print edition സിപിഐ എം എറണാകുളം, തൃശൂർ വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ഉജ്വല തുടക്കം

തൃപ്പൂണിത്തുറ/തൃശൂർ : മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പുതിയ പോരാട്ടങ്ങൾക്ക് കരുത്തുപകരാൻ സിപിഐ എം എറണാകുളം, തൃശൂർ വിപുലീകൃത ജില്ലാകമ്മിറ്റികൾക്ക് തുടക്കമായി. എറണാകുളം ജില്ലാകമ്മിറ്റി നടക്കുന്ന ആൽഫാ പ്ലസ് ഓഡിറ്റോറിയത്തിനുമുന്നിൽ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റിയംഗവുമായ സി എം ദിനേശ്‌മണി പതാക ഉയർത്തി.
പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ താൽക്കാലിക അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം സ്വരാജ്, എം വി ജയരാജൻ, സി എൻ മോഹനൻ, വി എൻ വാസവൻ, സജി ചെറിയാൻ, പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി, എസ് ശർമ, എം അനിൽകുമാർ എന്നിവരും പങ്കെടുക്കുന്നു. വ്യാഴം വൈകിട്ടോടെ കമ്മിറ്റിയോഗം പൂർത്തിയാകും.
തുടർന്ന് സ്റ്റാച്യു ജങ്‌ഷനുസമീപം മാണിക്കനാംപറമ്പിൽ മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപനം. ബേബിജോൺ നഗർ (നളിനം ഓഡിറ്റോറിയം, തൃശൂർ) തൃശൂരിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിപുലീകൃത ജില്ലാ കമ്മിറ്റി ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം എം എം വർഗീസ് താൽക്കാലിക അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ചർച്ചകൾക്ക് മറുപടി പറയും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ എൻ ബാലഗോപാൽ, ടി പി രാമകൃഷ്‌ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ ജയചന്ദ്രൻ, പി കെ ബിജു, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്‌തീൻ, ആർ ബിന്ദു എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. കൂടുതൽ മേഖലകളിലേക്ക് പാർടിയുടെ സ്വാധീനവും ബഹുജനാടിത്തറയും വിപുലപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളുമായി വ്യാഴാഴ്‌ച വൈകിട്ട് കമ്മിറ്റി സമാപിക്കും.
യുഡിഎഫ്–ബിജെപി കൂട്ടുകെട്ട് സജീവം: എം വി ഗോവിന്ദൻ
കേരളത്തിൽ എൽഡിഎഫിനെതിരെ യുഡിഎഫ്–ബിജെപി കൂട്ടുകെട്ട് തുടരുന്നതിന്റെ തെളിവുകൾ തദ്ദേശ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതെരഞ്ഞെടുപ്പിലും പ്രകടമായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം വിപുലീകൃത തൃശൂർ ജില്ലാ കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 2025ലെ തെരഞ്ഞെടുപ്പിലേതിനേക്കാൾ നാലായിരത്തിലേറെ വോട്ടുകളാണ് ബിജെപിക്ക് കുറഞ്ഞത്. ഇവിടെ ബിജെപി വോട്ടുകൾ വൻതോതിൽ കോൺഗ്രസിന് മറിച്ചു. ഇൗ കൂട്ടുകെട്ടിനെ മറികടന്നും മികച്ച വിജയമാണ് എൽഡിഎഫ് നേടിയത്.
2025ലേതിനേക്കാൾ മൂന്നു സീറ്റ് അധികം നേടി എന്നുമാത്രമല്ല, വിജയിച്ച സീറ്റുകളിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷം ഉയർത്താനും പരാജയപ്പെട്ടിടത്ത് യുഡിഎഫിന്റെ ഭൂരിപക്ഷം വലിയ തോതിൽ കുറച്ചുകൊണ്ടുവരാനും എൽഡിഎഫിന് സാധിച്ചു. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സ്‌പോൺസേഡ് സർക്കാരിനെ ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങി. നിയമസഭാതെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തിൽ സിപിഐ എമ്മിനെയും എൽഡിഎഫിനെയും എഴുതിത്തള്ളിയവർക്കുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പുഫലം.
മതനിരപേക്ഷത തകർക്കാൻ യുഡിഎഫ് ബിജെപിയുമായി ഡീൽ തുടരുകയാണ്. ജനാധിപത്യ കക്ഷി എന്നവകാശപ്പെടുന്ന മുസ്ലിംലീഗ് വർഗീയ കക്ഷിയായി രൂപാന്തരപ്പെടുകയാണ്. ജമാ അത്തെ ഇസ്ലാമിയുടെ ആശയതലം കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് ലീഗ് മാറി.
കേരളീയ ജീവിതത്തിൽ മതനിരപേക്ഷ ഉള്ളടക്കത്തിനായി പോരാടുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ കക്ഷികൾ മാത്രമാണ്. ജാഗ്രതയോടെയുള്ള പ്രവർത്തനത്തിലൂടെ മാത്രമേ വർഗീയതയെയും വലതുപക്ഷവൽക്കരണത്തെയും ചെറുത്തുതോൽപ്പിക്കാനാവൂവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് സർക്കാർ ബിജെപിയുടെ കോടാലിക്കൈ: എ വിജയരാഘവൻ
കേരളത്തിന്റെ മതനിരപേക്ഷത തകർക്കാൻ പ്രവർത്തിക്കുന്ന ബിജെപിയുടെ കോടാലിക്കൈയായി യുഡിഎഫ് സർക്കാർ മാറിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എറണാകുളം വിപുലീകൃത ജില്ലാകമ്മിറ്റി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭരണം പിടിക്കുക എന്ന ബിജെപിയുടെ ലക്ഷ്യത്തിലേക്കുള്ള സഹായിയും വഴികാട്ടിയുമാണ് യുഡിഎഫ്.
അതിനുള്ള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതോടൊപ്പം ആർഎസ്‌എസിന്റെ അജൻഡകൾ പ്രാവർത്തികമാക്കാൻ പൂർണസംരക്ഷണവും ഒരുക്കുകയാണ്. ആർഎസ്‌എസിന് കീഴ്‌പ്പെട്ടാണ് യുഡിഎഫിന്റെ ഭരണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശൻ വർഗീയതയുടെ കോ– ഓർഡിനേറ്ററായി മാറി. വർഗീയതകളെ സംയോജിപ്പിക്കുന്ന മുന്നണിയായി യുഡിഎഫ്. അപകടകരമായ നിലപാടാണ് യുഡിഎഫ് സർക്കാരിന്റേത്.
സിപിഐ എമ്മിനെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ പരിശ്രമങ്ങളിൽ പങ്കാളിയാകുന്നു. ഇതിന്റെ ഭാഗമായാണ് പിണറായി വിജയനെ വീണ്ടും വേട്ടയാടുന്നത്. സിപിഐ എമ്മിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
കേരളത്തിൽ അഴിമതി പുനഃസ്ഥാപിക്കുകയാണ് യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രിക്ക് സുതാര്യതയില്ല. ഹെലികോപ്‌റ്റർ യാത്രയുടെ സ്‌പോൺസറെ വെളിപ്പെടുത്തുന്നില്ല.
ആകാശയാത്രയും വിദേശപര്യടനവും ദേശാടനവുമാണ് സർക്കാരിന്റെ മുഖമുദ്ര. അവരുടെ ഭരണത്തിൽ വളർച്ചയല്ല, തളർച്ചയാണ് കേരളത്തിനുണ്ടാകുക. കേരളത്തിൽ സിപിഐ എമ്മിന് ശക്തമായ ബഹുജന അടിത്തറയുണ്ട്. ജനഹൃദയങ്ങളിൽനിന്ന് സിപിഐ എമ്മിനെ പറിച്ചെറിയാൻ കഴിയില്ലെന്ന് തദ്ദേശ ഉപതെരഞ്ഞെടുപ്പിലൂടെ വ്യക്തമായി. ഉപതെരഞ്ഞെടുപ്പുഫലം നല്ല അടയാളമാണ്. അതിനൊപ്പം ജനങ്ങളെ പാർടിക്കൊപ്പം അണിനിരത്തണമെന്നും വിജയരാഘവൻ പറഞ്ഞു.









0 comments