print edition മണ്ണിട്ടുമൂടിയ പദ്ധതിയെ മാന്തിയെടുത്ത് തലയിലേറ്റുന്നു: എം സ്വരാജ്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മണ്ണിട്ടുമൂടിയ പദ്ധതിയെ, വലിച്ചെറിയും എന്നുപറഞ്ഞവർ കുഴിമാന്തിയെടുത്ത് തലയിലേറ്റി നടക്കുന്നതാണ് കാണുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. തെരഞ്ഞെടുപ്പുവേളയിൽ യുഡിഎഫ് നേതാക്കൾ മത്സരിച്ചാണ് പിഎം ശ്രീക്കെതിരെ പ്രസ്‌താവന നടത്തിയത്.
പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് ഇന്നത്തെ തദ്ദേശമന്ത്രി പ്രഖ്യാപിച്ചത്. ഇന്നത്തെ മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും പിഎം ശ്രീക്കെതിരെ വലിയ പ്രസ്‌താവന നടത്തി. ഇന്ന് പദ്ധതി അറബിക്കടലിൽ എറിയേണ്ട കാര്യമില്ല. എൽഡിഎഫ് ഉപേക്ഷിച്ചത് പൊടിതട്ടി വീണ്ടുമെടുത്ത് തലയിലേറ്റാതിരുന്നാൽ മതി.
എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒപ്പിട്ട് പണംവാങ്ങി എന്നാണ് ഇപ്പോൾ പറയുന്നത്. പിഎം ശ്രീ ഇനത്തിൽ കേരളം നയാപൈസ കൈപ്പറ്റിയിട്ടില്ല. എസ്‌എസ്‌കെ ഫണ്ട് വാങ്ങിയതിനാണ് പിഎം ശ്രീ എന്നു പറയുന്നത്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസംപോലും മനസിലാക്കിയിട്ടില്ല.
പിഎം ശ്രീ കേരളത്തിൽ നടപ്പാക്കില്ലെന്ന് രേഖാമൂലവും നേരിട്ടും കേന്ദ്രത്തെ അറിയിച്ചു. പദ്ധതി നടപ്പാക്കില്ലെന്ന് പറയാനുള്ള രാഷ്ട്രീയ ആർജവം എൽഡിഎഫിന് ഉണ്ടായിരുന്നു.
എൽഡിഎഫ് സർക്കാർ ഉപസമിതിയെവച്ചത് പദ്ധതി നടപ്പാക്കാതിരിക്കാനാണ്. യുഡിഎഫിന്റെ ഉപസമിതി പദ്ധതി എങ്ങനെയും നടപ്പാക്കാനാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സതീശൻ ബിജെപി അജൻഡയുടെ മുഖ്യമന്ത്രി: പി രാജീവ്
കൊച്ചി: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതിലൂടെ, ബിജെപിയെക്കാൾ വേഗത്തിൽ അവരുടെ അജൻഡ നടപ്പാക്കുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്.
‘പിഎം ശ്രീ’ ആർഎസ്‌എസ് അജൻഡ നടപ്പാക്കുന്ന പാലമാണെന്നും രണ്ടുതരം സ്‌കൂളുകളെ സൃഷ്‌ടിക്കുമെന്നുമാണ് പ്രതിപക്ഷനേതാവായിരിക്കെ വി ഡി സതീശൻ പറഞ്ഞത്. എൽഡിഎഫ് സർക്കാർ പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചപ്പോൾ തട്ടിപ്പാണെന്നും ആക്ഷേപിച്ചു. പദ്ധതിയിൽ ഒപ്പിടാൻ തീരുമാനിച്ച യുഡിഎഫ് സർക്കാർ ഇപ്പോൾ ഉപസമിതിയെ വച്ചിരിക്കുന്നു–അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ തുക എൽഡിഎഫ് സർക്കാർ കൈപ്പറ്റിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം സത്യവിരുദ്ധമെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. സമഗ്ര ശിക്ഷാ പദ്ധതിയുടേതുൾപ്പെടെ വിദ്യാഭ്യാസമേഖലയിലെ വിവിധ ഗ്രാന്റുകൾ തടഞ്ഞുവച്ച പശ്ചാത്തലത്തിലാണ് ഒപ്പിട്ടത്.
പിന്നീട് എൽഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ധാരണപത്രത്തിൽനിന്ന് പിന്മാറി. ജനങ്ങളെ തെറ്റിധരിപ്പിക്കാൻ അടിസ്ഥാനരഹിത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. വഹിക്കുന്ന സ്ഥാനത്തിന്റെ പ്രാധാന്യം മാനിക്കാതെയുള്ള അഭിപ്രായങ്ങളാണ് അദ്ദേഹത്തിന്റേത്. ബിജെപിയുടെ ഇഷ്ടങ്ങൾ നിർവഹിക്കുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറുന്നുവെന്നും ബാലഗോപാൽ പ്രസ്‌താവനയിൽ പറഞ്ഞു.
ഒരുരൂപപോലും വാങ്ങിയിട്ടില്ല: വി ശിവൻകുട്ടി
തിരുവനന്തപുരം: പിഎം ശ്രീയുടെ പേരിൽ കേരളം ഒരുരൂപപോലും വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണം അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതിക്കായി നടപടി ഉണ്ടായിട്ടില്ല. നടപ്പാക്കേണ്ട സ്‌കൂളുകളുടെ പട്ടികപോലും നൽകിയിട്ടില്ല.
പിഎം ശ്രീയിൽ ഒപ്പിട്ടില്ലെന്ന കാരണം പറഞ്ഞ് എസ്‌എസ്‌കെ ഫണ്ട് തടഞ്ഞുവച്ചു. ഇത് കിട്ടാനായാണ് താൽക്കാലിക കരാറിൽ ഒപ്പുവച്ചത്. പിന്നീട് കരാർ മരവിപ്പിച്ചു. കരാറുമായി മുന്നോട്ടുപോകില്ലെന്ന് പറഞ്ഞ് പൊതുവിദ്യാഭ്യാസ സെക്രട്ടറിതന്നെ കേന്ദ്രത്തിനു കത്തുന ൽകി.
ഇപ്പോഴത്തെ സർക്കാർ നിലപാടിൽ മുസ്ലീംലീഗിന്റെ അഭിപ്രായം അറിയാൻ താൽപ്പര്യമുണ്ട്. ഉപസമിതി രൂപീകരിച്ചെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. കേന്ദ്ര സർക്കാരുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണിതെന്നും ശിവൻകുട്ടി പറഞ്ഞു.











0 comments