print edition മേഖലാ യൂണിയൻ പിരിച്ചുവിടൽ മിൽമ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ

തിരുവനന്തപുരം: മിൽമ ഫെഡറേഷൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നടപടിക്രമങ്ങൾ പാലിക്കാതെ തിരുവനന്തപുരം മേഖലാ യൂണിയൻ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടതെന്ന് മുൻ ഭരണസമിതി അംഗങ്ങൾ. വ്യാജ ആരോപണങ്ങളുടെ പേരിൽ നോട്ടീസുപോലും നൽകാതെയാണ് നടപടി. ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേഖലാ യൂണിയൻ പ്രതിനിധികൾകൂടി ഉൾപ്പെട്ടാൽ ഇടതുപക്ഷം വിജയിക്കുമെന്ന സാഹചര്യത്തിലാണ് യുഡിഎഫ് സർക്കാരിന്റെ ഗൂഢനീക്കമെന്നും അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിരിച്ചുവിട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ശബരിമല നെയ് വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. മിൽമയ്ക്ക് ലാഭകരമായ വ്യാപാരമാണ് നടന്നത്. ഭരണസമിതി മാത്രമായി എടുത്ത തീരുമാനമല്ല. കൊമേഴ്‌സ്യൽ അഡ്വൈസറി കമ്മിറ്റിയുടെ ശുപാർശയുണ്ടായിരുന്നു. നെയ്യിന്റെ വില നിശ്ചയിക്കൽ, ട്രാൻസ്പോർട്ടേഷൻ കരാർ നൽകൽ എന്നിവയെല്ലാം രജിസ്ട്രാറുടെ നോമിനിയായ ഉദ്യോഗസ്ഥയും എൻഡിഡിബി പ്രതിനിധിയും മിൽമ ഫെഡറേഷൻ പ്രതിനിധിയും ചേർന്നാണ് തീരുമാനിച്ചത്.
പത്തനംതിട്ട ഡെയറിയിൽനിന്നുള്ള നെയ് പമ്പയിൽ എത്തിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഗുണനിലവാര പരിശോധന വിജയകരമായി പൂർത്തിയാക്കിയാണ് കൈമാറിയത്.
ദേവസ്വം ബോർഡ് കൃത്യമായി മിൽമയ്ക്ക് പണവും നൽകി. ഗുണനിലവാരക്കുറവുണ്ടെന്ന് ഇതേവരെ തങ്ങളെ അറിയിച്ചിട്ടില്ല. കഴിഞ്ഞവർഷം നടന്ന ഇടപാടിൽ ഇൗ സർക്കാർ അധികാരത്തിൽ എത്തിയശേഷം പരാതി എഴുതിവാങ്ങി യൂണിയനെ പിരിച്ചുവിട്ടു. സിവിൽ സപ്ലൈസ് കോർപറേഷനും വിലയിൽ കുറവുവരുത്തി നെയ് നൽകിയിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം ബോർഡിനും കോട്ടയ്ക്കൽ ആര്യ വൈദ്യശാലയ്ക്കും മറ്റ് യൂണിയനുകളും ഇത്തരത്തിൽ നെയ് നൽകുന്നുണ്ട്.ആരോപണങ്ങളല്ലാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഇത്ര മാസം കഴിഞ്ഞിട്ടും സർക്കാരിനായിട്ടില്ല. മിൽമയുടെ സൽപേര് കളങ്കപ്പെടുത്താനും ശബരിമലയിലേക്കുള്ള നെയ് വിതരണ കരാർ മറ്റുള്ളവർക്ക് എത്തിച്ചുനൽകാനുമുള്ള നീക്കവും വിവാദത്തിന് പിന്നിലുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു.
പ്രതിഷേധങ്ങളും നിയമപരമായ നടപടികളും തുടരുമെന്ന് മിൽമ മേഖലാ യൂണിയൻ മുൻ ചെയർപേഴ്‌സൺ മണി വിശ്വനാഥ്, വി എസ് പത്മകുമാർ, കെ ആർ മോഹനൻ പിള്ള, കെ കൃഷ്ണൻ പോറ്റി, കെ അനിമോൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.










0 comments