ന ആഖ്യാനം. രണ്ടു പരാജയങ്ങൾക്കും ഒരേ സാങ്കേതികത്തകരാറാണ് കാരണമെന്നും പറയപ്പെടുന്നു. അട്ടിമറിവാദത്തെ സാധൂകരിക്കുന്ന വസ്‌തുതകൾ പൊതുസമൂഹത്തിനുമുന്നിൽ വന്നിട്ടില്ല. ഔദ്യോഗിക അന്വേഷണങ്ങൾ പൂർത്തിയാകുന്നതിനുമുമ്പ് ഇത്തരം ആരോപണങ്ങളെ അന്തിമമായി കാണുന്നത് യുക്തിസഹമല്ല. ലോകത്തിലെ ഏറ്റവും മുന്നിലുള്ള ബഹിരാകാശ ഏജൻസികൾക്കുപോലും റോക്കറ്റ് വിക്ഷേപണ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ഓരോ പരാജയത്തെയും അട്ടിമറിയുമായി ബന്ധിപ്പിക്കുന്നതിനുപകരം ശാസ്ത്രീയപരിശോധനയുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ കാരണങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്.


ഇതോടൊപ്പം നടക്കുന്ന മറ്റു ചില മാറ്റങ്ങളെയും നയപരമായ നീക്കങ്ങളെയും പരിശോധിക്കുമ്പോൾ, കൂടുതൽ ഗൗരവമുള്ള ഒരു ചോദ്യം ഉയരുന്നു: രാജ്യത്തിന്റെ പൊതുസമ്പത്തും 60 വർഷത്തിലേറെ നീണ്ട ശാസ്‌ത്രസാങ്കേതിക അധ്വാനവുംകൊണ്ട് പടുത്തുയർത്തിയ ഐഎസ്ആർഒയുടെ അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികശേഷികളും ക്രമേണ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന പ്രക്രിയയാണോ നടക്കുന്നത്? 1962-ൽ തിരുവനന്തപുരം തുമ്പ കേന്ദ്രമാക്കി ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ ‌സ്‌പേസ് റിസർച്ച് (ഇൻകോസ്‌പാർ) എന്ന പേരിൽ അറ്റോമിക് എനർജി വകുപ്പിനുകീഴിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് പിന്നീട് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിന്റെ അടിത്തറയായത്. ഇന്ന് ലോകത്തിലെ മുൻനിര ബഹിരാകാശ ശക്തികളിലൊന്നാണ്‌ ഇന്ത്യ. ഇത് ഏതെങ്കിലും ഒരു ശാസ്ത്രജ്ഞന്റെയോ ഭരണാധികാരിയുടെയോമാത്രം നേട്ടമല്ല. ശാസ്‌ത്രജ്ഞർമുതൽ താൽക്കാലിക തൊഴിലാളികൾവരെ ആയിരക്കണക്കിന് മനുഷ്യരുടെ കൂട്ടായ അധ്വാനത്തിന്റെ ഫലമാണിത്‌.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും നേരിട്ട് സ്വാധീനിക്കുന്ന അനേകം മേഖലകളിലേക്ക് ഉപഗ്രഹ സാങ്കേതികവിദ്യ എത്തിച്ചത് ഐഎസ്ആർഒയാണ്. രാജ്യസുരക്ഷയ്ക്കും പൊതുസേവനങ്ങൾക്കും ആവശ്യമായ ഉപഗ്രഹങ്ങളെ അവയുടെ നിർദിഷ്ട ഭ്രമണപഥങ്ങളിൽ എത്തിക്കുന്ന വിക്ഷേപണവാഹനങ്ങളുടെ രൂപകൽപ്പനയും നിർമാണവും ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്തത് വലിയ തന്ത്രപ്രധാന നേട്ടമാണ്. ഈ ശേഷി സ്വയം വികസിപ്പിച്ചെടുത്തത് രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക സ്വയംപര്യാപ്‌തതയുടെ തെളിവാണ്. ഇത്തരം പശ്ചാത്തലത്തിലാണ് ബഹിരാകാശമേഖലയിലേക്ക് സ്വകാര്യ കമ്പനികൾക്ക് കൂടുതൽ പ്രവേശനം അനുവദിക്കുന്ന നയപരമായ മാറ്റങ്ങളെ പരിശോധിക്കേണ്ടത്. 2018-ൽ ഇൻ–-സ്‌പേസ്‌ എന്ന ഏജൻസിയുടെ രൂപീകരണശേഷം ഐഎസ്ആർഒയുടെ അടിസ്ഥാനസൗകര്യങ്ങൾ സ്വകാര്യസ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്നതരത്തിൽ തുറന്നുകൊടുക്കുന്ന നടപടികൾ ശക്തമായി. കുറഞ്ഞ നിരക്കിൽ പൊതുവായി ലഭ്യമാക്കുന്ന സൗകര്യങ്ങൾ, വിക്ഷേപണസംവിധാനങ്ങളുടെ ഉപയോഗം, പുതിയ വിക്ഷേപണകേന്ദ്രങ്ങളിലേക്കുള്ള സ്വകാര്യ പ്രവേശനം തുടങ്ങിയവ ഈ മാറ്റത്തിന്റെ ഭാഗമാണ്. താഴ്‌ന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങൾ എത്തിക്കുന്നതിനായി വികസിപ്പിച്ച എസ്എസ്‌എൽവിയുമായി ബന്ധപ്പെട്ട നിർമാണവും വിക്ഷേപണസൗകര്യങ്ങളും സ്വകാര്യപങ്കാളിത്തത്തിനായി തുറന്നിടുന്നതും തമിഴ്‌നാട്ടിലെ തൂത്തുക്കുടി മേഖലയിൽ ഒരുക്കുന്ന വിക്ഷേപണസൗകര്യങ്ങളുമായി ബന്ധപ്പെട്ട നടപടികളും ഈ നയപരമായ മാറ്റത്തിന്റെ വ്യാപ്‌തി വ്യക്തമാക്കുന്നു. വിക്രം–-1 റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തിന് ലഭിച്ച വലിയ പ്രചാരണം സ്വകാര്യ ബഹിരാകാശമേഖലയ്ക്ക്‌ നൽകുന്ന പുതിയ പ്രാധാന്യത്തിന്റെ സൂചനയായി കാണാം. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ വിക്ഷേപണസൗകര്യങ്ങൾ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. പ്രധാനമന്ത്രിയും സംരംഭത്തെ അഭിനന്ദിച്ചു.


സ്വകാര്യമേഖലയിലേക്ക്‌ ബഹിരാകാശ സാങ്കേതികവിദ്യയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ആശങ്കകൾ രാഷ്ട്രീയവിമർശം മാത്രമായി കാണാനാകില്ല. ഇക്കഴിഞ്ഞ മാർച്ച് 25-ന് പാർലമെന്റിൽ അവതരിപ്പിച്ച വകുപ്പുതല പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ 410–-ാംറിപ്പോർട്ട് ഈ വിഷയത്തിൽ ഗൗരവമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശമേഖലയിലെ സാങ്കേതികവിദ്യകൾ അവയുടെ വാണിജ്യസാധ്യതയുമായി താരതമ്യം ചെയ്യുമ്പോൾ അനുപാതാതീതമായി കുറഞ്ഞ വിലയിലാണ്‌ സ്വകാര്യസ്ഥാപനങ്ങൾക്ക് കൈമാറുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. പൊതുസമ്പത്തിൽനിന്ന് സൃഷ്ടിക്കപ്പെട്ട അറിവിന്റെ സാമ്പത്തികനേട്ടം പൊതുസമൂഹത്തിന് എത്രത്തോളം തിരിച്ചെത്തുന്നു എന്നതാണ്‌ പ്രധാന ചോദ്യം. രാജ്യത്തെ സ്വകാര്യ കോർപറേറ്റുകളാകട്ടെ ശാസ്‌ത്ര–സാങ്കേതിക ഗവേഷണത്തിനായി പണമൊന്നും മുടക്കുന്നില്ല.


ഇ‍ൗ സാഹചര്യത്തിൽ പൊതുമേഖലയിൽനിന്ന്‌ സ്വകാര്യസ്ഥാപനങ്ങൾക്ക് കൈമാറുന്ന സാങ്കേതികവിദ്യയുടെ വില നിർണയിക്കുന്നത് ആരാണ്, ഏതു മാനദണ്ഡത്തിലാണ്. ഈ ചോദ്യങ്ങൾക്ക് ശക്തമായ സുതാര്യതയും പൊതുനിയന്ത്രണവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് പാർലമെന്ററി കമ്മിറ്റിയുടെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്. ശാസ്ത്രഗവേഷണത്തിലെ പരാജയം ശാസ്ത്രത്തിലൂടെ പരിഹരിക്കാം. എന്നാൽ, പൊതുസമ്പത്തിന്റെ നഷ്ടം ഒരിക്കൽ സംഭവിച്ചാൽ അത് തിരിച്ചുപിടിക്കുക എളുപ്പമല്ല. ഒരു റോക്കറ്റ് ആകാശത്തേക്ക് ഉയരുമ്പോൾ അതിനൊപ്പം ഉയരുന്നത് ഒരു രാജ്യത്തിന്റെ ശാസ്ത്രസ്വപ്‌നമാണ്. ആ സ്വപ്‌നത്തിന്റെ ഉടമകൾ ഏതാനും സ്വകാര്യ കുത്തകകളല്ല; ജനങ്ങളാണ്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home