print edition ഇ എൻ എന്ന സ്‌നേഹാക്ഷരം

ഇ എൻ മോഹൻദാസിന് അന്തിമോപചാരം അർപ്പിക്കുന്നവർ
സി പ്രജോഷ് കുമാർ
Published on Mar 12, 2026, 02:04 AM | 3 min read
മലപ്പുറം : കർമനിരതമായ കമ്യൂണിസ്‌റ്റ് ജീവിതത്തിന്റെ അടയാളമായിരുന്നു ഇ എൻ എന്ന രണ്ടക്ഷരം. രാഷ്‌ട്രീയത്തിലെ സൗമ്യസാന്നിധ്യം. അധ്യാപകനായി തിളങ്ങിയ അദ്ദേഹം പാർടി സഖാക്കൾക്കും മാഷായിരുന്നു. കൈവച്ച മേഖലകളിലെല്ലാം നേതൃപാടവവും സംഘാടകശേഷിയും നാടറിഞ്ഞു.
ഇ കെ ഇന്പിച്ചിബാവ, കെ സെയ്‌താലിക്കുട്ടി, പാലോളി മുഹമ്മദ്‌കുട്ടി ഉൾപ്പെടെ സമാരാധ്യരായ കമ്യൂണിസ്‌റ്റ് നേതാക്കൾ പരുവപ്പെടുത്തിയ മലപ്പുറത്തിന്റെ വിപ്ലവ ഭൂമികയെ ഏറെക്കാലം നയിക്കാനുള്ള ചുമതല ഇ എൻ മോഹൻദാസിനായിരുന്നു. രണ്ടുതവണ സിപിഐ എം ജില്ലാ സെക്രട്ടറിയായി. സംസ്ഥാന കമ്മിറ്റി അംഗവുമായി.
കെഎസ്‌വൈഎഫിലൂടെയായിരുന്നു പൊതുരംഗത്തേക്ക് എത്തുന്നത്. അടിയന്തരാവസ്ഥാ കാലത്ത് സംഘടനയെ നയിച്ചു. ഒളിവിലായിരുന്ന ജില്ലയിലെ മുതിർന്ന നേതാവ് പാലോളി മുഹമ്മദ്‌കുട്ടിക്ക് വിവരങ്ങൾ കൈമാറുന്ന ചുമതല ഇ എന്നിനെയാണ് പാർടി ഏൽപ്പിച്ചത്. അറിയപ്പെടുന്ന സഹകാരിയായ ഇ എൻ, കോഡൂർ സഹകരണ ബാങ്കിനെ മികച്ച ബാങ്കായി ഉയർത്തി. സഹകരണ സ്ഥാപനമായ റെയ്‌ഡ്‌കോയുടെ വൈസ് ചെയർമാനായി. 2010ൽ ദേശാഭിമാനി മലപ്പുറത്ത് പുതിയ യൂണിറ്റ് തുടങ്ങിയപ്പോൾ അതിനെ നയിക്കാനുള്ള ചുമതല പാർടി ഏൽപ്പിച്ചു.
ഇ എം എസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ സെക്രട്ടറിയായ ഇ എൻ ‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിന്റെ മുഖ്യസംഘാടകനായി. നോവലും ചെറുകഥയും ഉൾപ്പെടെ സമകാലിക സാഹിത്യത്തിനൊപ്പം സദാ സഞ്ചരിച്ചു. എഴുത്തുകാരുമായി ആത്മബന്ധം പുലർത്തി. ജില്ലാ ആസൂത്രണസമിതി അംഗം എന്ന നിലയിൽ ജില്ലയുടെ വികസനത്തിന് ഉൾക്കാഴ്‌ചയുള്ള അറിവുകൾ പങ്കുവച്ചു. രാഷ്‌ട്രീയത്തിനതീതമായ സൗഹൃദവലയങ്ങൾ നെയ്‌തു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്കൊപ്പം അഞ്ചുനാൾ അക്ഷീണം സഞ്ചരിച്ചു. ഫെബ്രുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിരവധി വേദികൾ പങ്കിട്ട് അവസാന നിമിഷംവരെ കർമനിരതനായി.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, മുതിർന്ന നേതാവ് പലോളി മുഹമ്മദ്‌കുട്ടി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, എളമരം കരീം, കെ എസ് സലീഖ,സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ്, പി കെ ബിജു, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ആർ ബിന്ദു, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
പാർടിയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ച നേതാവ്: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇ എൻ മോഹൻദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിദ്യാർഥി, - യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായ മോഹൻദാസ് മലപ്പുറത്ത് സിപിഐ എമ്മിന്റെ വളർച്ചയിൽ വലിയ പങ്കാണ് വഹിച്ചത്. എഴുപതുകളിൽ അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി.
അടിയന്തരാവസ്ഥയ്‌ക്കുശേഷം യുവജന പ്രസ്ഥാനത്തിന്റെയും പാർടിയുടെയും മലപ്പുറത്തെ പ്രധാന മുഖമായിരുന്നു. സംഘടനാകാര്യങ്ങളിൽ തികഞ്ഞ ജാഗ്രത പുലർത്തി. ജില്ലയിലെ പാർടിയുടെ നിർണായഘട്ടങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചു. രണ്ട് തവണ ജില്ലാ സെക്രട്ടറിയായി. ദേശാഭിമാനിയുടെ മലപ്പുറം യൂണിറ്റ് മാനേജർ എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. സഹകരണരംഗത്തും സാംസ്കാരികരംഗത്തും ജില്ലയിലെ നിറസാന്നിധ്യമായിരുന്നു ഇ എൻ മോഹൻദാസ് എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
മനുഷ്യസ്‌നേഹം പ്രസരിപ്പിച്ച പൊതുപ്രവർത്തകൻ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഇ എൻ മോഹൻദാസിന്റെ വേർപാട് അത്യന്തം വേദനാജനകമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞമാസം നടന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായിരുന്നു. അതിന് തൊട്ടുത്തദിവസമാണ് അദ്ദേഹത്തെ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മനുഷ്യസ്‌നേഹം പ്രസരിപ്പിച്ച പൊതുപ്രവർത്തകനെയാണ് ഇഎന്നിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. വലുപ്പ ചെറുപ്പമില്ലാതെ ഏവരോടും സൗമ്യമായും സ്‌നേഹോഷ്‌മളമായും പെരുമാറുന്ന സഖാവിന്റെ മുഖമാണ് മനസിൽ നിറയുന്നത്. രാഷ്ട്രീയ എതിരാളികൾക്കുപോലും അഭിപ്രായ വ്യത്യാസമില്ലാത്ത നേതാവായിരുന്നു.
സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും വളർച്ചയ്ക്ക് നിസ്‌തുലമായ സംഭാവന നൽകി. ഇഎന്നിന്റെ വേർപാട് മതേതരചേരിക്ക് കനത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സൗമ്യഭാവവും പ്രവർത്തനനിഷ്ഠയും കൈവിടാത്ത നേതാവ്: സ്‌പീക്കർ
തിരുവനന്തപുരം: ദീർഘകാലം പാർടിയുടെയും പൊതുജനങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച സമർപ്പിതനായ പ്രവർത്തകനെയാണ് ഇ എൻ മോഹൻദാസിന്റെ വേർപാടിലൂടെ നഷ്ടമായതെന്ന് സ്‌പീക്കർ എ എൻ ഷംസീർ. സൗമ്യഭാവവും പ്രവർത്തനനിഷ്ഠയും കൈവിടാതെ പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട നേതാവായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സ്‌പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദേശാഭിമാനിക്കായി അക്ഷീണം പ്രവർത്തിച്ചു
തിരുവനന്തപുരം: ഇ എൻ മോഹൻദാസിന്റെ വേർപാടിൽ ദേശാഭിമാനി ചീഫ്‌എഡിറ്റർ പുത്തലത്ത് ദിനേശനും റസിഡന്റ് എഡിറ്റർ എം സ്വരാജും അനുശോചിച്ചു. മലപ്പുറത്ത് ദേശാഭിമാനി എഡിഷന് തുടക്കമിടാൻ പ്രയത്നിച്ചവരിൽ മുന്നിലായിരുന്ന ഇ എൻ യൂണിറ്റ് മാനേജരായി ഏറെകാലം പ്രവർത്തിച്ചു.
പാർടി അധ്യാപകനായും സഹകാരിയായും പ്രവർത്തിച്ച സംഘടനാ പാടവത്തിനൊപ്പം തന്റെ രാഷ്‌ട്രീയ തെളിച്ചവും മതനിരപേക്ഷ മൂല്യബോധ്യവും ഇന്ധനമാക്കി അദ്ദേഹം മലപ്പുറത്തെ ദേശാഭിമാനിയുടെ വളർച്ചയ്‌ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ചു. മനുഷ്യസ്നേഹം പ്രസരിപ്പിച്ച പൊതുപ്രവർത്തകനെയും നേതാവിനെയുമാണ് ഇ എന്നിന്റെ വിയോഗത്തിലൂടെ പാർടിക്കും ദേശാഭിമാനിക്കും നഷ്ടമാകുന്നതെന്ന് അനുശോചന സന്ദേശത്തിൽ ഇരുവരും പറഞ്ഞു.
ദേശാഭിമാനിയുടെ വഴികാട്ടി: കെ ജെ തോമസ്
തിരുവനന്തപുരം
ദേശാഭിമാനി കുടുംബത്തിലെ വഴികാട്ടിയായ മുതിർന്ന അംഗത്തെയാണ് ഇ എൻ മോഹൻദാസിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്. ദേശാഭിമാനിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. മലപ്പുറത്ത് ദേശാഭിമാനിക്ക് യൂണിറ്റ് തുടങ്ങുന്പോൾ ഇ എൻ ആയിരുന്നു പ്രഥമ മാനേജർ. മലപ്പുറത്ത് ദേശാഭിമാനിയുടെ വളർച്ചയിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്. മാനേജർ സ്ഥാനത്തുനിന്ന് മാറിയശേഷവും ദേശാഭിമാനിയുടെ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധപുലർത്തി. പത്രത്തിന്റെ കോപ്പിയും നിലവാരവും വർധിപ്പിക്കാൻ നിരന്തരം അദ്ദേഹം ഇടപെട്ടു. അക്ഷരമുറ്റംപോലുള്ള പരിപാടികൾ വിജയിപ്പിക്കാനും എന്നും മുന്നിലുണ്ടായിരുന്നു. ദേശാഭിമാനി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വേർപാട് വേദനാജനകമാണെന്നും കെ ജെ തോമസ് പറഞ്ഞു.










0 comments