ഇന്ധനവില വർധന
print edition ജനജീവിതം കൂടുതൽ ദുരിതമാകും: സിപിഐ എം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : പാചകവാതക വിലവർധനയ്‌ക്കുപിന്നാലെ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപ വീതം വർധിപ്പിച്ച കേന്ദ്രനടപടിയിൽ ശക്തമായി പ്രതിഷേധിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്‌തു. വിലക്കയറ്റം അതിരൂക്ഷമായിരിക്കെയുള്ള ഈ നടപടി ജനജീവിതം കൂടുതൽ ദുരിതമയമാക്കും. ഊർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പരാജയം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം.
മൂന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റത്തോതാണ് രാജ്യത്തുള്ളത്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം മാർച്ചിലെ 3.83 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 8.3 ശതമാനമായാണ് ഉയർന്നത്. ഇന്ധന വിലവർധനയോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. ക്രൂഡ് ഓയിൽ വില വൻതോതിൽ ഇടിഞ്ഞപ്പോൾ ജനങ്ങൾക്ക് ഗുണമുണ്ടായില്ല. പകരം ഇന്ധന നികുതി കുത്തനെ ഉയർത്തി. എന്നാൽ, ക്രൂഡ് ഓയിൽ വില വർധിച്ചപ്പോൾ കെടുതി ജനങ്ങളിൽ കെട്ടിവെക്കുകയുംചെയ്യുന്നു. എണ്ണ ഇറക്കുമതിക്ക് വിവിധ സ്രോതസ്സുകളെ ആശ്രയിച്ച് ദീർഘവീക്ഷണത്തോടെ ഇടപെട്ടിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ലെന്ന അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് പുറത്തുവരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്ന ചെലവുചുരുക്കൽ നടപടികൾക്കാണ് പ്രധാനമന്ത്രി ആഹ്വാനംചെയ്യുന്നത്. ആക്രമണം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്ര ഗതാഗതം അനുവദിക്കാനും അമേരിക്കയ്‌ക്കുമേൽ സമ്മർദംചെലുത്തുകയാണ് വേണ്ടത്. ഏത് രാജ്യത്തുനിന്ന് എണ്ണ വാങ്ങണമെന്നുപോലും അമേരിക്കൻ തിട്ടൂരത്തിന് വഴങ്ങിയാണ് തീരുമാനമെടുക്കുന്നത്.
വാണിജ്യ പാചകവാതക സിലണ്ടറിന് അഞ്ചുമാസത്തിനിടെ അഞ്ചുതവണ വില വർധിപ്പിച്ചു. മെയ് ആദ്യം വില ഒറ്റയടിക്ക് 993 രൂപയോളമാണ് വർധിപ്പിച്ചത്. ഹോട്ടൽ, റെസ്‌റ്റോറന്റ് മേഖലയും കാറ്ററിങ്, ഓൺലൈൻ ഡെലിവറി, വിനോദസഞ്ചാര മേഖലയും തകരുകയാണ്. ലക്ഷണക്കണക്കിനാളുകളുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണ്. കേരളത്തിൽ ആയിരക്കണക്കിന് ഹോട്ടലുകൾ പൂട്ടിപ്പോയി. ശേഷിക്കുന്നവ ഭക്ഷണവില 20 മുതൽ 30 ശതമാനം വരെ ഉയർത്തി. ജനങ്ങൾ കൂടുതൽ ദുരിതത്തിലേക്ക് പോവുകയാണ്– സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.










0 comments