അടിയന്തരാവസ്ഥയിൽ സിപിഐ എം പോരാടിയത് ഒറ്റയ്ക്ക്; ആർഎസ്എസുമായി ഒരുഘട്ടത്തിലും സഹകരിച്ചില്ല: മുഖ്യമന്ത്രി

cm pinarayi vijayan

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Jun 18, 2025, 07:28 PM | 2 min read

തിരുവനന്തപുരം: ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആരാധിക്കുന്ന ആർഎസ്എസിനെതിരെ നിരന്തരം പോരാടിയവരാണ് സിപിഐ എമ്മുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി സിപിഐ എമ്മിന് യോജിപ്പിന്റെ ഒരുമേഖലയുമില്ല. അവരുടെ ആശയങ്ങൾക്കെതിരെ പോരാടുന്നവരാണ് കമ്യൂണിസ്റ്റുകാർ. കമ്യൂണിസ്റ്റുകാരെ കൊലപ്പെടുത്താൻ ആയുധവുമായി കാത്തിരിക്കുന്ന വർ​ഗീയക്കൂട്ടമാണ് ആർഎസ്എസ്. ആർഎസ്എസ് എന്നല്ല, ഒരു വർ​ഗീയശക്തികളുമായും ഇന്നലെയും ഇന്നും നാളെയും സിപിഐ എമ്മിന് യോജിപ്പുണ്ടാകില്ല. അതുകൊണ്ടാണ് എല്ലാ വർ​ഗീയശക്തികളും സിപിഐ എമ്മിനെ എതിർക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


അടിയന്തരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സിപിഐ എം പോരാടിയത്. ഇന്ദിരാ​ഗാന്ധിയുടെ അമിതാധികാര വാഴ്ചക്കെതിരെ ജനകീയപ്രക്ഷോഭം ഉണ്ടായപ്പോഴും ആരുടെയും തണലിലായിരുന്നില്ല സിപിഐ എം. അനേകം സഖാക്കൾ മർദനത്തിനിരയായി, ചിലർക്ക് ജീവഹാനി സംഭവിച്ചു. അർധഫാസിസ്റ്റ് ഭീകരവാഴ്ച അവസാനിപ്പിക്കാനായി സിപിഐ എം നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാ​ഗമാണെന്നും പിണറായി പറഞ്ഞു. അടിയന്തരാവസ്ഥയെ സംബന്ധിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നൽകിയ അഭിമുഖത്തിന്റെ പേരിൽ തെറ്റിധാരണ പരന്നപ്പോൾ അദ്ദേഹം തന്നെ വിശദീകരണം നൽകിയതാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.


അടിയന്തരാവാസ്ഥക്കാലത്ത് സിപിഐ എമ്മും ആർഎസ്എസും തമ്മിൽ യാതൊരുബന്ധവും ഉണ്ടായിട്ടില്ല. 1974ലാണ് ജനതാപാർടി രൂപീകരിക്കുന്നത്. അടിയന്തരാവാസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ചെറുത്തുനിൽപ്പുണ്ടായി. വിശാലമുന്നണി ജനതാപാർടിയായി രൂപപ്പെട്ടപ്പോഴും സിപിഐ എം വേറിട്ടുനിന്നു. പാർടി അന്ന് അടിയന്തരാവസ്ഥക്കെതിരെ സ്വന്തം നിലയിൽ സമരം ചെയ്തു. ജനതാപാർടിയുമായി തെരഞ്ഞെടുപ്പ് സഹകരണമാണുണ്ടായത്.


ആർഎസ്എസുകാർ അം​ഗത്വം വഹിക്കുന്ന പ്രശ്നം ഉടലെടുത്തപ്പോഴാണ് 1979ൽ ജനതാപാർടി പിളർന്നത്. എന്നാൽ 80ലെ തെരഞ്ഞെടുപ്പിൽ അവശിഷ്ട ജനതാപാർടിയുമായി സഖ്യമുണ്ടാക്കിയത് യുഡിഎഫാണ്. കാസർകോട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആർഎസ്എസിന്റെയും കോൺ​ഗ്രസിന്റെയും മുസ്ലീം ലീ​ഗിന്റെയും സംയുക്തസ്ഥാനാർഥി ജനസംഘത്തിന്റെ നേതാവ് ഒ രാജ​ഗോപാലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിങ്ങളം മണ്ഡലത്തിൽ കോൺ​ഗ്രസ് മുന്നണിയുടെ സ്ഥാനാർഥിയായതും ജനസംഘത്തിന്റെ നേതാവ് കെ ജി മാരാറായിരുന്നു. ഈ യാഥാർത്ഥ്യങ്ങളെല്ലാം ജനങ്ങൾക്ക് തിരിച്ചറിയാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


എത്രവലിയ ശത്രുവായാലും തലകുനിക്കാതെ രാഷ്ട്രീയം പറയാൻ സിപിഐ എമ്മിന് കെൽപ്പുണ്ട്. ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന ഒരുനിലപാടും ഒരുഘട്ടത്തിലും സിപിഐ എം സ്വീകരിച്ചിട്ടില്ല. 215 സഖാക്കളെ കൊലപ്പെടുത്തിയവരാണ് ആർഎസ്എസ്. അതിലൊരു ഘട്ടത്തിലും ഏതെങ്കിലും ഒരാളുടെ കാര്യത്തിലെങ്കിലും ആർഎസ്എസ് ചെയ്തത് ശിരിയായില്ല എന്ന് കോൺ​ഗ്രസ് പറഞ്ഞിട്ടുണ്ടോ? ആർഎസ്എസ് ആരാധിക്കുന്നവരുടെ ഫോട്ടോകൾക്ക് മുന്നിൽ വണങ്ങിയത് ആരാണെന്ന് കേരളം കണ്ടതാണ്. ആർഎസ്എസ് ശാഖയ്ക്ക് കാവൽനിന്നിരുന്നു എന്ന് പറഞ്ഞത് മുൻ കെപിസിസി പ്രസിഡന്റാണ്. എന്തെങ്കിലും വിവാദമുണ്ടാക്കി സിപിഐ എമ്മിനെ ആർഎസ്എസുമായി ബന്ധിപ്പിക്കാമെന്നുവെച്ചാൽ അത് അത്രവേ​ഗത്തിൽ ഏശില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Home