സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

വടകര: 24ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ഇന്ന് രാവിലെ 10ന് പൊളിറ്റ്‌ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. വടകര നാരായണനഗരത്തിലെ സമ്മേളന നഗരയിൽ ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിൽ നിന്ന് കൊളുത്തി നൽകിയ ദീപശിഖ ജില്ലാ സെക്രട്ടറി പി മോഹനൻ ജ്വലിപ്പിച്ചു. പതാകദിനമായ 21ന് വൈകിട്ട് പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നിരുന്നു.
മൂന്നുദിവസത്തെ സമ്മേളനത്തിൽ തെരഞ്ഞെടുത്ത 439 പേരുൾപ്പെടെ അഞ്ഞൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എ കെ ബാലൻ, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി പി രാമകൃഷ്ണൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു എന്നിവരും പങ്കെടുക്കും.
അര ലക്ഷം പേരുടെ റാലിയോടെ സമ്മേളനം 31ന് വൈകിട്ട് സമാപിക്കും. വൈകിട്ട് നാലിന് 25,000 റെഡ് വളന്റിയർമാർ അണിനിരക്കുന്ന മാർച്ച് ആരംഭിക്കും. സീതാറാം യെച്ചൂരി നഗറിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.









0 comments