സിപിഐ സംസ്ഥാന സമ്മേളനം
വിപ്ലവഭൂമിയിൽ ചെങ്കൊടിയുയർന്നു

ആലപ്പുഴ
പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ സ്മരണ തുടിച്ചുനിൽക്കുന്ന ആലപ്പുഴയുടെ മണ്ണിൽ സിപിഐ സംസ്ഥാന സമ്മേളനത്തിന് ചെങ്കൊടിയുയർന്നു. സംസ്ഥാന സമ്മേളനത്തിന് തുടക്കമിട്ട് പൊതുസമ്മേളനത്തിന് വേദിയാകുന്ന അതുൽകുമാർ അഞ്ജാൻ നഗറിൽ (ആലപ്പുഴ കടപ്പുറം) ബുധൻ വൈകിട്ട് വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തി. റെഡ് വളണ്ടിയര്‍മാര്‍ പതാകയ്ക്ക് സല്യൂട്ട് നല്‍കി. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇതോടൊപ്പം കടപ്പുറത്തെ വേദിയില്‍ നൂറ് ചെങ്കൊടികളും ഉയർന്നു.
കയ്യൂര്‍, പാളയം, ശൂരനാട് എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച പതാക, ബാനര്‍, കൊടിമര ജാഥകള്‍ വൈകിട്ട് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ സംഗമിച്ചു. പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം ജില്ലയിലെ വിപ്ലവ സ്മരണകളുണര്‍ത്തുന്ന സ്‌മൃതിപഥങ്ങളില്‍നിന്നുള്ള 100 അനുബന്ധജാഥകള്‍ പതാക, ബാനര്‍, കൊടിമരജാഥകളെ ബീച്ചിലേക്ക് അനുഗമിച്ചു.
കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് പി വസന്തത്തിന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കൊണ്ടുവന്ന ബാനർ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി ഏറ്റുവാങ്ങി. കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന പതാക സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരി ഏറ്റുവാങ്ങി. ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാറിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന കൊടിമരം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലന്‍ ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, സ്വഗതസംഘം ചെയർമാനും മന്ത്രിയുമായ പി പ്രസാദ്, ജനറൽ കൺവിനർ ടി ജെ ആഞ്ചലോസ്, ദേശിയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, മന്ത്രി കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിനിധി സമ്മേളനം ബുധൻ രാവിലെ 10ന് കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ് കെ കൺവൻഷൻ സെന്റർ) ആരംഭിക്കും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്‌ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മോഡറേറ്ററാകും. നടൻ പ്രകാശ് രാജ് സംസാരിക്കും.









0 comments