print edition എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾക്ക് തുടക്കം

സംസ്ഥാനത്തെ സർക്കാർ കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ആരംഭിച്ചു. എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 'Confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം.
11ന് രാവിലെ 10 വരെ ഹയർ ഓപ്ഷൻ പുനക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവ ഓൺലൈനിൽ നടത്താം. ഒന്നാംഘട്ടത്തിൽ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ അഡ്മിഷൻ ലഭിച്ചവരും ഓപ്‌ഷൻ നൽകിയിട്ടും അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ ഹയർ ഓപ്ഷനുകൾ റദ്ദാകും.
എന്നാൽ, രണ്ടാംഘട്ടത്തിലേക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തിയില്ലെങ്കിലും ഒന്നാംഘട്ട അലോട്ട്മെന്റിലൂടെ അഡ്മിഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിലനിൽക്കും. ആദ്യഘട്ട അലോട്ട്മെന്റിലൂടെ ഏതെങ്കിലും മെഡിക്കൽ ഡെന്റൽ കോളേജുകളിൽ പ്രവേശനം നേടിയവർക്ക് ആ സീറ്റിൽ താൽപ്പര്യമില്ലെങ്കിൽ 10ന് വൈകിട്ട് 5നുമുന്പായി വിടുതൽ നേടാം. എന്നാൽ, അവരെ തുടർന്നുള്ള കേന്ദ്രീകൃത അലോട്ട്മെന്റുകളിൽ പങ്കെടുപ്പിക്കില്ല.
എൻആർഐ ക്വോട്ടയും
എൻആർഐ ക്വോട്ടാ സീറ്റുകളിലേക്ക് ഈ അവസരത്തിൽ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. കേരളീയൻ, കേരളീയേതരൻ 1 വിദ്യാർഥികളുടെ അഭാവത്തിൽ മാത്രമേ കേരളീയേതരൻ 2 വിഭാഗത്തെ എൻആർഐ ക്വോട്ടയിലേക്ക് പരിഗണിക്കുകയുള്ളൂ. കൊല്ലം അസീസിയ കോളേജ് ഓഫ് ഡെന്റൽ സയൻസസ് ആൻഡ് റിസർച്ചിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ഈ ഘട്ടത്തിൽ ലഭിക്കും.
അലോട്ട്‌മെന്റ് 12ന്
രണ്ടാംഘട്ട താൽക്കാലിക അലോട്ട്മെന്റ് 11ന് പ്രസിദ്ധീകരിക്കും. 12ന് അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് 14 മുതൽ 18 വരെ കോളേജുകളിൽ പ്രവേശനം നേടാം. വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള തുക കോളേജിൽ ഒടുക്കണം. വിവരങ്ങൾക്ക്: www.cee. kerala.gov.in, ഫോൺ: 04712332120, 2338487.










0 comments