ജനാധിപത്യം തകർക്കുന്ന 
ഗവർണർ പദവി ഒഴിവാക്കണം : സിപിഐ

Cpi State Conference
വെബ് ഡെസ്ക്

Published on Sep 12, 2025, 02:15 AM | 1 min read


ആലപ്പുഴ

സംഘപരിവാറിന്റെയും കേന്ദ്രസർക്കാരിന്റെയും ഇഷ്‌ടാനിഷ്‌ടങ്ങൾക്കനുസരിച്ച് രാജ്യത്തെ ഫെഡറൽ സംവിധാനത്തെയും ജനാധിപത്യാവകാശങ്ങളെയും തകർക്കുന്ന ഗവർണർ പദവി ഒഴിവാക്കണമെന്ന്‌ സിപിഐ സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഗവർണർ പദവി അനിവാര്യമായ ഒന്നല്ല. ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിൽ ആർഎസ്എസ് വേഷഭൂഷാദികൾ അണിഞ്ഞെത്തിയ ഗവർണർമാർ ഭരണം സ്‌തംഭിപ്പിക്കുന്നു.


നിയമസഭ അംഗീകരിക്കുന്ന നിയമങ്ങൾക്കും നിയമഭേദഗതികൾക്കും അംഗീകാരം നൽകുകയെന്ന കേവല ഉത്തരവാദിത്തം മാത്രമാണ്‌ ഗവർണർക്കുള്ളത്‌. എന്നാൽ നിയമസഭയുടെയും സർക്കാരുകളുടെയും അധികാരം കവർന്നെടുക്കുകയാണ് സംഘകുടുംബാംഗങ്ങളായ ഗവർണർമാർ. ഇവർ സേച്ഛാധിപത്യ മനോഭാവത്തോടെ സർവകലാശാലകളിൽ ആർഎസ്എസ് ദാസൻമാരെ വൈസ്ചാൻസലർമാരായി നിയമിച്ച്‌ അക്കാദമിക് കൗൺസിലിനെയും സെനറ്റിനെയും സിൻഡിക്കറ്റ് ഭരണസമിതികളെയും നിർവീര്യമാക്കുന്നു. കറകളഞ്ഞ സംഘപരിവാറുകാരനായ ആർലേക്കറും ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതും ജനാധിപത്യ ധ്വംസനം നടത്തുന്നതും തുടരുന്നു.


ഭരണഘടനാസ്ഥാപനമായ രാജ്ഭവനെയും സർവകലാശാലകളെയും വികൃതമായ ഇന്ത്യൻ ഭൂപടത്തോടൊപ്പം സ്വർണാഭരണ വിഭൂഷിതയും ആയുധധാരിയുമായ യുവതിയുടെ ചിത്രം നൽകി പൂജ നടത്തുകയാണ് ഗവർണർ. ഇവയെ ആർഎസ്എസ് കാര്യാലയങ്ങളാക്കുകയാണ് അതിഗൂഢ ലക്ഷ്യം. ഇക്കാര്യത്തിൽ കേരളത്തിലെ കോൺഗ്രസും യുഡിഎഫും തുടരുന്ന മൗനം ജനം തിരിച്ചറിയുന്നുണ്ടെന്നും സമ്മേളനം വിലയിരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home