രാജ്യത്ത് ജനാധിപത്യം ചോദ്യംചെയ്യപ്പെടുന്നു: ഡി രാജ
സിപിഐ സംസ്ഥാന സമ്മേളനം തുടങ്ങി

ആലപ്പുഴ
സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായി. കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ്‌കെ കൺവൻഷൻ സെന്റർ) ജനറൽ സെക്രട്ടറി ഡി രാജ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ കൗൺസിൽ അംഗം കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളന നഗറിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ തെളിയിച്ചു.
43 വർഷത്തിനുശേഷമാണ് ആലപ്പുഴ സിപിഐ സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്നത്. സിപിഐ ശതാബ്ദിയെ അനുസ്മരിച്ച് 100 വനിതാ അത്‌ലീറ്റുകൾ സമ്മേളന വേദിയിൽ ദീപശിഖ എത്തിച്ചു. ആർ രാജേന്ദ്രൻ രക്തസാക്ഷി പ്രമേയവും കെ കെ അഷ്‌റഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു.
സിപിഐയുടെ യൂ ട്യൂബ് ചാനൽ ‘കനൽ’ ദേശീയ സെക്രട്ടറിയറ്റ് അംഗം ഡോ. കെ നാരായണ ഉദ്ഘാടനംചെയ്തു. കെ ആർ ചന്ദ്രമോഹൻ കണക്കും ഓഡിറ്റ് കമീഷൻ അംഗം എസ് രാമകൃഷ്ണൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച വ്യാഴാഴ്ച തുടങ്ങും.
39 ക്ഷണിതാക്കളുൾപ്പെടെ 528 പ്രതിനിധികൾ പങ്കെടുക്കുന്നു. സത്യൻ മൊകേരി (കൺവീനർ), കെ സലിംകുമാർ, ടി ടി ജിസ്‌മോൻ, സാം കെ ഡാനിയൽ, സി കെ ആശ, കെ പി സുരേഷ്‌രാജ്, ഷാജിറ മനാഫ് എന്നിവരാണ് പ്രസീഡിയം. വൈകിട്ട് എസ് കെ കൺവൻഷൻ സെന്ററിൽ ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന വിഷയത്തിൽ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്‌തു. ബിനോയ് വിശ്വം മോഡറേറ്ററായി. നടൻ പ്രകാശ്‌രാജ് പ്രഭാഷണം നടത്തി.
ആലപ്പുഴ ബീച്ചിൽ ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും’ എന്ന വിഷയത്തിൽ മുരളി തുമ്മാരുകുടി സംസാരിച്ചു. തുടർന്ന് അലോഷിയുടെ ഗാനസന്ധ്യയും കലാപരിപാടികളും അരങ്ങേറി.
രാജ്യത്ത് ജനാധിപത്യം ചോദ്യംചെയ്യപ്പെടുന്നു: ഡി രാജ
രാജ്യത്ത് ജനാധിപത്യവും വോട്ടവകാശവും ചോദ്യംചെയ്യപ്പെടുകയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐ സംസ്ഥാന സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ് കെ കൺവൻഷൻ സെന്റർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ അവകാശമാണ് വോട്ട്. ഇത് ബിഹാറിലടക്കം ഇല്ലാതാക്കുന്നതിനുനേരെ ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ കണ്ണടയ്‌ക്കുകയാണ്. ബിഹാറിലെ വോട്ട് അട്ടിമറി രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണ് പ്രകടനമാകുന്നത്.
അമേരിക്കയിൽ ട്രംപ് ഭരണമേറ്റശേഷം ഇന്ത്യയടക്കമുള്ള രാഷ്‌ട്രങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഏതുതരത്തിലുള്ള ബന്ധമാണ് ഇന്ത്യ നിലനിർത്തേണ്ടത് എന്നുവരെ താൻ തീരുമാനിക്കുമെന്ന മട്ടിലാണ് ട്രംപിന്റെ പെരുമാറ്റം. ഐഎംഎഫിനെയും ലോക ബാങ്കിനെയുംവരെ കരുവാക്കിയാണ് സാമ്രാജ്യത്വ നിലപാടുകൾക്ക് ട്രംപ് മൂർച്ച കൂട്ടുന്നത്. ലോകരാഷ്‌ട്രീയം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും സമീപകാലത്തുണ്ടായ സംഭവങ്ങൾ സൂചിപ്പിക്കുന്നു.
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താൻ ഇടത് കക്ഷികൾക്ക് ആകണം. ഇതിനായി രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള നയസമീപനങ്ങൾ ആവിഷ്‌കരിക്കണം. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് മതാധിഷ്‌ഠിത രാജ്യമാക്കാനുള്ള ആസൂത്രിതശ്രമങ്ങളാണ് സംഘപരിവാറും ബിജെപിയും നടത്തുന്നത്.
ഭരണഘടന പൗരന്മാർക്ക് നൽകുന്ന ഉറപ്പുകളെല്ലാം കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നു. ജിഎസ്ടി വൻകിട കോർപറേറ്റുകൾക്ക് മാത്രമാണ് ഗുണം ചെയ്യുകയെന്ന ആശങ്ക യാഥാർഥ്യമായിക്കഴിഞ്ഞു.
എല്ലാ വെല്ലുവിളികളിൽനിന്നും സുരക്ഷയൊരുക്കുന്ന കവചമാണ് കേരളത്തിൽ എൽഡിഎഫ്. ഇത് ജനങ്ങൾ സ്വയം കണ്ടെത്തിയ ഉത്തരമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ് അധികാരത്തിൽ തുടരണമെന്നാണ് കേരളീയർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.









0 comments