നാടിനെ ഇരുട്ടിലാക്കി യുഡിഎഫ് സർക്കാർ: ആളിക്കത്തി മെഴുകുതിരി പ്രതിഷേധം

വൈദ്യുതി പ്രതിസന്ധിക്ക് എതിരെ സിപിഐ എം സംസ്ഥാനമൊട്ടാകെ നടത്തിയ മെഴുകുതിരി കത്തിക്കൽ പ്രതിഷേധത്തിൽ കോട്ടയം ചങ്ങനാശേരിയിൽ ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ, ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ തുടങ്ങിയവർ അണിനിരന്നപ്പോൾ. (ഫോട്ടോ: മനു വിശ്വനാഥ്)
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ നാടിനെ ഇരുട്ടിലാക്കിയ യുഡിഎഫ് സർക്കാരിനെതിരെ സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധം. ഞായർ രാത്രി ഏഴിനാണ് വീടുകളിലും പൊതുഇടങ്ങളിലും പ്രതിഷേധിച്ചത്. വിദ്യാർഥികളും യുവാക്കളും സ്‌ത്രീകളും വയോധികരും പങ്കാളികളായി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി കോട്ടയം ചങ്ങനാശേരിയിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. തിരുവനന്തപുരം എകെജി സെന്ററിൽ കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലും മറ്റ് ഇടങ്ങളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
എപ്പോൾ വൈദ്യുതി മുടങ്ങുമെന്നറിയാതെ വലയുന്ന ജനതയുടെ പ്രതിഷേധമാണ് പ്രതീകാത്മക സമരത്തിൽ പ്രകടമായത്. സർക്കാർ അനാസ്ഥ വരുത്തിവച്ച വൈദ്യുതി നിയന്ത്രണം വിദ്യാർഥികളുടെ പഠനവും ആശുപത്രികളുടെ പ്രവർത്തനവുംപോലും താളംതെറ്റിച്ചു. 10 വർഷം ലോഡ് ഷെഡിങ് അകറ്റിനിർത്തിയ എൽഡിഎഫ് സർക്കാരിന്റെ കരുതലാണ് യുഡിഎഫ് ഭരണം തകർത്തത്. അടിയന്തരമായി ഇടപെട്ടും മറ്റ് മാർഗങ്ങൾ തേടിയും പ്രതിസന്ധി പരിഹരിക്കാൻ ഇടപെടാത്ത സർക്കാരിനെതിരായ താക്കീത് കൂടിയായും പ്രതിഷേധം മാറി.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി രാജീവ് കൊല്ലം ഓച്ചിറയിലും സി എസ് സുജാത ആലപ്പുഴ ചുനക്കരയിലും ടി പി രാമകൃഷ്‌ണൻ കോഴിക്കോട് പേരാമ്പ്ര വെള്ളിയൂരിലെ വീട്ടിലും പുത്തലത്ത് ദിനേശൻ കണ്ണൂർ കൂടാളിയിലും പ്രതിഷേധത്തിൽ പങ്കെടുത്തു.










0 comments