സിപിഐ സംസ്ഥാന സമ്മേളനം സമാപിച്ചു
എൽഡിഎഫിനെ കൂടുതൽ ശക്‌തിപ്പെടുത്തും ; സിപിഐ സംസ്ഥാന സമ്മേളനത്തിന് പരിസമാപ്‌തി

ആലപ്പുഴ
എൽഡിഎഫിനെ കൂടുതൽ ശക്‌തിപ്പെടുത്താനുള്ള ആഹ്വാനവുമായി സിപിഐ സംസ്ഥാന സമ്മേളനത്തിന് പരിസമാപ്‌തി. 25ാം പാർടി കോൺഗ്രസിന് മുന്നോടിയായി ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം സെക്രട്ടറിയായി ബിനോയ് വിശ്വത്തെയും 103 അംഗ സംസ്ഥാന കൗൺസിലിനെയും ഒന്പതംഗ കൺട്രോൾ കമീഷനെയും 100 പാർടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുത്തു.
പ്രവർത്തനറിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി പറഞ്ഞു. തുടർന്ന്, രാഷ്‌ട്രീയ–സംഘടനാ റിപ്പോർട്ടുകളും വരവുചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു. ഇതിനുശേഷമായിരുന്നു സംസ്ഥാന കൗൺസിൽ, പാർടി കോൺഗ്രസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്. സത്യൻ മൊകേരി അധ്യക്ഷനായ സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തു.
നാൽപ്പാലത്തിന് സമീപത്തുനിന്ന്‌ചുവപ്പുസേനാ മാർച്ച് ആരംഭിച്ചു. ആലപ്പുഴ ബീച്ചിൽ (അതുൽകുമാർ അഞ്‌ജാൻ നഗർ) ചേർന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്‌ഘാടനം ചെയ്‌തു. ബിനോയ് വിശ്വം അധ്യക്ഷനായി. ഡോ. കെ നാരായണ, രാമകൃഷ്‌ണ പാണ്ഡെ, കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, പി സന്തോഷ്‌കുമാർ എംപി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി പ്രസാദ് സ്വാഗതവും ജില്ലാ സെക്രട്ടറി എസ് സോളമൻ നന്ദിയും പറഞ്ഞു.









0 comments